ന്യൂദല്‍ഹി: എല്ലാവരും സ്വന്തം അമ്മമാരുടെ പേരില്‍ ഒരു വൃക്ഷത്തൈ നടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക പരിസ്ഥിതി ദിനം പ്രമാണിച്ചാണ് ഏക് പേഡ് മാ കേ നാം കാമ്പയിന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ന്യൂദല്‍ഹിയിലെ ബുദ്ധജയന്തി പാര്‍ക്കില്‍ ആല്‍മരത്തൈ നട്ടുകൊണ്ടാണ് മോദി പദ്ധതിക്ക് തുടക്കം കുറിച്ചത്. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ്, ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. എല്ലാ പൗരന്മാരും വൃക്ഷത്തൈകള്‍ നടുന്നതിന്റെ ചിത്രം #Plant4Mother എന്ന ഹാഷ് ടാഗില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിലും ലോകത്തെല്ലായിടത്തുമുള്ള ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ അഭ്യര്‍ത്ഥന എക്‌സിലൂടെ അദ്ദേഹം മുന്നോട്ടുവച്ചത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ച് അനുഭവം പങ്കുവച്ച് അദ്ദേഹം പോസ്റ്റില്‍ വിവരിച്ചു.
സുസ്ഥിരജീവിതവും പ്രകൃതിമാതാവിനോടുള്ള കടപ്പാടും പരിഗണിച്ച് ഞാന്‍ രാവിലെ മരം നട്ടു. എല്ലാവരും ഇത്തരത്തില്‍ മരത്തൈകള്‍ നട്ട് ഭൂമിയെ സംരക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. ഭാരതത്തിന്റെ വനവല്‍ക്കരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാന്‍ സംഘടിതമായ പരിശ്രമം നമ്മള്‍ ഒരു പതിറ്റാണ്ടായി തുടരുന്നു. സുസ്ഥിരവികസനത്തിനായുള്ള നമ്മുടെ ദാഹത്തെ പൂര്‍ത്തീകരിക്കാന്‍ ഇത് അനിവാര്യമാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: