എന്‍.ജി. ചിതേര, ആര്.ജി. ടോര്ണേണ എന്നിവര്‍ കൊച്ചുകൊച്ചു കഥകളെ ആസ്പദമാക്കി കൊണ്ടുള്ള ചിത്രങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയുണ്ടായി. 1912 ല്‍ രൂപംകൊണ്ട ഒരു ചിത്രമാണ് പുണ്ഡലിക്. സ്റ്റേജില്‍ നടന്നുകൊണ്ടിരുന്ന നാടകത്തെ അതേപടി ചിത്രീകരിച്ചാണ് ഈ സിനിമ നിര്‍മിച്ചത്. 1913 ല്‍ ധണ്ഡിരാജ് ഗോവിന്ദ് ഫാല്‍ക്കെ ‘ഹരിശ്ചന്ദ്ര’ എന്ന പേരിലൊരു നിശ്ശബ്ദ ചിത്രം നിര്‍മിച്ചു. തന്റെ ഒരു സുഹൃത്തില്‍നിന്നും കടമായി വാങ്ങിയ തുകയുമായി ലണ്ടനിലേക്ക് തിരിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നാട്ടിലേക്ക് മടങ്ങി വരാന്‍ നിര്‍ബന്ധിതനായി. കൈവശമുണ്ടായിരുന്ന തുകകൊണ്ട് ഒരു ക്യാമറയും ഫിലിം രാസവസ്തുക്കളും വാങ്ങിയിരുന്നു.
നാട്ടിലെത്തി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഒരു പയറ് ചെടിയുടെ ജനനം ആദ്യമായി ചിത്രീകരിച്ചു. ചെടിയുടെ ഓരോ ദിവസത്തെയും വളര്‍ച്ച ഭംഗിയായി ചിത്രീകരിച്ച ഈ ചിത്രത്തെയാണ് ഫാല്‍ക്കെയുടെ ആദ്യചിത്രമായി പരിഗണിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായി അംഗീകരിക്കപ്പെട്ടത് രാജാഹരിശ്ചന്ദ്രയാണ്. 1928 ല്‍ ഫാല്‍ക്കെ നിര്‍മിച്ച സേതുബന്ധനം 1931 ലാണ് ഇറങ്ങിയത്. സേതുബന്ധനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫാല്‍ക്കേ 1928 ല്‍ സിനിമാനിര്‍മാണ രംഗത്ത് നിന്ന് വിരമിക്കാന്‍ തീരുമാനിച്ചു.
സിനിമാ തിയേറ്ററുകളില്‍ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള ടൈറ്റിലുകള്‍ സഹിതമാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രേക്ഷകര്‍ക്ക് നടുവില്‍ സജ്ജീകരിച്ചിട്ടുള്ള ഉയര്‍ന്ന പീഠത്തിലോ ബെഞ്ചിന് മുകളിലോ ആകര്‍ഷണീയ വേഷങ്ങളോടെ ഒരാള്‍ നിന്ന് ഉച്ചഭാഷിണിയിലൂടെ പ്രേക്ഷകര്‍ക്ക് വേണ്ടി സ്ക്രീനില്‍ തെളിയുന്ന സീനുകളെക്കുറിച്ച് വിശദീകരിക്കും. വാദ്യോപകരണങ്ങളുടെ മേളക്കൊഴുപ്പോടെ നടത്തുന്ന വിവരണങ്ങള്‍ക്കിടയിലാണ് സിനിമ കണ്ടിരുന്നത്. ഈ ഒരു സാഹചര്യത്തിലാണ് അത്ഭുതകരമായ ഒരു വ്യതിയാനം സൃഷ്ടിച്ചുകൊണ്ട് ജെ.സി. ഡാനിയേല്‍, വിഗതകുമാരന് എന്ന പേരില്‍ മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ സിനിമക്ക് രൂപംനല്കിയത്.
ജെ.സി.ഡാനിയേല്‍ 1900 നവംബര്‍ 25 ന് ഇന്നത്തെ കന്യാകുമാരി ജില്ലയായ അഗസ്തീശ്വരത്ത് ഡോ.എന്‍.ജെ. ഡാനിയേലിന്റെയും ജ്ഞാനംബാള് ഡാനിയേലിന്റെയും മകനായി ജനിച്ചു. മഹാരാജാസ് കോളജിലെ വിദ്യാഭ്യാസത്തെ തുടര്‍ന്ന് സിനിമാ നിര്‍മാണത്തെക്കുറിച്ച് പഠിക്കുന്നതിന് മദ്രാസിലേക്ക് പോയി. മദ്രാസിലെത്തിയ ഡാനിയേലിന് തന്റെ ലക്ഷ്യം നിറവേറ്റുന്നതിന് കഴിഞ്ഞില്ല. അതില്‍ നിരാശ തോന്നി. ആഗ്രഹം മദ്രാസില്‍ നടക്കില്ലെന്ന് മനസ്സിലായി. മദ്രാസിലെ സ്റ്റുഡിയോ കവാടങ്ങള്ക്കുള്ളിലേക്ക് കയറാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ മദ്രാസിനോട് യാത്ര പറഞ്ഞ് ഡാനിയേല്‍ ബോംബെയിലെത്തുകയും അവിടെയൊരു സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ചലച്ചിത്ര നിര്‍മാണത്തെപ്പറ്റി ചില വിവരങ്ങള്‍ മനസ്സിലാക്കുകയും, സിനിമയെക്കുറിച്ചുള്ള ചില ഗ്രന്ഥങ്ങള്‍ വാങ്ങി പഠിക്കുകയും ചെയ്തു. ഈ അറിവുകളാണ് ചലച്ചിത്ര നിര്‍മാണത്തിന് ഡാനിയേലിന് പ്രചോദനമായത്.
ഡാനിയേലിന് കളരിപ്പയറ്റ് വിദ്യയെക്കുറിച്ചും അറിയാമായിരുന്നു. ആ അറിവ് വച്ച് ഒരു ഗ്രന്ഥം തയ്യാറാക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് ഗ്രന്ഥരചനക്കു പകരമൊരു സിനിമാ നിര്മാണമായാല് അതു നന്നായിരിക്കുമെന്ന് ഒരു സുഹൃത്ത് ഉപദേശിച്ചത്. ആ ഉപദേശം ജെ.സി. ഡാനിയേലിനെ സിനിമാ നിര്‍മാണ മേഖലയിലെത്തിച്ചു. അധികം താമസിയാതെ സിനിമാ നിര്‍മാണത്തിനു പറ്റിയ ഒരു സ്റ്റുഡിയോ നിര്‍മിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. അതിന് വേണ്ടുന്ന പണം കണ്ടെത്തിയത് നേമത്തിനടുത്ത് പനച്ചമൂട്ടിലുള്ള നൂറേക്കറോളം വരുന്ന വസ്തു വിറ്റിട്ടാണ്. ആ പണംകൊണ്ട് പട്ടത്തു സ്റ്റുഡിയോ നിര്‍മിച്ചു. 1926 ല്‍ സ്ഥാപിതമായ ഈ സ്റ്റുഡിയോ ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ് എന്ന പേരിലാണ് അറിയപ്പെട്ടത്.
കല്‍ക്കത്തയില്‍ നിന്നു വാങ്ങിയ ക്യാമറ ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്യാന്‍ തുടങ്ങിയത്. ഈ സ്റ്റുഡിയോയില്‍ നിന്നുമാണ് ജെ.സി.ഡാനിയേലിന്റെ വിഗതകുമാരനെന്ന നിശ്ശബ്ദ ചിത്രമുണ്ടായത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ ഡാനിയേല്‍ സിനിമാനിര്‍മാണത്തിന് മതിയായ വൈദ്യുതി ഇല്ലാത്ത സാഹചര്യത്തില്‍ പകല്‍ വെളിച്ചത്തെയാണ് ആശ്രയിച്ചത്. ചിത്ര നിര്‍മാണത്തിന് മറ്റ് ചില പ്രത്യേകതകളുമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ മുന്‍ നിശ്ചയപ്രകാരം അവിടവിടെയായി എടുക്കുന്ന രീതിയായിരുന്നില്ല അന്ന്. ആയിരം അടി നീളമുള്ള ഫിലിമില്‍ തുടര്‍ച്ചയായി രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ഷൂട്ട് ചെയ്യുന്ന ഭാഗം രാത്രികാലങ്ങളില്‍ ഡാനിയേല്‍ തന്നെ കഴുകിയെടുക്കുകയായിരുന്നു. കഥാപാത്രങ്ങള്‍ക്ക് പറ്റിയ വസ്ത്രം നല്കിയതും ഭക്ഷണമൊരുക്കുന്നതുമെല്ലാം ചിത്രത്തിലെ നടീനടന്മാര് തന്നെയായിരുന്നു.
ചെറുപ്പത്തിലേ നഷ്ടപ്പെട്ടുവെന്ന് കരുതിയ ഒരു കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്നതുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ ഇതിവൃത്തം. വിഗതകുമാരന്റെ ബാല്യം അഭിനയിച്ചത് ജെ.സി. ഡാനിയേലിന്റെ മകന് സുന്ദര്‍ രാജാണ്. എംഎ ബിരുദം നേടിയ സുന്ദര്‍രാജ് സിലോണിലെ ട്രിനിറ്റി കോളജിലെ പ്രൊഫസറായിരുന്നു. ചിത്രത്തിലെ നായിക സരോജിനിയെ അവതരിപ്പിച്ചത്. പി.കെ. റോസിയാണ്. വില്ലന്‍ വേഷം ചെയ്തത് നാഗര്‍കോവില്‍ സ്വദേശി ജോണ്‍സനും. പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത് ജോണ്‍സന്റെ മകള്‍ ബി.എസ്. സരോജവുമാണ്. കോലാലംപൂരില്‍നിന്ന് കൊണ്ടുവന്ന ക്യാമറമാന് ലാലയായിരുന്നു ഡാനിയേലിന്റെ അസിസ്റ്റന്റ്. നായകനായ ഡാനിയേല്‍ തന്റെ വേഷം ചെയ്യാനൊരുങ്ങുമ്പോള്‍ ക്യാമറ ഏല്‍പ്പിച്ചിരുന്നത് അസിസ്റ്റന്റ് ക്യാമറമാന് ലാലയെയാണ്. തിരുവനന്തപുരം സ്വദേശികളായ കമല ഉപനായികയും പി.കെ. പരമേശ്വരന് ഉപനായകനുമായിരുന്നു. രണ്ടുവര്‍ഷം കൊണ്ടാണ് ഡാനിയേല്‍ ചിത്രനിര്‍മാണം പൂര്‍ത്തിയാക്കിയത്. വിഗതകുമാരന്റെ കഥ, തിരക്കഥ, നിര്‍മാണം, സംവിധാനം, ക്യാമറ, എഡിറ്റിങ് എന്നിവയ്ക്ക് പുറമേ നായകനായതും ജെ.സി.ഡാനിയേലാണ്. മലയാള സിനിമയില്‍ ആദ്യമായ ഇത്രയും മേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിക്കാന്‍ കഴിഞ്ഞുവെന്നത് ഏറെ പ്രശംസാര്മായ ഒരു കാര്യം തന്നെയാണ്.
നാല് ലക്ഷത്തോളം രൂപ ചെലവ് ചെയ്തു നിര്‍മിച്ച ‘വിഗതകുമാരന്’ സിനിമ പല കടമ്പകളും കടന്ന് 1928 നവംബര്‍ 7ന് പ്രദര്ശനത്തിനെത്തിയപ്പോള് അവിടെയും പ്രശ്നങ്ങളുണ്ടായി. പ്രശസ്ത അഭിഭാഷകന് മള്ളൂര്‍ ഗോവിന്ദപിള്ളയാണ് തിരുവനന്തപുരത്തെ സ്റ്റാച്യുവിലുള്ള ക്യാപിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്റെ പ്രദര്‍ശനോദ്ഘാടനം നടത്തിയത്. സിനിമാപ്രദര്‍ശനം തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ അതിലെ ഒരു രംഗം കണ്ട് സവര്‍ണ്ണജാതിക്കാരായ ഒരു വിഭാഗം ആളുകള്‍ രോഷാകുലരായി ബഹളംവച്ചു. ചിത്രത്തിലെ നായകന് നായികയുടെ തലയില്‍നിന്ന് ഒരു പൂവ് എടുക്കുന്ന രംഗം അവര്‍ക്ക് സഹിക്കാനായില്ല. അവരുടെ രോഷപ്രകടനം ശക്തമായപ്പോള്‍ ചിത്രപ്രദര്‍ശനം അലങ്കോലപ്പെട്ടെങ്കിലും രണ്ടാഴ്ച തുടര്‍ച്ചയായി ചിത്രം ക്യാപിറ്റോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചു.
ഏറെക്കാലത്തെ അലച്ചിലിനുശേഷം ഡാനിയേല്‍ കണ്ടെത്തിയ പി.കെ. റോസിയായിരുന്നു ചിത്രത്തിലെ നായിക. കാക്കാരിശ്ശി നാടകങ്ങളില്‍ വേഷമിടാറുള്ള റോസിയെ പ്രതിദിനം അഞ്ച് രൂപ പ്രതിഫലത്തിന്മേലായിരുന്നു സിനിമയിലെ നായികയാക്കിയത്. താഴ്ന്ന ജാതിക്കാരിയും കൂലിവേല െചയ്ത് ജീവിക്കുകയും ചെയ്തിരുന്ന റോസിക്ക് താന്‍ അഭിനയിച്ച സിനിമ കാണാനോ, സരോജിനി എങ്ങനെയുണ്ടെന്ന് കണ്ട് നിര്വൃതികൊള്ളാനോ കഴിഞ്ഞില്ല. രോഷം സഹിക്കവയ്യാതെ ചിലര്‍ റോസിയുടെ വീട് അഗ്നിക്കിരയാക്കുവാനും, റോസിയെ ആക്രമിക്കാനും മുതിര്‍ന്നു. അക്രമികളില്‍നിന്നും രക്ഷപ്പെടാനായി ഓടിയകന്ന റോസിക്കു മുന്നില്‍ രക്ഷകനായി അവതരിച്ചത് ഒരു ലോറി ഡ്രൈവറാണ്. അയാള്‍ക്കൊപ്പം നാടുവിട്ട റോസി തമിഴ്നാട്ടിലേക്ക് കടക്കുകയും, നാഗര്‍കോവിലില്‍ ഏറെക്കാലം കഴിഞ്ഞിരുന്നതായും പറയപ്പെടുന്നു.
വിഗതകുമാരനെത്തുടര്ന്ന് വീണ്ടുമൊരു ചിത്രനിര്‍മാണത്തിന് താല്പര്യമുണ്ടായിരുന്നെങ്കിലും ചിത്രത്തിന്റെ പരാജയവും സാമ്പത്തിക തകര്‍ച്ചയും ജെ.സി. ഡാനിയേലിനെ വല്ലാതെ തളര്‍ത്തി. വീണ്ടും മദ്രാസിലെത്തി ദന്തവൈദ്യം പഠിച്ച് മധുരയില്‍ ഒരാശുപത്രി സ്ഥാപിച്ചു. ഒരു സാധാരണ ജീവിതം തുടങ്ങി ഒടുവില്‍ അസുഖബാധിതനായി 1975 മെയ് 27 ന് അന്തരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: