ഹൈദരാബാദ്: ഹൈദരാബാദ് ഇനി തെലങ്കാനയുടെ മാത്രം തലസ്ഥാനം. ഇന്ന് മുതല്‍ തെലങ്കാനയുടേയും ആന്ധ്രാപ്രദേശിന്റെയും സംയുക്ത തലസ്ഥാനമെന്ന പദവിയുണ്ടായിരിക്കില്ല. എന്നാല്‍ തലസ്ഥാനമേതെന്ന് നിര്‍ണയിക്കാത്തതിനാല്‍ ആന്ധ്രയ്‌ക്ക് ഇന്ന് മുതല്‍ തലസ്ഥാനം ഉണ്ടായിരിക്കില്ല.
2014 ജൂണ്‍ രണ്ടിന് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ പുതിയ തലസ്ഥാനം കണ്ടെത്താന്‍ ആന്ധ്രാപ്രദേശിന് നിര്‍ദേശം നല്കിയിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍, 2024 ജൂണ്‍ രണ്ടിനുള്ളില്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തണം എന്നായിരുന്നു ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലാവധി അവസാനിച്ചെങ്കിലും തലസ്ഥാനത്തെ നിര്‍ണയിക്കാന്‍ ആന്ധ്രയ്‌ക്കായില്ല.
തലസ്ഥാനമായി അമരാവതി വേണോ, വിശാഖപട്ടണം വേണോയെന്ന തര്‍ക്കം കോടതിയുടെ പരിഗണനയില്‍ ആയതിനാലാണ് ആന്ധ്രയ്‌ക്ക് തീരുമാനമെടുക്കാന്‍ സാധിക്കാതിരുന്നത്. ജഗന്‍ മോഗന്‍ റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വിശാഖ പട്ടണം ഭരണ തലസ്ഥാനമാക്കുമെന്നും അമരാവതി നിയമസഭയുടെ ആസ്ഥാനവും കുര്‍ണൂല്‍ ജുഡീഷ്യല്‍ തലസ്ഥാനവും ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയായില്ല.
പത്തു വര്‍ഷ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ആന്ധ്ര സര്‍ക്കാര്‍ ഈ കാലയളവില്‍ ഉപയോഗിച്ചിരുന്ന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകളും ഓഫീസുകളും പിടിച്ചെടുക്കാന്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. തെലങ്കാന രൂപീകരണത്തിന് പിന്നാലെ ഔദ്യോഗീക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാനിരുന്നതാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്ക്കുന്നതിനാല്‍ അതിനും സാധിച്ചില്ല.
എന്നാല്‍ 2014 മുതല്‍ ആന്ധ്രാപ്രദേശ് ഹൈദരാബാദിനെ തലസ്ഥാനമായി സൂചിപ്പിക്കുന്നതും അവിടെയുണ്ടായിരുന്ന ഭൂരിഭാഗം ഓഫീസുകളുടേയും പ്രവര്‍ത്തനവും നിര്‍ത്തിയിരുന്നു. നിലവില്‍ കുറച്ച് ഓഫീസുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: