ഓസ്ലോ: വീണ്ടും ഒരിയ്ക്കല്‍ കൂടി നോര്‍വെ ചെസ്സില്‍ അട്ടിമറി നടത്തി ഇന്ത്യയുടെ പ്രജ്ഞാനന്ദ. ഇപ്പോഴത്തെ ലോകചാമ്പ്യന് ചൈനയുടെ ഡിങ്ങ് ലിറനെ തോല്പിച്ചതോടെ 11 പോയിന്റോടെ പ്രജ്ഞാനന്ദ മൂന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുകയാണ്. ഈ ടൂര്‍ണ്ണമെന്റില്‍ വലിയ തരംഗമായി മാറിയിരിക്കുകയാണ് പ്രജ്ഞാനന്ദ. നേരത്തെ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെയും രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും പ്രജ്ഞാനന്ദ തോല്പിച്ചിരുന്നു.
ഈ ടൂര്‍ണ്ണമെന്റില്‍ ആദ്യ മത്സരത്തില്‍ ഡിങ് ലിറന് ജയിച്ചിരുന്നെങ്കിലും റിവേഴ്സ് മത്സരത്തില്‍ മധുരപ്രതികാരം ചെയ്യുകയായിരുന്നു പ്രജ്ഞാനന്ദ. ക്ലാസിക്കല്‍ മത്സരത്തില്‍ ഇരവരും സമനില പാലിച്ചതിനെ തുടര്‍ന്ന് ആര്‍മഗെഡ്ഡോണിലാണ് പ്രജ്ഞാനന്ദ ഡിങ് ലിറനെ തോല്പിച്ചത്.
മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ ജയിച്ചതാണ് മറ്റൊരു വാര്‍ത്ത. ഇപ്പോഴും 13 പോയിന്റോടെ മാഗ്നസ് കാള്സന് മുന്നിലാണ്. ഹികാരു നകാമുറ 12.5 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. പിന്നില്‍ നിന്നിരുന്ന അലിറെസ ഫിറൂഷ തുടര്‍ച്ചയായ വിജയങ്ങളിലൂടെ മുന്നേറുന്നു. ഫാബിയാനോയ്ക്കെതിരെ തിളക്കമാര്‍ന്ന ജയമാണ് അലിറെസ നേടിയത്. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദയെയും അലിറെസ തോല്പിച്ചിരുന്നു. ഇപ്പോള്‍ 9.5 പോയിന്റോടെ നാലാം സ്ഥാനത്താണ് അലിറെസ.
പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിയുടെ കുതിപ്പ് ഇന്ത്യയുടെ കൊനേരു ഹംപി തടഞ്ഞു. ക്ലാസിക്കല്‍ മത്സരത്തിലാണ് കൊനേരു ഹംപി ജയിച്ചത്. ഇതോടെ അതുവരെ മുന്നില്‍ നിന്ന വൈശാലി 10 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചൈനയുടെ വെന്ജുന്ജുവിനെ തോല്പിച്ച് ഉക്രൈന്റെ അന്ന മ്യൂസിചുക് 12 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 11.5 പോയിന്റോടെ വെന്‍ജുന്‍ ജു രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: