കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ (കുസാറ്റ്) സ്വീപ്പര്‍ കം ക്ലീനര്‍ തസ്തികയിലേക്കുള്ള നിയമന പ്രക്രീയയില്‍ അപാകതയുണ്ടെന്ന പരാതിയില്‍ മൂന്നു മാസത്തിനകം പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. നിയമനങ്ങള്‍ ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി ബിന്ദുലാലും മറ്റ് 20 പേരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് കെ. ബാബു നിര്‍ദേശം നല്‍കിയത്.
തസ്തികയിലേക്കുള്ള വിജ്ഞാപനം 2008ല്‍ പ്രസിദ്ധീകരിക്കുകയും 2010ല്‍ എഴുത്തുപരീക്ഷ നടത്തുകയും ചെയ്തു. അന്തിമ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ 97 പേരെ നിയമിച്ചു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മാസം തികയുംമുമ്പ് തന്നെ എംപ്ലോയീസ് അസോസിയേഷന്റെ ചില ഭാരവാഹികളും ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളും തമ്മിലുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകള്‍ ചോര്‍ന്നതായി ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വിജിലന്‍സ് വകുപ്പിന് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 എ പ്രകാരം കോംപിറ്റന്റ് അതോറിറ്റിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി ലഭിക്കാത്തതിനാല്‍ പരാതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ ഹര്‍ജിയെ എതിര്‍ത്തു. എന്നാല്‍ ഒരു പൊതുപ്രവര്ത്തകന് അവരുടെ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ എടുത്ത ഏതെങ്കിലും ശിപാര്ശയുമായോ തീരുമാനവുമായോ ആരോപിക്കപ്പെടുന്ന കുറ്റം ബന്ധപ്പെട്ടിരിക്കുമ്പോള്‍ മാത്രമേ മുന്‍കൂര്‍ അനുമതി പ്രാബല്യത്തില്‍ വരികയുള്ളൂവെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: