ന്യൂദല്‍ഹി: ജൂണ്‍ നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ താന്‍ ജോലിത്തിരക്കിലായിരുന്നുവെന്നും ഫലമറിഞ്ഞപ്പോള്‍ ആദ്യം അന്വേഷിച്ചത് വോട്ടിങ് യന്ത്രങ്ങള്‍ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നായിരുന്നുവെന്നും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് സംവിധാനത്തെ കുറ്റം പറയാന്‍ പ്രതിപക്ഷം തയാറായി ഇരിക്കുകയായിരുന്നു. ഭാരതത്തിന്റെ നിഷ്പക്ഷതയുടെ ശക്തിയാണ് തെരഞ്ഞെടുപ്പ് ഫലം കാണിച്ചത്. അതോടെ അവര്‍ നിശബ്ദരായി, മോദി പറഞ്ഞു.
എന്‍ഡിഎയുടെ പത്തുവര്‍ഷത്തിന് ശേഷവും ലോക്സഭയില്‍ നൂറിന് മുകളിലേക്കെത്താന്‍ കോണ്‍ഗ്രസിനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2014, 2019, 2024 തെരഞ്ഞെടുപ്പുകളിലും കൂടി കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ അധികം സീറ്റുകളാണ് ബിജെപിക്ക് ഇത്തവണ ലഭിച്ചത്. തെരഞ്ഞെടുപ്പില്‍ ഏതളവുകോലില്‍ നോക്കിയാലും എന്‍ഡിഎക്ക് ലഭിച്ചത് മഹാവിജയമാണ്. എന്നാല്‍ ആദ്യ രണ്ടു ദിവസം എന്‍ഡിഎ പരാജയപ്പെട്ടു പോയെന്ന പ്രതീതി ഉണ്ടാക്കാനാണവര്‍ ശ്രമിച്ചത്. രാജ്യത്തെ ഏറ്റവും വിജയിച്ച സഖ്യസര്‍ക്കാരാണിത്. വിജയത്തെ പരാജയത്തിന്റെ ഛായയിലേക്ക് മാറ്റാനാണ് അവരുടെ ശ്രമം. ബ്രേക്കിങ് ന്യൂസുകളിലൂടെ പലതരം വാര്‍ത്തകളും വരും. അവയൊന്നും വിശ്വസിക്കേണ്ടതില്ല. വിജയത്തില്‍ ഉന്മാദം ഇല്ല. പരാജയപ്പെട്ടവരെ പരിഹസിക്കുന്നതും നമ്മുടെ സംസ്‌കാരമല്ല. ഇന്നലെയും എന്‍ഡിഎ ആയിരുന്നു രാജ്യത്ത് അധികാരത്തിലുണ്ടായിരുന്നത്. ഇന്നും എന്‍ഡിഎ, നാളെയും എന്‍ഡിഎ തന്നെയാണ്. അപ്പോള്‍ പരാജയപ്പെട്ടത് ആരാണ് മോദി ചോദിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സുപ്രീംകോടതിയുടെ വാതിലില്‍ ഒരേ സംഘം നിരന്തരം ഹര്‍ജികളുമായെത്തി. തെര. കമ്മിഷന്റെ വലിയൊരു ശ്രദ്ധ കോടതിയിലേക്ക് പോകേണ്ടിവന്നു. ഇവിഎമ്മിനെ കുറ്റംപറയുന്നത് പഴയ തലമുറയുടെ ചിന്താഗതിയാണ്. ആധാറിനെതിരെയും പലവട്ടമാണ് ഇവര്‍ കോടതിയിലെത്തിയത്. സാങ്കേതികവിദ്യകളുടെ വിരോധികളാണവര്‍. രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്ന് പ്രചരിപ്പിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അവിശ്വാസം ജനിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ലോകത്തിന്റെയാകെ ശ്രദ്ധ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ലഭിച്ചു.
ദക്ഷിണ ഭാരതത്തില്‍ എന്‍ഡിഎ പുതിയ രാഷ്‌ട്രീയ കുതിപ്പിന് തുടക്കമിട്ടതായും നരേന്ദ്ര മോദി പറഞ്ഞു. കര്‍ണാടകയിലും തെലങ്കാനയിലുമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ അതിവേഗത്തിലാണ് ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായത്. ഈ രണ്ടു സംസ്ഥാനങ്ങളിലും ജനങ്ങള്‍ എന്‍ഡിഎക്കൊപ്പമെത്തി. തമിഴ്നാട്ടില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. സീറ്റുകള്‍ ജയിച്ചില്ലെങ്കിലും എന്‍ഡിഎയുടെ വോട്ട് വിഹിതം വര്‍ധിച്ചത് വന്‍തോതിലാണ്. ഇതു നാളെയുടെ സൂചനയാണ്. നൂറുകണക്കിന് കാര്യകര്‍ത്താക്കള്‍ ബലിദാനികളായ മണ്ണാണ് കേരളം. വലിയ പ്രത്യയശാസ്ത്ര എതിര്‍പ്പ് നേരിട്ട് തലമുറകളുടെ പോരാട്ടമാണ് കേരളം നടത്തിയത്. ഒടുവില്‍ ഇതാദ്യമായി കേരളത്തില്‍ നിന്ന് സഭയില്‍ നമ്മുടെ പ്രതിനിധി വന്നിരിക്കുന്നു. അരുണാചലില്‍ എന്‍ഡിഎ സര്‍ക്കാര്‍, സിക്കിമിലും എന്‍ഡിഎ സര്‍ക്കാര്‍ തൂത്തുവാരി. ആന്ധ്രയില്‍ ചരിത്രത്തിലെ വലിയ നേട്ടം. ദരിദ്രരുടെ ദൈവമായ ജഗന്നാഥന്റെ മണ്ണില്‍ വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചത്. വികസിത ഭാരതം എന്ന സ്വപ്നത്തില്‍ ഒഡീഷ രാഷ്‌ട്ര വികസനത്തിന്റെ എഞ്ചിനായി മാറും, നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തില്‍ എല്ലാവരേയും ബഹുമാനിക്കണം എന്നതാണ് എന്റെ രീതി. വിജയിച്ചെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ക്കും അഭിനന്ദനം നല്കുന്നു. പത്തുവര്‍ഷത്തില്‍ സഭയില്‍ കാണാതായത് ചര്‍ച്ചയാണ്. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്‌ട്രത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷമെന്ന വ്യത്യാസമൊന്നുമില്ല. രാഷ്‌ട്രമെന്നത് 140 കോടി ജനങ്ങളും ചേര്‍ന്നതാണ്. ഇന്‍ഡി സഖ്യം വിവിധ രാജ്യങ്ങളില്‍ പരസ്പരം പോരാടുന്നവരാണ്. അവര്‍ സ്വന്തം നേട്ടങ്ങള്‍ക്കായി യോജിച്ചു നില്‍ക്കുന്നവര്‍ മാത്രമാണ്. വ്യാജ വാഗ്ദാനങ്ങള്‍ നല്കി ജനങ്ങളെ പറ്റിച്ചു. കോണ്‍ഗ്രസ് ഓഫീസുകളില്‍ ജനങ്ങള്‍ ഇതാവശ്യപ്പെട്ട് തടിച്ചുകൂടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: