”അഹല്ല്യ, ദ്രൗപതി, സീത
താര, മണ്ഡോദരി തഥാ
പഞ്ചകന്യ സ്മരേനിത്യം
മഹാപാതക നാശനം”
കഴിഞ്ഞ തലമുറയിലെ കേരളീയ കുടുംബിനിമാര്‍ പ്രഭാതകീര്‍ത്തനമായി ചൊല്ലിയിരുന്ന പദ്യമാണിത്. അഹല്ല്യ, ദ്രൗപതി, സീത, താര, മണ്ഡോദരി എന്നിവര്‍ അഞ്ചുപേരും പ്രാതസ്മരണീയരായിരുന്നു നമുക്ക്. എന്നാല്‍ സീതയൊഴിച്ച് മറ്റാരെയും ഇന്നു ബഹുമാനിക്കുന്നില്ല. എന്നാല്‍ അഹല്ല്യയെയും മണ്ഡോദരിയെയും സീതാദേവിയ്ക്ക് തുല്യരായാണ് പുരാണപഠിതാക്കള്‍ കണ്ടിരുന്നത്. അസുരശില്പിയായ മയന്റെ മകളാണ് സുന്ദരിയായ മണ്ഡോദരി.
ഒരിക്കല്‍ മയനും മകളും കൂടി ദേവമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ത്രൈലോക്യ വിജയിയായ രാവണന് വഴിതടഞ്ഞു ചോദിച്ചു: ”ശില്പിവര്യാ, അങ്ങയുടെ യാത്ര എങ്ങോട്ടാണ്? ആരാണ് ഈ സുന്ദരി?
മയന് പറഞ്ഞു, ”ഞാന്‍ മകള്‍ക്ക് വരനെത്തേടി പോവുകയാണ്. ഇവള്‍ക്ക് അനുരൂപനായ വരനെ എവിടെ കിട്ടും?” അതിനു രാവണന്റെ മറുപടി ഇങ്ങനെയായിരുന്നു: ”ഞാന്‍ പുലസ്ത്യ പുത്രനായ രാവണനാണ്. ഈ ത്രിലോകത്തില്‍ എന്നെ പരാജയപ്പെടുത്താന്‍ ആരുമില്ല. അതിനാല്‍ അങ്ങയുടെ മകളെ എനിക്കു തരൂ.”
തേടിയ വള്ളി കാലില്‍ചുറ്റിയ പോലെ മയന് സന്തോഷിച്ചു. പക്ഷേ മയന് രാവണനു മുന്നില്‍ ഒരു വ്യവസ്ഥ വച്ചു. ”ജന്മംകൊണ്ടും ധര്‍മ്മംകൊണ്ടും സുചരിതയാണ് എന്റെ മകള്‍. കാമചാരിയായ അങ്ങ് എന്റെ മകളുടെ ഇഷ്ടത്തിന് ജീവിക്കാമെന്ന് സത്യം ചെയ്താല്‍ മാത്രമേ ഞാന്‍ മകളെ തരൂ.” മയന്റെ നിബന്ധന രാവണന് സമ്മതിച്ചു. അങ്ങനെ മണ്ഡോദരി രാവണ ഭാര്യയായി.
പ്രകൃതിശക്തികളെപ്പോലും രാവണന് ചൊല്‍പ്പടിക്ക് നിര്‍ത്തിയിരുന്നു. എന്നാല്‍, മണ്ഡോദരി അതിലൊന്നും അഹങ്കരിച്ചില്ല. വിശ്വവിജയിയായ രാവണന് ത്രിഭുവനത്തിലും ഒരാളെയേ ഭയപ്പെട്ടിരുന്നുള്ളൂ. അത് കൃശാംഗിയായ മണ്ഡോദരിയെ ആയിരുന്നു. അതായിരുന്നു മണ്ഡോദരിയുടെ പതിവ്രത്യശക്തി.
അമിതമായ ഐശ്വര്യത്തിന്റെ ഫലമായി ലങ്ക മദോന്മത്തരുടെ രാജ്യമായപ്പോള്‍ ലങ്കാലക്ഷ്മി മണ്ഡോദരിയുടെ രൂപത്തില്‍ ധര്‍മ്മദേവതയായി ആ നഗരത്തെ രക്ഷിക്കാന്‍ കാരണം ഇതാണ്. ലങ്കയിലെ അരമന അവര്‍ക്ക് അധീനമാണെങ്കിലും മണ്ഡോദരി രാജ്യകാര്യങ്ങളിലൊന്നും ഇടപെട്ടില്ല. പക്ഷേ അവിടെ അനീതികള്‍ നടക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടാണ് ബലാല്‍ക്കാരമായി കൊണ്ടുവന്ന സീതാദേവിയെ രാവണന് അശോകവനിയില്‍ ഒളിപ്പിച്ചത്.
പക്ഷേ അവിടെയും മണ്ഡോദരിയുടെ സൂക്ഷമദൃഷ്ടി ചെന്നെത്തി. ഉപദേശവും വിനയവും കലര്‍ന്ന ശബ്ദത്തില്‍ അവര്‍ രാവണനെ ശാസിച്ചു. അതിനാലാണ് രാവണന് ഒരുപ്രകാരവും സീതയെ ഉപദ്രവിക്കാന്‍ തുനിയാതിരുന്നത്. സീതയെപ്പോലെ സുചരിതയും സാധ്വിയും പതിവ്രതയുമായ മണ്ഡോദരി എന്നും നമുക്ക് പാദസ്മരണീയ ആയിരിക്കട്ടെ.
(അവലംബം: കമ്പരാമായണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: