മാലി : ഇസ്രായേൽ പൗരന്മാർക്ക് ദ്വീപ് രാഷ്‌ട്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ മാലിദ്വീപ് സർക്കാർ. മാലിദ്വീപ് പ്രസിഡൻ്റിന്റെ ഓഫീസ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തേക്കുള്ള പ്രവേശനം നിരോധിക്കുന്നതിന് ആവശ്യമായ നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ, സാങ്കേതിക മന്ത്രി അലി ഇഹുസാനാണ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
“പ്രസിഡൻ്റ് ഡോ. മുഹമ്മദ് മുയിസു, കാബിനറ്റിന്റെ ശുപാർശയെത്തുടർന്ന്, ഇസ്രായേൽ പാസ്‌പോർട്ടുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഹോംലാൻഡ് സെക്യൂരിറ്റി ആൻ്റ് ടെക്‌നോളജി മന്ത്രി അലി ഇഹ്‌സാൻ ഇന്ന് ഉച്ചയ്‌ക്ക് പ്രസിഡൻ്റിന്റെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.” മാലദ്വീപ് പ്രസിഡൻ്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ പൗരന്മാരുടെ പ്രവേശനം തടയാൻ രാജ്യത്തെ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ നടപടി ആരംഭിച്ചതായി മാധ്യമങ്ങളോട് സംസാരിക്കവെ ഇഹുസാൻ പറഞ്ഞു. അതേ സമയം പലസ്തീന്റെ ആവശ്യങ്ങൾ വിലയിരുത്താൻ മാലിദ്വീപ് ഒരു പ്രത്യേക സമിതിയേയും നിയോഗിച്ചു.
പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്‌ട്ര സംഘടനയുടെ ദുരിതാശ്വാസ ആൻ്റ് വർക്ക്സ് ഏജൻസിയുടെ സഹായത്തോടെ പലസ്തീൻ പൗരന്മാരെ സഹായിക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പെയ്ൻ ആരംഭിക്കുമെന്നും മാലിദ്വീപ് നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: