കൊച്ചി: നിങ്ങള്‍ എങ്ങനെയാണ് ജനങ്ങളോട് സമാധാനം പറയുന്നത്? ജനങ്ങള്‍ ഇതൊക്കെ വിശ്വസിച്ച് സഹിച്ച് മിണ്ടാതിരിക്കും. എന്നും അങ്ങനെ ക്ഷമിക്കുമെന്ന് കരുതരുത്. വേറെ വഴിയില്ലാത്തതു കൊണ്ട് ജനങ്ങള്‍ മിണ്ടാതിരിക്കുന്നതാണ്. സാധാരണ ജനങ്ങള്‍ ആയതുകൊണ്ടല്ലേ ഇതൊക്കെ മതിയെന്നു കരുതിയത്. ഒരു വിഐപി പാര്‍പ്പിട സമുച്ചയമായിരുന്നെങ്കില് ഇങ്ങനെ ചെയ്യുമായിരുന്നോ? ഹൈക്കോടതിയുടെ ഈ ചോദ്യങ്ങള്‍ കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെ.
വോട്ടെണ്ണല്‍ ദിനമാണെന്ന് കരുതി കൊച്ചി നഗരത്തിലെ കാനകളുടെ ശുചീകരണം ഇന്ന് മാറ്റിവയ്ക്കരുതെന്നു ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. കാന ശുചീകരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കോര്പറേഷനേതിരേ കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഒരു മഴ പെയ്താല്‍ത്തന്നെ ജനങ്ങല്‍ ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞു മടുത്തെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
മാലിന്യവും കനാലുകളിലെ ചെളിയും നീക്കുന്നതടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയില്‍ മഴക്കാലപൂര്‍വ മാലിന്യനീക്കം നടന്നിരുന്നു. അതേ മാതൃകയില്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ അത് നടപ്പായില്ല. ഇപ്പോഴാണ് ആ ജോലികള്‍ നടന്നുവരുന്നത്. ഇതിനൊക്കെ മാസ്റ്റര്‍ പ്ലാന്‍ വേണ്ടേയെന്നും മഴ മാറി നില്ക്കുന്ന സാഹചര്യത്തില്‍ അതൊരു അവസരമായി കണ്ട് എത്രയും വേഗം ജോലികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മാലിന്യം വലിച്ചെറിയുന്നതിനെതിരേ നടപടികള്‍ ഉണ്ടാവണം. വ്യക്തിയോ സ്ഥാപനമോ ആകട്ടെ, മാലിന്യം വലിച്ചെറിയുന്നതിനെതിരേ കോര്പറേഷന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: