ന്യൂദല്‍ഹി: കേരള രാഷ്ട്രീയം മാറുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരള രാഷ്ട്രീയത്തിന്റെ ദിശാമാറ്റത്തിനുള്ള വ്യക്തമായ സൂചന നല്‍കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. കേവലമായ വോട്ട് വര്‍ധന മാത്രമല്ല ആശയപരമായ ഒരു മാറ്റവും കൂടിയാണിതെന്നും അദ്ദേഹം ദല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സംവിധാന്‍ സദനില്‍ നടന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ബിജെപിക്കും എന്‍ഡിഎക്കും വളരെ ആധികാരിക ജയമാണ് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ഉജ്ജ്വല ഭൂരിപക്ഷത്തോടെയുള്ള വിജയത്തോടൊപ്പം പാര്‍ട്ടിയുടെ വോട്ട് 20 ശതമാനമായി ഉയര്‍ന്നു. എല്‍ഡിഎഫിനും യുഡിഎഫിനും മാത്രമായി കേരള രാഷ്ട്രീയത്തെ കൊണ്ടുപോകാന്‍ ഇനി സാധിക്കില്ല. ജനങ്ങള്‍ മൂന്നാമതൊരു ബദലായി എന്‍ഡിഎയെ സ്വീകരിച്ചു. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കും എന്‍ഡിഎക്കും ശക്തമായി വോട്ട് വര്‍ധിച്ചു. കേവലമായ വോട്ട് മാറ്റം മാത്രമല്ല ആശയപരമായ ഒരു മാറ്റം കൂടിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുന്നപ്ര വയലാറില്‍ ഉള്‍പ്പെടെ രക്തസാക്ഷികളുടെ ബലികുടീരങ്ങളുള്ള സ്ഥലങ്ങളിലെല്ലാം ബിജെപി ഒന്നാമതെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടി ജന്മം കൊണ്ട പിണറായിയിലെ പാറപ്പുറത്ത് ബിജെപിയുടെ വോട്ട് ഇരട്ടിയായി. ആലപ്പുഴയിലെയും ആറ്റിങ്ങലിലെയും കണ്ണൂരിലെയും പാര്‍ട്ടിഗ്രാമങ്ങളില്‍ എല്ലാം ബിജെപി ഒന്നാമതെത്തി. മറ്റാര്‍ക്കും പ്രവേശിക്കാന്‍ പറ്റാത്ത തരത്തിലുള്ള കമ്യൂണിസ്റ്റ് ഗ്രാമങ്ങളുള്ള സ്ഥലങ്ങളാണിവ.
ഇവിടങ്ങളില്‍ മാത്രമല്ല, മുഴുവന്‍ കേരളത്തിലും ഇത് പ്രകടമാണ്. ആശയപരമായി കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്ന് തരിപ്പണമാവുകയാണ്. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ച് ബിജെപിക്കെതിരെ നടത്തുന്ന പ്രചാരണം ഫലത്തില്‍ അവരെ തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുന്നു.
മുഹമ്മദ് റിയാസിനെയും ഷംസീറിനെയും റഹീമിനെയുമെല്ലാം മുന്നില്‍ നിര്‍ത്തിയുള്ള സിപിഎമ്മിന്റെ പുതിയ പരീക്ഷണത്തിനുള്ള വലിയ തിരിച്ചടിയാണ് ലഭിക്കുന്നത്. സിപിഎം മുസ്ലിം പാര്‍ട്ടിയായി മാറാനുള്ള ശ്രമമാണ് കുറച്ചുകാലമായി നടത്തുന്നത്. വര്‍ഗീയതയും അഴിമതിയും സിപിഎമ്മിന്റെ മുഖമായി മാറുകയാണ്. പിണറായി വിജയന്റെയും സംഘത്തിന്റെയും അഴിമതിക്കും വര്‍ഗീയ പ്രീണനത്തിനുമെതിരായ നിരന്തര പ്രചരണം ബിജെപി തുടരും. ഇതിനുവേണ്ടി എല്ലാ ഗ്രാമങ്ങളിലും വീടുകളിലും പ്രവര്‍ത്തകര്‍ എത്തും. പ്രധാനമന്ത്രി തന്നെ കേരളത്തിലെ വിജയത്തെപ്പറ്റി പറഞ്ഞത് വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാര്‍ ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിസ്ഥാനം തന്നിട്ടുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞതവണ എല്ലാവരും തോറ്റപ്പോഴും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. വിജയിച്ചു വരുമ്പോള്‍ തീര്‍ച്ചയായും അതു പ്രതീക്ഷിക്കും. ബാക്കിയെല്ലാം പ്രധാനമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: