തൃശ്ശൂര്‍ : തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം ആധികാരികം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എതിരാളികള്‍ക്ക് സുരേഷ് ഗോപിയെ വെല്ലുവിളിക്കാനായില്ല. പോസ്റ്റല്‍ വോട്ടില്‍ മാത്രമാണ് സുരേഷ് ഗോപി നേരിയ വ്യത്യാസത്തില്‍ പിന്നില്‍പോയത്.
വോട്ടിങ്ങ് മെഷിനുകള്‍ എണ്ണാന്‍ തുടങ്ങിയ ഒന്നാം റൗണ്ട് മുതല്‍ പടിപടിയായി ലീഡ് ഉയര്‍ത്തിയാണ് 75,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്.
തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും സുരേഷ് ഗോപി വ്യക്തമായ മേല്‍ക്കൈ നേടി. തൃശൂര്‍ മണ്ഡലത്തില്‍ പതിനാലായിരം വോട്ടിന്റെ ഭൂരിപക്ഷവും നാട്ടിക മണ്ഡലത്തില്‍ പതിമൂവായിരം വോട്ടിന്റെ ഭൂരിപക്ഷവുമാണ് നേടാനായത്. ഗുരുവായൂരില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് ഒന്നാമതെത്തിയത്. ഇവിടെ സുനില്‍കുമാര്‍ രണ്ടാമതെത്തി. ഒല്ലൂര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ലീഡ് നേടുമെന്ന് വിചാരിച്ച മണ്ഡലങ്ങളിലെല്ലാം സുരേഷ് ഗോപി അപ്രതീക്ഷിതമായി വന്‍ നേട്ടമുണ്ടാക്കി. എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് വിജയം.
ഈ വിജയം പരിഹസിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കുമുള്ള മറുപടി. 2019ല്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയ സുരേഷ് ഗോപിയെ അന്നുമുതല്‍ ഇരുപക്ഷവും നിരന്തരം വേട്ടയാടുകയായിരുന്നു. 2019 ല്‍ പരാജയപ്പെട്ടിട്ടും പിന്മാറാതെ കഴിഞ്ഞ അഞ്ചുവര്‍ഷവും തൃശ്ശൂരില്‍ നടത്തിയ ജനസേവന പ്രവര്‍ത്തനങ്ങളാണ് സുരേഷ് ഗോപിയെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത.്
നിരന്തരമായ സൈബര്‍ ആക്രമണങ്ങളെയും എതിരാളികളുടെ പരിഹാസങ്ങളെയും നേരിട്ട് സുരേഷ് ഗോപി ഉറച്ച ആത്മവിശ്വാസത്തോടെ തൃശ്ശൂരില്‍ തുടരുകയായിരുന്നു. പരാജയപ്പെട്ടിട്ടും തൃശ്ശൂരിന്റെ വികസനത്തിനു വേണ്ടി നിരവധി പദ്ധതികള്‍ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കി. രാജ്യസഭാംഗം എന്ന നിലയില്‍ ലഭിച്ച ഒട്ടേറെ ഫണ്ടുകള്‍ തൃശ്ശൂരില്‍ വിനിയോഗിച്ചു. അവശത അനുഭവിക്കുന്ന ധാരാളം പേര്‍ക്ക് ആശ്വാസമായി മാറി. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പോര്‍മുഖം തുറക്കുകയും ചെയ്തു. ഇതെല്ലാം സുരേഷ് ഗോപിയെ ജനപ്രിയനാക്കി മാറ്റിയ ഘടകങ്ങളാണ്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ നിന്ന് അദ്ദേഹം മത്സരിച്ചിരുന്നു. 3000ത്തിലേറെ വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെട്ടത്.
2019ലെ തെരഞ്ഞെടുപ്പ് വേളയില്‍ ഈ തൃശൂര്‍ ഞാനിങ്ങെടുക്കുകയാണ് എന്ന അദ്ദേഹത്തിന്റെ പരാമര്ശംനിരവധി പേര് പരിഹാസത്തിനായി ഉപയോഗിച്ചിരുന്നു. പരിഹസിച്ചവരോട് ഒരു പരിഭവവും കാണിക്കാതെ ഇക്കുറി സുരേഷ് ഗോപി അത് യാഥാര്‍ത്ഥ്യമാക്കി. തൃശ്ശൂര്‍ അങ്ങെടുത്തു. നെഞ്ചോട് ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: