അത്യുത്തര കേരളത്തിലെ തെയ്യക്കാവുകളില്‍ പ്രമുഖ സ്ഥാനത്താണ് മാങ്ങാട്ടുപറമ്പ് നീലിയാര്‍ കോട്ടം. കോട്ടം എന്നാല്‍ കോട്ട എന്നാണ് അര്‍ത്ഥം. പക്ഷേ ഇവിടെ കോട്ടയുടേതായ ലക്ഷണങ്ങള്‍ ഒന്നുമില്ല. കോട്ടം എന്ന പദത്തിന് ചെറുക്ഷേത്രം എന്ന വിശേഷാര്‍ത്ഥം കൂടിയുണ്ട്. ഇവിടെ അതാണ് കൂടുതല്‍ യോജിക്കുക എന്നു തോന്നുന്നു.
കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മശാലയ്‌ക്ക് അടുത്ത് കണ്ണൂര്‍ സര്‍വകലാശാല കാമ്പസിന് എതിര്‍വശത്തായാണ് നീലിയാര്‍ കോട്ടം സ്ഥിതി ചെയ്യുന്നത്. 20.18 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഹരിതവനം എന്നു നീലിയാര്‍ കോട്ടത്തെ വിശേഷിപ്പിക്കാം. ഇതിനു മധ്യഭാഗത്തായി തെയ്യത്തറയും കലശത്തറയുമുണ്ടണ്ട്. തെയ്യത്തറക്കു വടക്കുമാറിയാണ് കോട്ടത്തമ്മയെ കുടിയിരുത്തിയിരിക്കുന്ന ഭഗവതിത്തറയുള്ളത്.
കോട്ടത്തമ്മ എന്ന പേരിലാണ് ഇവിടെ കുടിയിരിക്കുന്ന അമ്മദൈവം അഥവാ ആദിപരാശക്തി അറിയപ്പെടുന്നത്. പെറ്റമ്മമാരേയും പോറ്റുന്നവളാണ് കോട്ടത്തമ്മ എന്നാണ് വിശ്വാസം.
ഓണ്‍ലൈന്‍ സൈറ്റുകളിലും വിക്കിപീഡിയയിലും നിലിയാര്‍ ഭഗവതിയെക്കുറിച്ച് പ്രചരിക്കുന്ന കഥ മുന്നോക്കക്കാര്‍ ചതിച്ചുകൊന്ന പിന്നാക്ക യുവതിയായ നീലി പ്രതികാരദാഹിയായി മാറുകയും ഒടുവില്‍ ശാന്തയായി മാതൃസ്വരൂപിണി ആയെന്നുമാണ്.
എന്നാല്‍ ഇക്കഥ തികച്ചും തെറ്റാണെന്ന് നീലിയാര്‍ കോട്ടത്തിന്റെ ട്രസ്റ്റിമാരില്‍ പ്രധാനിയായ ആയ പ്രഭാകരന്‍ പറയുന്നു. മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലാക്കിയ കുംഭാര സമുദായത്തില്‍പെട്ട ചെറിയ വീട്ടുകാരുടെ കുടുംബ ട്രസ്റ്റിനാണ് നിലിയാര്‍ കോട്ടത്തിന്റെ ഉടമസ്ഥത.
നീലി എന്ന പേരില്‍ നിന്നും ആധുനിക ബ്ലോഗര്‍മാരും ഓണ്‍ലൈന്‍ ചരിത്രമെഴുത്തുകാരും രചിച്ച തെറ്റായ ചരിത്രം തിരുതത്തേണ്ടതുണ്ടെന്നു പ്രഭാകരന്‍ പറയുന്നു.
മാങ്ങാട്ടുപറമ്പിലേക്ക് കോട്ടത്തമ്മ എത്തുംമുമ്പേ അവിടെ ഒരു നരിമട ഉണ്ടായിരുന്നു. ഈ നരിമടയില്‍ ശ്രീചക്രോപാസകനായ ഒരു യോഗീശ്വരന്‍ വസിച്ചിരുന്നു. ആ യോഗീശ്വരന്റെ തപസ്സിനാല്‍ ഈശ്വരീയാനുഗ്രഹവും ആത്മീയ ശാന്തിയും നിറഞ്ഞ സ്ഥലമായി ആ പ്രദേശം മാറി. അവിടേയ്‌ക്കാണ് പിന്നീട് കോട്ടത്തമ്മ എന്ന പ്രകൃതീശ്വരിയായ അമ്മദൈവം എത്തപ്പെട്ടത്.
പഴശ്ശി പരമ്പരയോളം പഴക്കം
കോട്ടത്തമ്മയെ കുറിച്ചുള്ള ഐതിഹ്യങ്ങള്‍ക്ക് പഴശ്ശി രാജ കുടുംബത്തിന്റെ ആരംഭത്തോളം പഴക്കമുണ്ട്. അക്കാലം സമീപ പ്രദേശമായ മണത്തണയില്‍ കുടികൊണ്ട കാളിക്ക് മനുഷ്യരക്തം ബലി നല്‍കിയായിരുന്നു പ്രഥമ പഴശ്ശി രാജാവിന്റെ കാലം മുതല്‍ പടപ്പുറപ്പാട് നടത്തിയിരുന്നത്. പടയോട്ടങ്ങള്‍ പതിവായ അക്കാലത്ത് നീരായി രുധിരവും ബലിയായി മാംസവും മുടങ്ങാതെ ലഭിച്ച് ആദിപരാശക്തി പോര്‍ക്കലികൊണ്ട ഉഗ്രമൂര്‍ത്തി ആയി മാറി.
എന്നാല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ യുദ്ധങ്ങളില്ലാതായ കാലത്ത് നീരും ബലിയും കിട്ടാതായ കാളി രക്തദാഹിയായി മാറി. മണത്തണക്ക് അടുത്തുള്ള കുണ്ടേല്‍(ശ്രീവൈകുണ്ഠം) മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുണ്ടുകുളത്തിന് അടുത്തായിരുന്നു രുധിരമോഹിയായ കാളിയുടെ വിഹാരം. അതോടെ കുണ്ടുകുളത്തില്‍ കുളിക്കാന്‍ എത്തിയിരുന്ന പലരും ചോരവാര്‍ന്ന് അപമൃത്യുവിന് ഇരയായി. ഉഗ്രമൂര്‍ത്തിയായ കാളിയായിരുന്നത്രേ ഈ ദുര്‍മരണങ്ങള്‍ക്കു പിന്നില്‍.
ഒരിക്കല്‍ കൊട്ടിയൂര്‍ സന്ദര്‍ശനം കഴഞ്ഞു മടങ്ങുന്ന കാളികാട്ട് ഇല്ലത്തെ തന്ത്രിവര്യന്‍ സന്ധ്യാവന്ദനത്തിന് കുണ്ടുകുളത്തിലേക്ക് എത്തി. മനുഷ്യസാന്നിധ്യം കണ്ട കാളി സുന്ദരിയായ സ്ത്രീയുടെ വേഷം ധരിച്ച് കുളത്തിന്റെ മറുകരയില്‍ നിന്ന് അവിടേക്ക് എത്തി. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ കാളി തന്ത്രിക്കു താളി കലക്കിയതു കൊടുത്തു.
തനിക്ക് താളി തന്നത് സാക്ഷാല്‍ ഭദ്രകാളി എന്നു തിരിച്ചറിഞ്ഞ തന്ത്രി ”അമ്മ തരുന്നത് അമൃത്്” എന്നു പറഞ്ഞ് ആ താളി മുഴുവന്‍ അകത്താക്കി. അമ്മയെന്നു വിളിച്ച് താന്‍ നല്‍കിയ താളി കുടിച്ച കാളികാട്ടു തന്ത്രിയില്‍ സംപ്രീതയായ കാളി ക്ഷണത്തില്‍ ശാന്തയായി മാതൃഭാവത്തിലേക്കു രൂപാന്തരപ്പെട്ടു. താന്‍ തന്ത്രിക്ക് ഒപ്പം പോരുകയാണെന്നും പോവുംവഴി നരിയും പശുവും ഒരുമിച്ചു കിടക്കുന്ന സ്ഥലത്ത് തന്നെ കുടിയിരുത്തണമെന്നും തന്ത്രിയോട് ഭഗവതി ആവശ്യപ്പെട്ടു.
തന്ത്രി നടന്നു തുടങ്ങിയപ്പോള്‍ മുന്നില്‍ ഒരു തൃശൂലം തുള്ളിക്കളിക്കുന്നത് കാണാനായി. ശൂലത്തില്‍ ഭഗവതി സാന്നിധ്യം കണ്ട തന്ത്രി തൃശൂലം കൈക്കൊണ്ടു നടന്നു. അങ്ങനെ ഇപ്പോഴത്തെ കണ്ണൂര്‍ സര്‍വകലാശലയുടെ പ്രവേശനകവാടത്തിന് എതിര്‍വശം മാങ്ങാട്ടുപറമ്പെത്തിയപ്പോള്‍ അദ്ദേഹത്തിന് കലശലായ മൂത്രശങ്ക തോന്നി. ശൂലം അവിടെ വച്ച് മൂത്ര ശങ്കതീര്‍ത്തു ശരീരശുദ്ധി വരുത്തി തിരിച്ചെത്തിയ തന്ത്രി ശൂലം എടുക്കാന്‍ നോക്കിയെങ്കിലും അത് ഭൂമിയില്‍ ഉറച്ചിരിക്കുന്നതായി കണ്ടു. അപ്പോഴാണ് അദ്ദേഹം ഭഗവതിയുടെ അരുളപ്പാട് ഓര്‍ത്തത്. ഉടന്‍ തന്നെ തന്ത്രി പരിസരമെല്ലാം പരിശോധിച്ചു. അവിടെ യോഗീശ്വരന്‍ തപസ്സനുഷ്ഠിച്ചിരുന്ന നരിമടയിലെ പാറക്കു താഴെ പ്രസവിച്ച പശുവും കിടാവും നരിയും ഒരുമിച്ചു കിടക്കുന്നതു കണ്ടു. അതോടെ ദേവി അവിടെത്തന്നെ പ്രതിഷ്ഠിച്ചു തൃശൂല രൂപത്തിലാണ് പ്രതിഷ്ഠ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: