ന്യൂദല്‍ഹി: വ്യാജ ആധാര്‍ കാര്‍ഡുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍. സിഐഎസ്എഫാണ് ഇവരെ പിടികൂടിയത്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ ദിവസമാണ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ പാര്‍ലമെന്റില്‍ കടക്കാന്‍ ശ്രമിച്ചത്. സിഐഎസ്എഫിന്റെ പരിശോധനയില്‍ ആധാര്‍ കാര്‍ഡുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായതെന്ന് ദൽഹി പോലീസ് അറിയിച്ചു. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. പാര്‍ലമെന്റിലെ നിര്‍മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് അറസ്റ്റിലായതെന്നാണ് വിവരം. ഇവര്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം പോലീസ് പരിശോധിച്ച് വരികയാണ്.
അതീവ സുരക്ഷയുള്ള പാർലമെൻറ് വളപ്പിലെ പതിവ് സുരക്ഷാ, തിരിച്ചറിയൽ പരിശോധനയ്‌ക്കിടെയാണ് ഇവരുടെ തിരിച്ചറിയൽ രേഖകളിലെ പൊരുത്തക്കേടുകൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: