ന്യൂദല്‍ഹി: പത്തുവര്‍ഷമായി ബിജെപി കോട്ടയായി നിലനിന്ന യുപിയില്‍ 2019നേക്കാള്‍ 30 സീറ്റുകള്‍ ഇത്തവണ നഷ്ടമായി. ബിജെപി സഖ്യം 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 44 സീറ്റുകളാണ് യുപിയില്‍ നേടിയത്. വ്യാജ പ്രചാരണങ്ങളിലൂടെ ജാതി-മത വോട്ടുബാങ്കുകള്‍ നേടാനായതാണ് പ്രതിപക്ഷ സഖ്യത്തിന് യുപിയില്‍ അപ്രതീക്ഷിത നേട്ടത്തിന് സഹായിച്ചത്.
2014ല്‍ 80ല്‍ 73 സീറ്റുകളോടെയാണ് ബിജെപി യുപിയില്‍ നേട്ടം കൊയ്തത്. എസ്പി-ബിഎസ്പി സഖ്യത്തോടെ മത്സരിച്ച 2019ല്‍ ബിജെപിയുടെ സീറ്റുകള്‍ 62 ആയി കുറഞ്ഞിരുന്നു. പടിഞ്ഞാറന്‍ യുപിയും ദല്‍ഹിയോട് അടുത്തുള്ള മണ്ഡലങ്ങളും മധ്യയുപി മണ്ഡലങ്ങളും ഗോരഖ്പൂര്‍ മേഖലയും ബിജെപി നിലനിര്‍ത്തിയപ്പോള്‍ പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ എസ്പി വലിയ കടന്നുകയറ്റമാണ് നടത്തിയത്.
വാരാണസിയും സമീപ മണ്ഡലങ്ങളും ബിജെപി നിലനിര്‍ത്തിയെങ്കിലും ഇറ്റാവ, മെയിന്‍പുരി, കനൗജ്, മൊറാദാബാദ്, റാംപൂര്‍ മേഖലകള്‍ എസ്പിക്ക് ലഭിച്ചു. വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഒന്നരലക്ഷത്തിലേക്ക് കുറഞ്ഞു. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ റായ്ബറേലിയില്‍ രാഹുല്‍ഗാന്ധി 3.90 ലക്ഷം വോട്ടുകള്‍ക്കും അമേഠിയില്‍ കിഷോരിലാല്‍ 1.67 ലക്ഷം വോട്ടുകള്‍ക്കും വിജയിച്ചു. രാഹുല്‍ഗാന്ധിയെ അട്ടിമറിച്ച് 2019ല്‍ അമേഠിയില്‍ വിജയിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വോട്ട് 3.72ലക്ഷത്തിലേക്ക് ഒതുങ്ങി. കിഷോരിലാല്‍ 5.39 ലക്ഷം വോട്ടുകളാണ് മണ്ഡലത്തില്‍ നേടിയത്. സമീപ മണ്ഡലങ്ങളായ ബാരാബങ്കിയും സീതാപൂരും കോണ്‍ഗ്രസ് നേടി. അയോദ്ധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തില്‍ അരലക്ഷം വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി ലല്ലുസിങ് എസ്പിയോട് പരാജയപ്പെട്ടത്. പ്രയാഗ്രാജ് ഉള്‍പ്പെടുന്ന അലഹബാദില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്.
എന്നാല്‍ മഥുരയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹേമാമാലിനി മൂന്നാംവട്ടവും വിജയിച്ചു. ആഗ്ര, അലിഗഡ്, ഗൗതംബുദ്ധനഗര്‍, ഗാസിയാബാദ്, ഫത്തേപൂര്‍ സിക്രി, ഝാന്‍സി, ഉന്നാവ്, പിലിബത്ത്, ബറേലി, ഷാജഹാന്‍പൂര്‍, അക്ബര്‍പൂര്‍, കൈസര്‍ഗഞ്ച്, ഗോണ്ട തുടങ്ങിയ മണ്ഡലങ്ങളും ബിജെപി നിലനിര്‍ത്തി.
നാനൂറ് സീറ്റിലേക്ക് എത്തിയാല്‍ ബിജെപി ഭരണഘടന തിരുത്തുമെന്നും പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ എടുത്തുകളയുമെന്നും അടക്കമുള്ള പ്രചാരണങ്ങളാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും യുപിയില്‍ പ്രയോഗിച്ചത്. മുസ്ലിം വോട്ട് ബാങ്കിനെ പൂര്‍ണമായും കൂടെ നിര്‍ത്താനും ബിഎസ്പിയുടെ അഞ്ചു ശതമാനത്തിലധികം വോട്ടുകള്‍ വാങ്ങിച്ചെടുക്കാനും എസ്പിക്കായി. യുപിയിലെ വോട്ടിങ് ശതമാനത്തില്‍ വന്ന ആറുശതമാനത്തോളം വരുന്ന കുറവ് ബിജെപിയെ ബാധിച്ചിട്ടുണ്ട്. ബിജെപിയുടെ വോട്ടര്‍മാരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതെന്ന വാര്‍ത്തകളും വന്നിരുന്നു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടായത് സമാജ് വാദിപാര്‍ട്ടി താഴേത്തട്ടില്‍ ജാതി അടിസ്ഥാനത്തില്‍ നടത്തിയ പ്രചാരണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: