തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിമ്മിനെയും കോണ്‍ഗ്രസിനെയും വിറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരന്. 1708 എന്ന ഏറ്റവും കുറവ് ഭൂരിപക്ഷം സൃഷ്ടിച്ചത് വി. മുരളീധരന്റെ ശക്തമായ മല്‍സരം. സിപിഎമ്മിന്റെ വി. ജോയിക്ക് സ്വന്തം ബൂത്തില്‍പോലും ലീഡ് നേടാനായില്ല. വി. മുരളീധരന് ആറ്റിങ്ങലില്‍ ബിജെപിയുടെ വോട്ട് മൂന്നു ലക്ഷത്തിന് മുകളില്‍ എത്തിച്ചു.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇടത്- വലത് മുന്നണികളുടെ നെഞ്ചിടിപ്പിച്ചായിരുന്നു വി. മുരളീധരന്റെ മുന്നേറ്റം. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ 2.48 ലക്ഷം വോട്ട് ഇത്തവണ 311779 ആയി ഉയര്‍ന്നു. ആറ്റിങ്ങല്‍, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് ഒന്നാമത്. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ ഒ.എസ്. അംബികയുടെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 6285 വോട്ടിന്റെ ലീഡാണ് ബിജെപിക്ക്. 52448 വോട്ടാണ് ആറ്റിങ്ങലില്‍ ബിജെപിയുടെ വോട്ട്. സിപിഎം സ്ഥാനാര്‍ത്ഥി എന്നതിലുപരി സിപിഎം ജില്ലാ സെക്രട്ടറി കൂടിയാണ് ജോയി. ജോയിയുടെ സ്വന്തം ബൂത്തായ അഴൂര്‍ പഞ്ചായത്തിലെ 156-ാം ബൂത്തില്‍ പോലും സിപിഎമ്മിന് ലീഡ് ചെയ്യാനായില്ല. ജോയിയുടെ ബൂത്തില്‍ 24 വോട്ടിന് വി. മുരളീധരന് ലീഡ് ചെയ്തു. ആ ബൂത്തില്‍ ബിജെപി 294 വോട്ട്നേടിയപ്പോള് സിപിഎം 270 ല്‍ ഒതുങ്ങി. ഒ.എസ്. അംബിക എംഎല്‍എയുടെ സ്വന്തം ബൂത്തായ കോരാണി ബൂത്ത് 112ലും സിപിഎമ്മിന് ലീഡ് ചെയ്യാനായില്ല. വി. മുരളീധരന് 80 വോട്ടിന്റെ ഭൂരിപക്ഷം നേടി. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.
വി. ജോയിക്ക് സ്വാധീനമുണ്ടെന്ന് സിപിഎം അവകാശപ്പെട്ട ചിറയിന്‍കീഴ്, മംഗലപുരം, കഠിനംകുളം, അഴൂര്‍ പഞ്ചായത്തുകളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി. തുച്ഛമായ വോട്ടുകള്‍ മാത്രമാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തരം. തീരദേശ മേഖലയിലെ 50ഓളം ബൂത്തുകളിലും ബിജെപിക്ക് വലിയ നേട്ടമുണ്ടായി. ഫോട്ടോഫിനിഷില്‍ 1708 വോട്ടിനാണ് അടൂര്‍ പ്രകാശ് വിജയിച്ചത്.
അടൂര്‍ പ്രകാശിനേക്കാള്‍ 16272 വോട്ടിന്റെ വ്യത്യാസം മാത്രമാണ് വി. മുരളീധരന് ഉള്ളത്. സിപിഎമ്മിന്റെ വി. ജോയിക്ക് 321176വോട്ടാണ് ലഭിച്ചത്. രാത്രി വൈകിയും ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടില്‍ റീ കൗണ്ടിങ് നടക്കുകയാണ്. ഔദ്യോഗിക കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: