കോട്ടയം : താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടത്തണമെന്ന കേന്ദ്ര മാര്‍ഗനിര്‍ദേശം അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പിടിഎകള്‍ വഴിയാണ് നിലവില്‍ നിയമനങ്ങള്‍ നടത്തുന്നത്. ഇതിനാല്‍ സംവരണ തത്വവും പാലിക്കുന്നില്ല. സംവരണ തത്വം പാലിക്കണമെന്ന ആവശ്യപ്പെട്ട് എസ്‌സി എസ്ടി അനുപാതിക പ്രക്ഷോഭ സമിതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി 20ന് പരിഗണിക്കാനിരിക്കെയാണ് ഈ നിലപാട്.
താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി വേണം നടത്താന്‍. അതു മറികടന്നാണ് സ്വന്തം ഇഷ്ടക്കാരെ നിയമിക്കുന്നത്. ഇതിന് സര്‍ക്കാര്‍ മൗനാനുവാദംനല്‍കുകയും ചെയ്യുന്നു.
ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ പതിനായിരത്തിലേറെ പേരെയാണ് കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ നിയമിച്ചത്. ഇക്കുറി അധ്യാപക തസ്തിയില്‍ നിന്നുതന്നെ ഏഴായിരത്തോളം പേര്‍ വിരമിച്ചിട്ടുണ്ട് . മറ്റ് തസ്തികയിലുള്ളവര്‍ ഇതിന്റെ പകുതിയോളം വരും. ഇവരെയെല്ലാം സ്‌കൂള്‍ പിടിഎ വഴി നിയമിക്കുമ്പോള്‍ കാലങ്ങളായി എംപ്‌ളോയ്‌മെന്‌റ് എക്‌സ്‌ചേഞ്ചില്‍ പേരു രജിസ്റ്റര്‍ ചെയത്് കാത്തിരിക്കുന്നവര്‍ അവഗണിക്കപ്പെടുകയാണ്. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കാണ് ഇവിടെ പരിഗണന ലഭിക്കുക.
താല്‍ക്കാലിക നിയമന കാര്യത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തണമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: