വാഷിങ്ടണ്‍: ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റിന്റെ വിക്ഷേപണം നാളെ. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് പ്രദേശിക സമയം രാവിലെ 10.52നാണ് (ഭാരത സമയം രാത്രി 8.22) വിക്ഷേപണം.
ജൂണ്‍ രണ്ടിന് വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വയ്‌ക്കുകയായിരുന്നു. വിക്ഷേപണത്തിന് ഏകദേശം നാല് മിനിറ്റിന് മുന്‍പ് അറ്റ്‌ലസ് റോക്കറ്റിലെ കമ്പ്യൂട്ടര്‍ സിസ്റ്റം വിക്ഷേപണം നിര്‍ത്താന്‍ സന്ദേശം നല്കിയതിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ ഒരെണ്ണത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. തകരാര്‍ പരിഹരിച്ചതായി നാ അറിയിച്ചു.
ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുള്ള ആദ്യ ദൗത്യത്തില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി ക്യാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ ഭാരതീയ വംശജ സുനിത വില്യംസ് (58) എന്നിവരാണ് യാത്ര ചെയ്യുക. സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാണ് ഇത്. മെയ് ആറിനാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചത്. അന്നും സാങ്കേതിക തകരാറുകളെ തുടര്‍ന്ന് മാറ്റി വയ്‌ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: