സൂപ്പര്‍ ഓവറില്‍ പാകിസ്ഥാനും വിജയത്തിനുമിടയില്‍ നെഞ്ചുവിരിച്ചുനിന്ന മുംബൈക്കാരന് സൗരഭിന്റെ കഥയ്ക്ക് ഒരു ത്രില്ലര്‍ പരിവേഷമുണ്ട്. പതിനാല് കൊല്ലം മുമ്പ് ബാബര്‍ അസമിന്റെ പാകിസ്ഥാനെ വിറപ്പിച്ച ഭാരത പേസര്‍ അമേരിക്കയുടെ നെടുംതൂണായി വളര്‍ന്ന കഥയാണത്. 2010ലെ അണ്ടര്‍ 19 ലോകകപ്പിന്റെ ക്വാര്‍ട്ടറിലാണ് സൗരഭ് അടങ്ങുന്ന ഭാരത ടീം പാകിസ്ഥാനോട് നേര്‍ക്കുനേര്‍ പോരാടിയത്.
കോരിച്ചൊരിയുന്ന മഴ കളി തടസപ്പെടുത്തിയപ്പോള്‍ മത്സരം അന്ന് 23 ഓവറായി വെട്ടിച്ചുരുക്കി. ആദ്യം ബാറ്റ് ചെയ്ത ഭാരതം അന്ന് ഉയര്‍ത്തിയത് 115 റണ്‍സിന്റെ വിജയലക്ഷ്യം. കുട്ടിക്രിക്കറ്റിന്റെ കാലത്ത് അനായാസം മറികടക്കാവുന്ന ലക്ഷ്യമെന്നോര്ത്ത് ഇറങ്ങിയ ബാബറെയും കൂട്ടരെയും സൗരഭ് വിറപ്പിച്ചു. അഞ്ച് ഓവര്‍ എറിഞ്ഞ സൗരഭ് അന്ന് വിട്ടുനല്‍കിയത് വെറും 16 റണ്‍സ്. ഒരു വിക്കറ്റും സ്വന്തമാക്കി. മത്സരം പാകിസ്ഥാന് ജയിച്ചെങ്കിലും സൗരഭ് ഭാരതത്തിന്റെ ഭാവിയുടെ താരമെന്ന് കളിയെഴുത്തുകാര്‍ വാഴ്ത്തി. ക്രിക്കറ്റ് സ്വപ്നമാക്കിയ സൗരഭിന് പക്ഷേ പ്രതിഭകളുടെ പെരുമഴക്കാലത്ത് അവസരങ്ങള്‍ ഇല്ലാതായി. ഐപിഎല്ലും പരമ്പരകളുമൊക്കെയായി ഓരോ ക്രിക്കറ്റ് മഴയത്തും പുതിയ പുതിയ പ്രതിഭകള്‍ കടന്നുവരുന്ന ഭാരതത്തിന്റെ താരഭൂപടത്തില് സൗരഭ് നേത്രാവല്‍ക്കറെന്ന ഇടംകൈയന്‍ പേസറുടെ പേര് മാഞ്ഞുപോയി.
അമേരിക്കയിലെ ഒറാക്കിളില്‍ എന്‍ജിനീയറായി ജോലി തേടിപ്പോയ സൗരഭ് പക്ഷേ കളി കളഞ്ഞില്ല. അവിടെ അവന് സ്വന്തമായ ഇടം നേടിയെടുത്തു. ക്രിക്കറ്റില്‍ പുതുമക്കാരായ അമേരിക്ക ഇങ്ങനെ ഒരാള്‍ക്ക് വേണ്ടിയാണ് കാത്തിരുന്നത്. പതിനാല് കൊല്ലത്തിന് ശേഷം നേത്രാവല്‍ക്കര്‍ അവിശ്വസനീയമായി മടങ്ങിവന്നിരിക്കുന്നു. അമേരിക്കന്‍ പ്രതീക്ഷകള്‍ക്ക് ആവേശം പകര്‍ന്ന് ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് വീണ്ടും സൗരഭിന്റെ തിരിച്ചുവരവ്. പാകിസ്ഥാനെതിരെ സൂപ്പര്‍ ഓവറില്‍ സൂപ്പര്‍മാനായി, അമേരിക്കയുടെ വിജയതാരമായി നേത്രാവല്‍ക്കര്‍ മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: