ന്യൂഡല്‍ഹി : 18-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ടെലിഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ആശംസകള്‍ക്ക് മോദി നന്ദി അറിയിച്ചു. 2023-ലെ ഓസ്ട്രേലിയന്‍ സന്ദര്‍ശനവും കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ അല്‍ബനീസുമായി നടത്തിയ കൂടിക്കാഴ്ചയും മോദി അനുസ്മരിച്ചു. ഇന്തോ-പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും പങ്കിടുന്ന മുന്‍ഗണനകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് മിസ് ഉര്‍സുല വോണ്‍ ഡെര്‍ ലെന് നരേന്ദ്രമോദിയുമായി ടെലിഫോണില്‍ സംസാരിച്ചു. പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചരിത്രപരമായ മൂന്നാം ടേമിന് ആശംസകള്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെയും ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെയും അവര്‍ അഭിനന്ദിച്ചു.
ഈ വര്‍ഷം ആഘോഷിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഇരുപതാം വാര്‍ഷികം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആഗോള നന്മയ്ക്കുവേണ്ടിയുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധത അറിയിച്ചു.
പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് തായ്ലന്ഡ് പ്രധാനമന്ത്രി ശ്രെത്ത തവിസിന് നരേന്ദ്ര മോദിയെ അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, സംസ്കാരം, ജനങ്ങളുടെ പരസ്പര ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ബഹുമുഖവും ദൃഢവുമായ ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു.
ഭൂട്ടാന് പ്രധാനമന്ത്രി ദഷോ ഷെറിങ് ടോബ്ഗേ നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദിച്ചു. ഭൂട്ടാനുമായുള്ള മാതൃകാപരമായ പങ്കാളിത്തത്തിന് ഇന്ത്യ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഫ്രഞ്ച് റിപ്പബ്ലിക്ക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നരേന്ദ്ര മോദിയുമായി ടെലിഫോണില്‍ സംസാരിച്ചു.പ്രധാനമന്ത്രിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച പ്രസിഡന്റ് മാക്രോണ്‍ തുടര്‍ച്ചയായ മൂന്നാം ഭരണകാലത്തിന് പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: