ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ത്ത് ജനങ്ങളില്‍ സംശയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ തകര്‍ക്കാന്‍ രാജ്യത്തിന് പുറത്തുനിന്നുള്ള ശ്രമങ്ങളുണ്ടാവുമെന്നാണ് കരുതിയതെന്നും എന്നാല്‍ രാജ്യത്തിനകത്തുനിന്നു തന്നെയാണ് അതുണ്ടായതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ കുറ്റപ്പെടുത്തി. നമ്മുടെ തന്നെ ആളുകള്‍ തെരഞ്ഞെടുപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിയാതെ പോയത് കമ്മിഷന്റെ വീഴ്ചയാണെന്നും രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എഴുപത് ലക്ഷം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമത്വം കാണിക്കുന്നുവെന്ന ആരോപണം മനപ്പൂര്‍വ്വം സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാണെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. 150 റിട്ടേണിങ് ഓഫീസര്‍മാരെ കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ചെന്ന ആരോപണം വ്യാജമാണ്. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ആരോപണമുന്നയിച്ചവര്‍ക്ക് തെളിവ് നല്കാന് സാധിച്ചിട്ടില്ല. ആരെങ്കിലും അത്തരത്തില്‍ സ്വാധീനത്തിന് വിധേയമായാല്‍ അവരെ ശിക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ആരോപണമുന്നയിച്ചവര്‍ ഒഴിഞ്ഞുമാറുകയാണ്.
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യമാണ് പുതുതായി ഉന്നയിച്ചിരിക്കുന്നത്. എത്രയോ കാലങ്ങളായി പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ അര മണിക്കൂറില്‍ എണ്ണിക്കഴിയുന്നതാണ് പോസ്റ്റല്‍ ബാലറ്റുകള്‍. വോട്ടേഴ്സ് ലിസ്റ്റ് തെറ്റാണെന്ന് വ്യാപക പ്രചാരണം രാജ്യമെങ്ങും സംഘടിതമായി നടന്നു. ഇവിഎമ്മിനെതിരേയും വിവിപാറ്റിനെതിരേയും കോടതികള്‍ കേന്ദ്രീകരിച്ച് നടന്ന നീക്കങ്ങള്‍ സംശയാസ്പദമാണ്, കമ്മിഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: