വാഷിങ്ടണ്‍: നീണ്ടുകൂര്‍ത്ത ചുണ്ടുകള്‍കൊണ്ട് തേന്‍ നുകര്‍ന്ന്, ഒരു പൂവില്‍ നിന്ന് മറ്റൊന്നിലേക്ക് ഞൊടിയിടയില്‍ പാറിക്കളിക്കുന്ന അടയ്ക്കാ കുരുവികള്‍… കാഴ്ചയില്‍ കുഞ്ഞരെങ്കിലും അത്ര നിസാരക്കാരല്ല എന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. തേന്‍ കിനിയുന്ന പൂക്കളുടെ സാന്നിധ്യമറിയുന്നതുപോലും ഇവയ്ക്ക് സിദ്ധിച്ച അസാധാരണ സ്പര്‍ശന ശേഷിയിലൂടെ.
വായുവിലുണ്ടാകുന്ന ചെറിയ മര്‍ദ വ്യത്യാസങ്ങള്‍ പോലും പുതുതലമുറയ്ക്ക് ഹമ്മിങ്ബേര്‍ഡ് എന്ന പേരില്‍ പരിചിതമായ ഈ കുഞ്ഞന്‍ കുരുവികള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കറന്റ് ബയോളജി എന്ന ദൈ്വവാര ശാസ്ത്ര ജേര്‍ണലിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അടയ്ക്കാ കുരുവികളില്‍ നടത്തിയ പഠനം അവ എങ്ങനെ പൂക്കള്‍ക്കു ചുറ്റും ചുറ്റിത്തിരിയുന്നുവെന്നത് കൂടാതെ മൃഗ പരിപാലനത്തെയും ഭാവിയില്‍ മനുഷ്യര്‍ക്കായുള്ള സ്പര്‍ശന സാങ്കേതിക വിദ്യക്കും സഹായമാകുമെന്നും ജേണലില്‍ പറയുന്നു.
അടയ്ക്കാ കുരുവികളുടെ കാഴ്ചയെക്കുറിച്ച് നേരത്തെ തന്നെ വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവയുടെ സ്പര്‍ശന ശേഷിയെപ്പറ്റിയുള്ള പഠനം ഇതാദ്യമാണ്. അടയ്ക്കാ കുരുവികളുടെ പറക്കലില്‍ പോലും അവയുടെ സ്പര്‍ശന ശേഷി വളരെയധികം പ്രധാനപ്പെട്ടതാണെന്ന്, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഡകാന്‍ ലെയ്ച് പറഞ്ഞു. മുറിവേറ്റ പക്ഷിയെ പിടിക്കുമ്പോള്‍ നമ്മളുടെ സ്പര്‍ശനം അവരെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നറിയാന് നമുക്കാവില്ല. എന്നാല്‍, ചെറിയ രീതിയിലുള്ള സ്പര്ശനത്തോടുപോലും അടയ്ക്കാ കുരുവികള്‍ പ്രതികരിക്കുന്നതായി പഠനത്തിലൂടെ കണ്ടെത്താനായതായി ജീവശാസ്ത്ര ഗവേഷക വിദ്യാര്‍ത്ഥി പെ-ഹ്സുവാന്‍ പറഞ്ഞു.
നാല് അടയ്ക്കാ കുരുവികളെയാണ് പഠനത്തിനുപയോഗിച്ചത്. ഇവയുടെ നേര്‍ക്ക് വായു കടത്തിവിട്ടു, ചിറകുകള് കോട്ടന്‍ തുണികള്‍ കൊണ്ട് മൃദുവായി തടവി ഇങ്ങനെ വിവിധ പരീക്ഷണങ്ങള്‍ നടത്തി. ഇവയോടെല്ലാം അടയ്ക്കാ കുരുവികള്‍ പല രീതിയില്‍ പ്രതികരിച്ചു. ഈ സാഹചര്യങ്ങളില്‍ ന്യൂറോണുകളുടെ ഉദ്ദീപനത്താല്‍ ഇവയുടെ തലച്ചോറ് ഒരു ഓറഞ്ച് പോലെയാകുന്നുവെന്നും പഠനം വിശദീകരിക്കുന്നു. കാലക്രമേണ മസ്തിഷ്കാഘാതം സംഭവിച്ച ഒരാളുടെ തലച്ചോറിന്റെ ടച്ച് സര്‍ക്യൂട്ടുകള്‍ കണ്ടെത്താനുള്ള സാങ്കേതിക വിദ്യയിലേക്ക് ഈ പഠനം നയിച്ചേക്കാമെന്ന് ലെയ്ച് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: