സിയോള്‍: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകള്‍ അയച്ച് ഉത്തരകൊറിയ. ശനിയാഴ്ച രാത്രി മുതല്‍ ഇന്നലെ രാവിലെ വരെ 700ലധികം ബലൂണുകളാണ് വന്ന് പതിച്ചതെന്ന് ദക്ഷിണ കൊറിയന്‍ സൈനിക മേധാവി അറിയിച്ചു. ഉത്തരകൊറിയ അതിരുവിട്ട പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
സിഗരറ്റ് കുറ്റികള്‍, തുണിക്കഷ്ണങ്ങള്‍, വേസ്റ്റ് പേപ്പര്‍ എന്നിവയാണ് ഇത്തവണത്തെ മാലിന്യ ബലൂണുകളില്‍ ഉണ്ടായിരുന്നത്. അപകടകരമായ വസ്തുക്കള്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല. എന്നിരുന്നാലും ബലൂണുകളില്‍ ഘടിപ്പിച്ചിരിക്കുന്ന മാലിന്യ കവറുകളില്‍ ആരും സ്പര്‍ശിക്കരുതെന്ന് നിര്‍ദേശമുണ്ട്. ദക്ഷിണ കൊറിയയിലേക്ക് രണ്ട് തവണയായി മാലിന്യ ബലൂണുകള്‍ പറത്തിവിട്ടെങ്കിലും ഇതുവരെ നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് ദക്ഷിണ കൊറിയയിലേക്ക് ആദ്യം മാലിന്യ ബലൂണുകള്‍ എത്തിയത്. ടോയ്ലെറ്റ് പേപ്പറുകളും മൃഗങ്ങളുടെ വിസര്‍ജ്യവുമടക്കമുള്ള മാലിന്യങ്ങളാണ് കവറുകളിലാക്കി ബലൂണില്‍ ഘടിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച രാവിലെയ്ക്കുമിടയില്‍ 260 മാലിന്യ ബലൂണുകള്‍ ഉത്തരകൊറിയയില്‍ നിന്നെത്തി.
കെമിക്കല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം, എക്സ്പ്ലോസീവ് ക്ലിയറന്‍സ് ടീം എന്നിവരെ വിന്യസിച്ചാണ് മാലിന്യങ്ങള്‍ എടുത്തുമാറ്റിയത്.
ചവറുകള്‍ക്കിടയില്‍ അപകടകരമായ വസ്തുക്കളുണ്ടോയെന്ന് കണ്ടെത്താനാണ് സംഘങ്ങളെ വിന്യസിച്ചത്. ആദ്യ ഘട്ടത്തില്‍ എത്തിയ ബലൂണുകളില്‍ ചിലതിന് ടൈമര്‍ സംവിധാനമടക്കം ഉണ്ടായിരുന്നു. നിശ്ചിത സമയം കഴിഞ്ഞാല്‍ ബലൂണ്‍ പൊട്ടുന്നതിന് വേണ്ടിയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: