കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വന്‍ വോട്ട് വര്‍ധനയാണ് നേടിയിരിക്കുന്നത്. കണ്ണൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ് നേടിയത് 119876 വോട്ട്. ഇരട്ടിയിലധികം വോട്ടിന്റെ വര്‍ധന. 2019ല്‍ സി.കെ. പദ്മനാഭന്‍ ഇവിടെ നേടിയത് 68,509 വോട്ടായിരുന്നു. വടകരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ 1,11,979 വോട്ട് നേടിയത്. 2019ല്‍ വി.കെ. സജീവന്‍ നേടിയത് 80,128 വോട്ടാണ്. കാസര്‍കോട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി 217669 വോട്ട് നേടി. 41620 വോട്ടുകളുടെ വര്‍ധന.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് വരെ സിപിഎം രണ്ടാം സ്ഥാനത്തേക്ക് പോയി. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം എന്‍ഡിഎ വോട്ട് ഇരട്ടിയിലധികം വര്‍ധിപ്പിച്ചു. മാര്‍കിസ്റ്റ് പാര്‍ട്ടി കേന്ദ്രങ്ങളിലെല്ലാം വന്‍ അടിയൊഴുക്കാണ് എന്‍ഡിഎ, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി ഉണ്ടായത്. നാല്‍പ്പതിനായിരത്തിന് മുകളില്‍ വോട്ടാണ് എല്‍ഡിഎഫിന് കണ്ണൂൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മാത്രം കുറഞ്ഞത്.
വടകര മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പിലും തലശ്ശേരിയിലും കാസര്‍കോട് മണ്ഡലത്തിന്റെ ഭാഗമായ പയ്യന്നൂരിലും കല്ല്യാശ്ശേരിയിലും എല്‍ഡിഎഫിന് വലിയ വോട്ട് ചോര്‍ച്ചയാണ് ഉണ്ടായത്. ധര്‍മ്മടത്തും മട്ടന്നൂരും നേരിയ ലീഡ് നേടിയതൊഴിച്ചാല്‍ മറ്റെല്ലായിടത്തും അവര്‍ പിന്നിലായി.
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ 1,12,239 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താന്‍ 486801 വോട്ട് നേടി വിജയിച്ചു. വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫിപറമ്പില്‍ ജയിച്ചത് 1,14,506 വോട്ടിന്റെ ഭരിപക്ഷത്തിലാണ്.
കോഴിക്കോട്ടും ബിജെപി വോട്ട് കൂടി
കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി വോട്ട് കൂടി. സിപിഎം വോട്ട് കുറഞ്ഞു. നാലാം തവണയും എം.കെ. രാഘവനാണ് വിജയിച്ചത്. 5,20,421 വോട്ട് നേടി സിപിഎമ്മിലെ എളമരം കരീമിനെയാണ് രാഘവന്‍ പരാജയപ്പെടുത്തിയത്. 3,74,245 വോട്ടാണ് എളമരം കരീമിന് ലഭിച്ചത്. 1,46,176 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഘവന്‍ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് 1,80,666 വോട്ട് നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് 19,450 വോട്ടുകള്‍ കൂടിയപ്പോള്‍ സിപിഎമ്മിന് 33,974 വോട്ടുകളുടെ കുറവാണ് ഇത്തവണ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: