ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്ന പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവും നിശ്ശബ്ദ പ്രചാരണവും അവസാനിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കാണ് എല്ലാ കണ്ണുകളും കാതുകളും തിരിഞ്ഞത്. രണ്ട് മാസക്കാലം നീണ്ടുനിന്ന പ്രചണ്ഡമായ പ്രചാരണത്തിനുശേഷം അര്‍ത്ഥപൂര്‍ണമായ ഒരു നിശ്ശബ്ദതയിലേക്ക് ആധുനികകാലത്തിന്റെ നരേന്ദ്രന് നീങ്ങുകയായിരുന്നു. തന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും തെരഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കിയശേഷം കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനെത്തിയത് പലതരം വ്യാഖ്യാനങ്ങള്‍ക്കിടയാക്കി. മോദി എന്തു ചെയ്താലും വിമര്‍ശിക്കുന്നവരും, ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ നന്മകളൊന്നും കാണാന്‍ കൂട്ടാക്കാത്തവരും വിവേകാനന്ദപ്പാറയിലെ മോദിയുടെ സാന്നിധ്യത്തെ രാഷ്ട്രീയവല്‍ക്കരിച്ചു. മോദി തന്റെ പാര്‍ട്ടിക്കുവേണ്ടി നിശ്ശബ്ദ പ്രചാരണം നടത്തുകയാണെന്നും, പരാജയഭീതികൊണ്ടാണ് വിവേകാനന്ദപ്പാറയിലെത്തിയതെന്നുമൊക്കെ നിരുത്തരവാദപരമായ പ്രതികരണങ്ങളുണ്ടായി. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുന്‍പ് മോദി ഇങ്ങനെ ചെയ്തത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയവര് പോലുമുണ്ട്.
അര്‍ഹിക്കുന്ന അവജ്ഞയോടെ തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് തള്ളിക്കളയുകയും ചെയ്തു. മോദിയുടെ വിവേകാന്ദപ്പാറ സന്ദര്‍ശനത്തെയും ധ്യാനത്തെയും വിമര്ശിക്കുന്നവര്ക്കും ഇവിടെ വരാനും ധ്യാനിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇവര്‍ക്ക് അങ്ങനെ തോന്നാത്തത് ബിജെപിയുടെയും മോദിയുടെയും കുറ്റമല്ലല്ലോ. ഭാരതീയ സംസ്കാരത്തോടും അതിന്റെ ശ്രേഷ്ഠസന്താനമായ വിവേകാനന്ദനോടും മോദിക്കുള്ള ആദരവ് വിമര്‍ശകര്‍ക്ക് ഇല്ലാതെ പോയത് ആരുടെ കുറ്റമാണ്?
ആദ്യമായല്ല പ്രധാനമന്ത്രി മോദി ഇങ്ങനെ ചെയ്യുന്നത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഛത്രപതി ശിവാജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ മോദി മഹാരാഷ്ട്രയിലെ പ്രതാപ്ഗഡ് സന്ദര്‍ശിച്ചിരുന്നു. ബീജാപ്പൂര്‍ സുല്‍ത്താനായിരുന്ന ആദില്‍ ഷായുടെ സൈനിക മേധാവി അഫ്സല് ഖാനെ ശിവാജി വധിച്ചത് ഇവിടെ വച്ചായിരുന്നു. 2019 ലെ തെരഞ്ഞെടുപ്പിന്റെ അവസാനം പുണ്യഭൂമിയായ കേദാര്‍നാഥിലെത്തി മോദി ധ്യാനനിരതനാവുകയുണ്ടായി. ഇക്കുറി അത് വിവേകാനന്ദപ്പാറയിലായിരുന്നു എന്നു മാത്രം. 1892 ല്‍ കന്യാകുമാരിയിലെത്തിയ സ്വാമി വിവേകാനന്ദന് കടലിലെ ശ്രീപാദപ്പാറയിലേക്ക് നീന്തിയെത്തിയാണ് മൂന്നുദിവസം ധ്യാനനിമഗ്നനായതും, തന്റെ ഭാവിദൗത്യം എന്തെന്ന് തിരിച്ചറിഞ്ഞതും. സ്വാമികളുടെ വിശുദ്ധവും ദീപ്തവുമായ സ്മരണ നിലനില്‍ക്കുന്ന ഇവിടെ പില്ക്കാലത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും മറ്റും ശ്രമഫലമായി ഇന്നു കാണുന്ന ഉജ്വല സ്മാരകം നിര്‍മിക്കുകയായിരുന്നു. വലിയ എതിര്‍പ്പുകളും പ്രതിസന്ധികളും മറികടന്നാണ് ഈ ദൗത്യം വിജയത്തിലെത്തിയത്. ഈ സ്മാരക നിര്‍മാണത്തിന് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള അന്നത്തെ ഇടതു സര്‍ക്കാര്‍ ഒരു പൈസ പോലും നല്‍കിയിരുന്നില്ല. ഭാരതീയ സംസ്കാരത്തോടും, ആധുനിക കാലത്തെ അതിന്റെ പ്രവാചകനായിരുന്ന വിവേകാനന്ദനോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ള എതിര്‍പ്പായിരുന്നു ഇതിനു കാരണം. ഇക്കൂട്ടര്‍ക്ക് ഒരു മാനസാന്തരവും വന്നിട്ടില്ല എന്നതിന് തെളിവാണ് നരേന്ദ്ര മോദിയുടെ വിവേകാനന്ദപ്പാറ സന്ദര്‍ശനത്തോടുള്ള ഇക്കൂട്ടരുടെ എതിര്‍പ്പ്. ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെട്ടിട്ടും ഈ എതിര്‍പ്പിന് പതിറ്റാണ്ടുകള്‍ക്കുശേഷവും മാറ്റം വരാത്തത് ഒരുതരം ജനിതക വൈകല്യമായേ കാണാനാവൂ.
നരേന്ദ്ര മോദി ആദ്യമായല്ല വിവേകാനന്ദപ്പാറയിലെത്തുന്നത്. ആര്‍എസ്എസ് പ്രചാരകനായിരിക്കുമ്പോഴും, ബിജെപി നേതാവ് ഡോ. മുരളീ മനോഹര്‍ ജോഷി നയിച്ച കന്യാകുമാരി മുതല്‍ കശ്മീര്‍വരെയുള്ള ഏകതായാത്രയ്ക്ക് തുടക്കമിട്ടപ്പോഴും മോദി വിവേകാനന്ദപ്പാറയിലെത്തിയിരുന്നു. ഏകതായാത്രയുടെ കാലത്ത് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു മോദി. വ്യക്തി ജീവിതത്തില്‍ ഒരു പരിവ്രാജകനെപ്പോലെ അലഞ്ഞകാലത്ത് രാമകൃഷ്ണ മിഷനില്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അതിന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തിലെത്തിയ ആളുമാണ് മോദി. നിര്‍വഹിക്കാന്‍ വേറൊരു ദൗത്യമുണ്ടെന്നു പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദനോടുള്ള മോദിയുടെ ആദരവ് ജീവിതത്തിന്റെ ഭാഗമാണെന്നര്‍ത്ഥം. അടിമത്വത്തിലാണ്ട ഭാരതത്തിന്റെ മോചനം ലക്ഷ്യമാക്കിയാണ് വിവേകാനന്ദന് ശ്രീപാദപ്പാറയിലെത്തി മൂന്നു ദിവസം ധ്യാനനിരതനായത്. സ്വതന്ത്രഭാരതത്തെ ആത്മനിര്‍ഭരമാക്കാനും, ലോകത്തിന്റെ മുഴുവന്‍ ആദരവിന് പാത്രമാക്കാനുമാണ് അഭിനവ നരേന്ദ്രന് ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. അതിനെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം കാണുന്നത് സങ്കുചിത രാഷ്ട്രീയമാണ്. രാജ്യസ്നേഹികള്‍ക്ക് ഇത് തിരിച്ചറിയാനാവും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയമുറപ്പായപ്പോള്‍ അത് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വിവേകാനന്ദപ്പാറ സന്ദര്‍ശനവും ധ്യാനവും വിവാദമാക്കുന്നത്. പരാജയം മുന്നില്‍ക്കാണുന്നവര്‍ ശബ്ദകോലാഹലമുണ്ടാക്കി ഭയം മറച്ചുപിടിക്കുകയായിരുന്നു എന്നര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: