ബെംഗളൂരു: ഗര്‍ഭധാരണത്തിനുള്ള ഭാര്യയുടെ അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. മക്കളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നാരോപിച്ച് യുവതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ
നിരീക്ഷണം. കൊലക്കേസ് പ്രതിക്കു പരോള്‍ അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
30ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്. കോലാര്‍ സ്വദേശിനിയായ 31കാരി നല്കിയ പരാതിയിലാണ് ജസ്റ്റിസ് എസ്.ആര്. കൃഷ്ണകുമാര്‍ പ്രതിക്കു പരോള്‍ അനുവദിച്ചത്.
കൊലക്കേസില്‍ പത്തു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായി 2023 ഏപ്രിലിലായിരുന്നു യുവതിയുടെ വിവാഹം.
പതിനഞ്ചു ദിവസം പരോള്‍ ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു വിവാഹം നടത്തിയത്. ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു. എന്നാല്‍ കുട്ടികളുണ്ടാകാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഇക്കാരണത്താല്‍ ഭര്‍ത്താവിനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് യുവതി ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെ അമ്മയ്ക്കു വിവിധ അസുഖങ്ങളുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വാദംകേട്ട കോടതി ജൂലൈ നാല് വരെ പ്രതിക്ക് പരോള്‍ അനുവദിക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: