ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യം ഭാരതമാണ്. 2024 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 142 കോടി ജനങ്ങളാണുള്ളത്. ഇപ്പോള്‍ പാര്‍ളമെന്റിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്ണവുമാണെന്ന് ലോകം അംഗീകരിച്ചു. അതാണ് ഭാരതത്തിന്റെ മഹത്വം. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച ബിജെപി മുന്നണിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. 1962നു ശേഷം മൂന്നാമത് തുടര്‍ച്ചയായി മുന്നണിയും സര്‍ക്കാരും ജയിക്കുന്നത് ചരിത്ര സംഭവമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുമെന്നും ജനങ്ങളുടെ ജീവിതനിലവാരമുയര്‍ത്താന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ വികസനപ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും കൂടുതല്‍ നടത്തും. അഴിമതിക്കെതിരെ നടപടികള്‍ സ്വീകരിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജനം പൂര്‍ണമായും നടപ്പാക്കും. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മുഴക്കം പ്രതിഫലിച്ചു.
ഭാരതത്തിന്റെ ഒന്നാമത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു 1951ല്‍ നിലവില്‍ വന്ന ഭരണഘടനാ പ്രകാരം 1952, 1957, 1962 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഭരണം നടത്തിയത് 1952 മുതല്‍ 1962 വരെയുള്ള 11 വര്‍ഷമാണ്. 1964ല്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണാനന്തരം ഒന്നാമത്തെ പ്രധാനമന്ത്രി നെഹ്റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധി 1975 ജൂണ്‍ 25 വരെ 11 വര്‍ഷക്കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യം ഭരിച്ചു. എന്നാല്‍ 1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയില്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് 1977 മാര്‍ച്ച് 21 വരെ അധികാര ദുര്‍വിനിയോഗം നടത്തി. ഭരണഘടന അട്ടിമറിച്ചത് കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണെന്ന് ചരിത്രം രേഖപ്പെടുത്തി. ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് നടത്തിയ തെറ്റായ പ്രചാരണം നരേന്ദ്രമോദി മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നാല്‍ ഭരണഘടന അട്ടിമറിക്കുമെന്നാണ്. ഇത്തരം കുപ്രചരണങ്ങളും അസത്യപ്രചരണങ്ങളും ചിലകോണുകളിലെങ്കിലും ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിക്ക് 293 സീറ്റുകള്‍ ലഭിച്ചു. ലോകസഭയില്‍ ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം 272 സീറ്റുകളാണ്. എന്‍ഡിഎ മുന്നണിയെ കൂടാതെ 16 എംപിമാര്‍ അടങ്ങുന്ന സ്വതന്ത്ര ബ്ലോക്കില്‍ നിന്നും കുറച്ച് എംപിമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇപ്പോള്‍ എന്‍ഡിഎ മുന്നണിയുടെ ഭൂരിപക്ഷം 300 കവിഞ്ഞതായി വാര്‍ത്തകള്‍ വന്നു. വ്യക്തമായ പ്രകടനപത്രിക പുറത്തിറക്കികൊണ്ടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ആ പ്രകടന പത്രിക അംഗീകരിച്ചുകൊണ്ടുതന്നെയാണ് ജനങ്ങള്‍ വോട്ടുനല്‍കി എന്‍ഡിഎ മുന്നണിയെ അധികാരത്തിലെത്തിച്ചത്. പ്രകടന പത്രികയില്‍ പറഞ്ഞ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും നിയമനിര്‍മ്മാണങ്ങളും നടത്താന്‍ പുതിയ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ട്. എല്ലാവര്ക്കും തുല്യമായ അവസരങ്ങള്‍ നല്കുന്ന പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് മതന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ട. അവര്‍ക്ക് ഭരണഘടന അനുശാസിക്കുന്ന സംരക്ഷണം തുടര്‍ന്നും ലഭിക്കും.
മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്കാന് ഭരണഘടന അനുവദിക്കുന്നില്ല. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കുമാണ് 49% സംവരണം ലഭിക്കുന്നത്. 2014നു ശേഷം മോദിസര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് (ഇഡബ്ല്യൂഎസ്) 10% സംവരണം ലഭിക്കുന്നു. മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഇതുസംബന്ധിച്ച ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ചിട്ടുള്ളതാണ്. എന്‍ഡിഎ മുന്നണിയുടെ പ്രകടന പത്രിക ഊന്നല്‍ നല്‍കിയത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുന്ന സമ്പദ്ഘടന ഭാരതത്തിന്റേതാണ്. 2023-24 ല്‍ ഏറ്റവും ഉയര്‍ന്ന 8.2% വളര്‍ച്ച നിരക്കു നേടി. തെരഞ്ഞെടുപ്പിനുമുമ്പ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച ഇടക്കാല ബജറ്റ് 48 ലക്ഷം കോടിയുടേതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനവും നികുതിയേതര വരുമാനവും ഗണ്യമായി വര്‍ധിച്ചതിനാല്‍ പുതിയ സമ്പൂര്‍ണ ബജറ്റ് അടങ്കല്‍ 52 ലക്ഷം കോടിയില്‍ അധികരിക്കും. ആയതിനാല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജനവും മറ്റ് ക്ഷേമ പദ്ധതികളും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയും. 3 കോടി വീട് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
കൃഷിക്കാരുടെ വരുമാന വര്ദ്ധനക്കുവേണ്ടിയും ക്ഷേമത്തിനുവേണ്ടിയും ഇപ്പോള്‍ നടത്തി വരുന്ന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കും. നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കൃഷിക്കാരുടെ വരുമാന വര്‍ദ്ധന ഉറപ്പാക്കും. കൃഷിക്കാരുടെ ക്ഷേമത്തിനും വരുമാന വര്‍ദ്ധനയ്ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 3 അടിസ്ഥാന കാര്‍ഷിക നിയമങ്ങള്‍ കൃഷിക്കാര്‍ നടത്തിയ തെറ്റായ സമരങ്ങള്‍ മൂലം പിന്‍വലിക്കേണ്ടി വന്നു. ഈ നിയമങ്ങള്‍ നടപ്പാക്കാത്തതു മൂലം കൃഷിക്കാര്‍ക്ക് കഷ്ടനഷ്ടങ്ങളുണ്ടായി. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികള്‍ ഈ നിയമങ്ങളെ സംബന്ധിച്ച് കൃഷിക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് അനാവശ്യ സമരങ്ങളും അക്രമ സമരങ്ങളും അരങ്ങേറിയത്. 1955ലെ അവശ്യ വസ്തു നിയമം ഭേദഗതി ചെയ്യുന്നതായിരുന്നു പാര്‍ളമെന്റ് പാസ്സാക്കിയ ഒന്നാമത്തെ നിയമം. രണ്ടാമത്തേത് കൃഷിയെ ആധുനികവല്‍ക്കരിക്കുന്നതിനും വിളസംരക്ഷിക്കുന്നതിനും ഉല്‍പ്പാദന വര്‍ധനയ്ക്കും വേണ്ടിയുള്ളതായിരുന്നു. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുപ്രോത്സാഹനം നല്‍കുന്നതും മൂല്യാധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ ലോകമെമ്പാടും വിറ്റഴിക്കുന്നതിനും വേണ്ടിയുള്ളതായിരുന്നു മൂന്നാമത്തെ നിയമം. ഈ നിയമങ്ങള്‍ പിന്‍വലിച്ചപ്പോള്‍ ഇതുസംബന്ധിച്ച് പഠനം നടത്താന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയമിച്ചു. ഈ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നിയമ നിര്‍മ്മാണം നടത്താന്‍ പുതിയ കേന്ദ്ര സര്‍ക്കാരിന് കഴിയും.
യുവാക്കളുടെ തൊഴിലില്ലായ്മയാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയുന്നയിച്ച പ്രധാന ആരോപണം. 2020 മാര്‍ച്ച് 22ന് ലോകമെമ്പാടും ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മുതല്‍ കൊറോണ മഹാമാരിക്കെതിരായി 6 മാസക്കാലം ഭാരതത്തിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നു. തന്മൂലം 4 കോടി അഥിതി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ആരോപണമുയര്‍ന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 34 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികളിലൂടെ കൊറോണ രോഗം മൂലം ദുരിതമനുഭവിച്ച ജനങ്ങളെ പുനരധിവസിപ്പിച്ചു. മോദിസര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലത്തെ ഭരണത്തി വിവിധ മേഖലകളിലായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. പിഎഫില്‍ അംഗത്വമെടുക്കുന്നവരുടെ കണക്ക് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.
തൊഴിലില്ലായ്മയുടെ മറ്റൊരു കാരണം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ 2002ലെ സര്‍ഫാസി നിയമത്തിന്റെ ദുരുപയോഗം മൂലം അടഞ്ഞു പോകുന്നതാണ്. ഇപ്പോള്‍ രാജ്യത്തെ പത്രങ്ങളിലെ പ്രധാന പരസ്യം സര്‍ഫാസി 2002 പ്രകാരമുള്ള കൈവശപ്പെടുത്തലും ലേല വില്പനയുമാണ്. 2004 മുതല്‍ ഈ നിയമം മൂലം 40 ലക്ഷം ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ അടച്ചു പൂട്ടി പൊളിച്ചു വിറ്റതായി അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ 1985 ലെ രോഗബാധിത വ്യവസായങ്ങളെ പുനരധിവസിപ്പിക്കാനുള്ള നിയമം വീണ്ടും നടപ്പിലാക്കി 2002 ലെ സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ചെറുകിട ഇടത്തരം വ്യവസായങ്ങളെയും സംരംഭകരേയും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികളാണ് മോദിസര്‍ക്കാര്‍ നടപ്പിലാക്കിയത്. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ഇത്തരം വ്യവസായങ്ങളെ നിലനിര്‍ത്തി. യുവാക്കള്‍ക്ക് തൊഴിലും സൈനിക പരിശീലനവും നല്കാന് മോദി സര്‍ക്കാര്‍ നടപ്പാക്കിയ അഗ്നിവീര്‍ പദ്ധതി പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 4 വര്‍ഷത്തെ സൈനിക പരിശീലന കാലാവധി വേണമെങ്കില്‍ ഉയര്‍ത്താവുന്നതുമാണ്.
യുവാക്കളുടെ വോട്ടുകള്‍ വ്യാപകമായി ലഭിച്ചത് എന്‍ഡിഎ മുന്നണിക്കാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഭാരതത്തിലെ ജനങ്ങളുടെ സമഗ്രവും സുസ്ഥിരവും സുതാര്യവുമായ വികസനത്തിനായി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷമായി ആവിഷ്കരിച്ച് നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളുടെ ജീവിത രീതിയില്‍ അഭിവൃദ്ധിയുടെയും പുരോഗതിയുടെയും മാനങ്ങള്‍ നല്കി. ദാരിദ്ര്യ നിര്‍മ്മാര്‍ജനം സാധ്യമാക്കി. അതിദാരിദ്ര്യം 3% ആയി കുറഞ്ഞു. അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു. ആ നടപടികളെ ജനങ്ങള്‍ ശരിവച്ചതുകൊണ്ടാണ് ദല്‍ഹിയില്‍ കെജ്രിവാളിന് ഒരു സീറ്റും ലഭിക്കാതിരുന്നത്. അവിടെ 7 സീറ്റുകളും ബിജെപിക്കാണ് ലഭിച്ചത്. തീവ്രവാദത്തിനെതിരെ സ്വീകരിച്ച നടപടികള്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ അംഗീകരിച്ചതിനാല്‍ അവിടെ രണ്ട് സീറ്റുകള്‍ ലഭിച്ചു. മതമൈത്രി, മതസൗഹാര്‍ദം എന്നീഭരണഘടനാ മൂല്യങ്ങള്‍ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ലോകസമസ്ത സുഖിനോ ഭവന്തു എന്നുള്ളതാണ് ഭാരതത്തിന്റെ മന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: