സൂററ്റ്(ഗുജറാത്ത്): ലോകത്തെ നയിക്കാന്‍ ഭാരതം കൂടുതല്‍ മുന്നേറണമെന്ന് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി. ഇന്ന് സൂററ്റിലാരംഭിക്കുന്ന എബിവിപി ദേശീയ എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ചേര്‍ന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിഷത്ത് അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന് എന്നിവര്‍ സരസ്വതിദേവിയുടെയും സ്വാമി വിവേകാനന്ദന്റെയും ചിത്രങ്ങള്‍ക്ക് മുന്നില്‍ ദീപം തെളിയിച്ചാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.
ഭാരതത്തിന്റെ ജനാധിപത്യം തുടര്‍ച്ചയായി അഭിവൃദ്ധി പ്രാപിക്കുകയും ശക്തമാവുകയുമാണെന്ന് രാജ്കുമാര് ഷാഹി ചൂണ്ടിക്കാട്ടി. ലോകത്തിനാകെ ക്രിയാത്മകമായ ദിശാബോധം നല്കുന്ന രാജ്യമാണ് നമ്മുടേത്. ഭാരതം ജനാധിപത്യത്തിന്റെ മാതാവാകുന്നത് പൗരന്മാരുടെ സജീവ പങ്കാളിത്തത്തോടെയാണെന്ന് രാജ്ശരണ്‍ ഷാഹി പറഞ്ഞു.
ശക്തി, സാഹോദര്യം, സമത്വം തുടങ്ങിയ നവീനഭാരതത്തിന്റെ മഹത്തായ സവിശേഷതകള്‍ക്ക് പുരാതന കാലം മുതല്‍ രാജ്യത്ത് വേരുകളുണ്ട്, അവ കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്. പൊതുജീവിതത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ സ്ഥാപിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തണം. തനിമയില്‍ അധിഷ്ഠിതമായ വ്യവസ്ഥിതിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും വിവിധ മേഖലകളില്‍ മൂല്യാധിഷ്ഠിത മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കൂട്ടായ പ്രയത്നം വേണമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ഭാരതത്തിന്റെ സുവര്‍ണ കാലഘട്ടമാണെന്നും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ നമ്മള് അതിവേഗം മുന്നേറുകയാണെന്നും സമ്മേളനത്തെ അഭിവാദ്യം ചെയ്ത എബിവിപി ജനറല്‍ സെക്രട്ടറി യാജ്ഞവല്ക്യ ശുക്ല പറഞ്ഞു. രാജ്യത്തുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ ക്രിയാത്മകവും പ്രക്ഷോഭപരവുമായ പ്രവര്‍ത്തനങ്ങളിലൂടെ പരിഹരിക്കുന്നതില്‍ വിദ്യാര്‍ത്ഥി പരിഷത്ത് പ്രധാന പങ്കുവഹിച്ചു. വിദ്യാഭ്യാസം, പരിസ്ഥിതി, സംരംഭകത്വം, കായികം തുടങ്ങിയ മേഖലകളിലെ എബിവിപിയുടെ പരിപാടികളും പ്രചാരണങ്ങളും യുവാക്കള്‍ക്കിടയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് ആരംഭിക്കുന്ന എക്സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ഒമ്പതിന് സമാപിക്കും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: