കൊച്ചി: കഴിഞ്ഞ മാസം 28ന് കൊച്ചിയെ മുക്കിയ മഴയ്‌ക്ക് കാരണമായത് മേഘവിസ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്. പ്രദേശത്തെ മഴമാപിനിയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് കണക്കാക്കിയാണ് സ്ഥിരീകരണം.
തൃക്കാക്കരയിലെ കുസാറ്റ് ക്യാംപസിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചില്‍ സ്ഥാപിച്ചിരിക്കുന്ന മഴമാപിനിയില്‍ മണിക്കൂറില്‍ 103 എംഎം മഴ പെയ്തതായാണ് രേഖപ്പെടുത്തിയത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ കളമശേരിയില്‍ ഐഎംഡി സ്ഥാപിച്ചിട്ടുള്ള മഴമാപിനിയില്‍ ഇതേസമയം മണിക്കൂറില്‍ 100 എംഎം മഴയാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ അന്നത്തേത് മേഘവിസ്‌ഫോടനമായി കണക്കാക്കുകയാണെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്ഫോടനമാണിത്. പെരുമഴയിൽ കൊച്ചിയിൽ കനത്ത വെളളക്കെട്ടുണ്ടായിരുന്നു. കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരേയുമാണ് ഏറെ ബാധിച്ചത്.കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘവിസ്ഫോടനം.
മേഘ വിസ്ഫോടനമുണ്ടാകുന്ന സ്ഥലത്തു നിമിഷങ്ങൾ കൊണ്ടു വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും. ഇടിയും മിന്നലുമുണ്ടാകും. മേഖല പ്രളയത്തിലാകും. ഒരു പ്രദേശത്ത് മണിക്കൂറിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനമെന്നു പറയാം.
മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലുപ്പമേറിയ കുമുലോ നിംബസ് മഴമേഘങ്ങളാണു മേഘവിസ്ഫോടനമുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: