തൃശ്ശൂര്‍: തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പരാജയം കോണ്‍ഗ്രസില്‍ കലാപത്തിനു തിരി കൊളുത്തുന്നു. തൃശ്ശൂരിലേറ്റ വന്‍പരാജയത്തിനു കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് കെ. മുരളീധരന് തുറന്നടിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
സംസ്ഥാന നേതൃത്വവും ഡിസിസിയും സഹായിച്ചില്ലെന്ന നിലപാടിലാണ് മുരളീധരന്. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും ഇനി തെരഞ്ഞെടുപ്പിനില്ലെന്നും മുരളീധരന് വ്യക്തമാക്കിയതോടെ നേതൃത്വം വെട്ടിലായി. ഒരു ലക്ഷം വോട്ടാണ് പാര്‍ട്ടിക്കു തൃശ്ശൂരില്‍ നഷ്ടമായത്. ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും കെ. മുരളീധരന് മൂന്നാമതായി.
വടകരയില്‍ സിറ്റിങ് എംപിയായിരുന്ന കെ. മുരളീധരന് അവിടെ പ്രവര്‍ത്തനമാരംഭിച്ച ശേഷമാണ് നേതൃത്വം ഇടപെട്ടു തൃശ്ശൂരിലേക്കു മാറ്റിയത്. ഷാഫിക്കു വടകര നല്‍കാനാണെന്ന പരാതി അന്നേ ഉയര്‍ന്നിരുന്നു. നേതൃത്വം നിര്‍ദേശിച്ചതനുസരിച്ച് തൃശ്ശൂരിലേക്കു മാറിയെങ്കിലും പിന്നീടു നേതാക്കള്‍ സഹായമൊന്നും ചെയ്തില്ലെന്ന് മുരളീധരന് തുറന്നടിച്ചു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മാത്രമാണ് പ്രചാരണത്തിനെത്തിയത്. ഒരു യോഗത്തില്‍ മാത്രം സംസാരിച്ച് അദ്ദേഹം മടങ്ങി. മുന്‍ എംപി ടി.എന്‍. പ്രതാപന്, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ എന്നിവര്‍ കാലുവാരിയെന്ന പരാതിയും മുരളീധരനുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി മുരളീധരന് ഇന്നലെ ഫോണില്‍ ഇക്കാര്യം സംസാരിച്ചു. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റുപദത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും മുരളീധരനെ തൃപ്തിപ്പെടുത്താനാകില്ലെന്നാണ് സൂചന. കെ. സുധാകരനോട് ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ നീക്കമുണ്ട്. സുധാകരനെ ഒഴിവാക്കുന്നതില്‍ കെ.സി. വേണുഗോപാല്‍ പക്ഷത്തിനും എ ഗ്രൂപ്പിനും ഒരേ മനസ്സാണ്. അങ്ങനെ വന്നാല്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുരളീധരന്റെ പേര് പരിഗണിച്ചേക്കും. എ ഗ്രൂപ്പ് എം.എം. ഹസന്റെ പേരും മുന്നോട്ടു വയ്ക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട്ടില്‍ കെ. മുരളീധരന്റെ പേര് പരിഗണിക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട.് കെപിസിസി പ്രസിഡന്റുപദത്തോടാണ് മുരളീധരന് താത്പര്യം.
ആലത്തൂരിലെ രമ്യ ഹരിദാസിന്റെ പരാജയവും കോണ്‍ഗ്രസിനു തലവേദനയായി. പാലക്കാട്, തൃശ്ശൂര്‍ ഡിസിസികള്‍ രമ്യ ഹരിദാസിനെ തള്ളിപ്പറഞ്ഞു രംഗത്തു വന്നതോടെ വിവാദം കൊഴുത്തു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് രമ്യക്കു വലിയ പരാജയം നേരിടേണ്ടി വന്നതെന്നാണ് ഡിസിസികളുടെ വിലയിരുത്തല്‍. രമ്യയുടെ പ്രവര്‍ത്തന ശൈലി തിരുത്തണമെന്നു പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാദത്തോടു രമ്യ ഹരിദാസ് പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: