ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയം സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസകള്‍ അറിയിച്ച് ലോകരാജ്യങ്ങള്‍. അമേരിക്ക, ഇസ്രായേല്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, മാലദ്വീപ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മോദിക്ക് ആശംസകളറിയിച്ചു.
ഭാരതം തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അമേരിക്കയുടെ വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. ഭാരതവും അമേരിക്കയും തമ്മില്‍ മികച്ച പങ്കാളിത്തത്തോടെയുള്ള ബന്ധം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ജനങ്ങള്‍ തമ്മിലും മികച്ച ബന്ധമാണ് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. നിലവിലുള്ളത് പോലെ ഈ ബന്ധം മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്, മോദി 3.0യില്‍ ഭാരത-യുഎസ് ബന്ധം എപ്രകാരമായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയും അധികാരത്തിലെത്തിയ എന്‍ഡിഎയും നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് യുഎസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറവും രംഗത്തെത്തി.
ഭാരതവും – ഇസ്രായേലും തമ്മിലുള്ള ബന്ധം പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സാധിക്കട്ടെയെന്ന് തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് ആശംസകളര്‍പ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എക്‌സില്‍ കുറിച്ചു. തെരഞ്ഞെടുപ്പില്‍ മൂന്നാമതും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. ഭാരത – ഇസ്രായേല്‍ ബന്ധം തുടര്‍ന്നുകൊണ്ടുപോകാനും കൂടുതല്‍ ദൃഢപ്പെടുത്താനും നമുക്ക് സാധിക്കട്ടെ. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം പുതിയ തലത്തിലേക്കെത്തിക്കാന്‍ ഇനിയും ഒരുമിച്ച് പ്രവര്‍ത്തിക്കാം, ആശംസകള്‍, നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
മൂന്നാം വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ആശംസകളറിയിച്ചു. മൂന്നാം തവണയും തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങള്‍. വരും വര്‍ഷങ്ങളിലും പ്രധാനമന്ത്രിയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കട്ടെ. ഈ വിജയം ഭാരത – ഇറ്റലി ബന്ധം കൂടുതല്‍ ശക്തപ്പെടുത്തും. വരും നാളുകളില്‍ ഇരുരാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കും. ജനസേവനമാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം, മെലോണി എക്‌സില്‍ കുറിച്ചു.
മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്കും എന്‍ഡിഎ സര്‍ക്കാരിനും അഭിനന്ദനമറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. എക്സിലൂടെയാണ് മുയിസു ആശംസകള്‍ കൈമാറിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച് മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്‍ഡിഎ സഖ്യത്തിനും അഭിനന്ദനം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഭാരതവുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മുഹമ്മദ് മുയിസു എക്‌സില്‍ കുറിച്ചു.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ മൂന്നാം തവണയും ചരിത്രപരമായ വിജയം നേടിയ എന്‍ഡിഎയ്‌ക്കും സുഹൃത്ത് നരേന്ദ്ര മോദിജിക്കും അഭിനന്ദനങ്ങളെന്നാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് തൊബ്‌ഗെ എക്‌സില്‍ കുറിച്ചത്. ഭാരതത്തെ മഹത്തായ ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹം ശ്രമം തുടരുമ്പോള്‍ അതോടൊപ്പം ചേര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കുമെന്നും ഷെറിങ് തൊബ്‌ഗെ കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചും ഭാരതത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ പുകഴ്‌ത്തിയും ഭൂട്ടാന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയും ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയും ഭാരതത്തിലെ ഡച്ച് സ്ഥാനപതി ഫ്രെഡി സ്വാനും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: