കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ തോല്‍വിയെക്കുറിച്ചു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് ഉന്നയിച്ച പ്രശ്നങ്ങളെല്ലാം അന്വേഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. മുരളീധരന് കരുണാകരന്റെ മകനാണ്. എന്തുവിലകൊടുത്തും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിലനിര്‍ത്തും. അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടയാളല്ലെന്നും സുധാകരന് പറഞ്ഞു.
തൃശ്ശൂരിലെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. മുരളീധരനുമായി ഈക്കാര്യത്തില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അടുത്തദിവസം തന്നെ നേരിട്ട് കാണും. മുരളിയുടെ പരാതി നേരിട്ട് കേട്ടാലെ ആരെക്കുറിച്ചു എന്ത് അന്വേഷിക്കണമെന്ന് മനസിലാവുകയുള്ളൂ. തൃശ്ശൂര്‍ ഡിസിസിയോട് വിശദീകരണം തേടും. മുരളീധരന് ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമുളളതാണെന്നാണ് വിലയിരുത്തല്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ട് എന്തുതിരുത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും സുധാകരന് ചോദിച്ചു. ഇനിയെന്താണ് തിരുത്താന്‍ ബാക്കിയുളളത്. എല്ലാം കൈയില്‍ നിന്നുപോയല്ലോ. എന്തു നാണം കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചോദിക്കുമ്പോള്‍ നോകമന്റ്സെന്നു പറഞ്ഞു തോല്‍വിയെ കുറിച്ചൊന്നും പറയാതെ പോവുകയാണ് മുഖ്യമന്ത്രി. എന്തൊരു നാണംകെട്ട തോല്‍വിയാണ് അവര്‍ക്കുണ്ടായത്. സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: