ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ചിലന്തിയാറിലും തമിഴ്നാടിന്റെ അനുമതിയില്ലാതെ ഒരു ഇഷ്ടിക പോലും തൊടാന്‍ കേരളത്തെ അനുവദിക്കില്ലെന്ന് തമിഴ്നാട്. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്റേതാണ് പ്രസ്താവന.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടികളുമായി കേരള സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണു ദുരൈമുരുകന്റെ പ്രതികരണം. ചിലന്തിയാറില്‍ തടയണ നിര്‍മിക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണു തമിഴ്നാട്ടില്‍ നടക്കുന്നത്.
പുതിയ അണക്കെട്ടിനുള്ള കേരള നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കഴിഞ്ഞദിവസം കേന്ദ്രത്തെ സമീപിച്ചിരുന്നു. കേരളത്തിന്റെ നടപടികള്‍ കോടതിയലക്ഷ്യമാണെന്നും പിന്മാറണമെന്നും തമിഴ്നാട് സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു. പുതിയ അണക്കെട്ടിനായി പാരിസ്ഥിതിക അനുമതിക്കു കേരളം നീക്കം തുടങ്ങിയതാണ് സ്റ്റാലിനെ ചൊടിപ്പിച്ചത്.
അതിനിടെ, കാര്‍ഷിക ആവശ്യങ്ങള്‍ക്കായി മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നു തമിഴ്നാട്ടിലേക്ക് വെള്ളം തുറന്നുവിടുന്നത് ആരംഭിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് തേനി ജില്ലയിലെ 14,707 ഏക്കര്‍ പ്രദേശത്തെ നെല്‍ക്കൃഷി നടക്കുന്നത്. ഒന്നാം വിളയ്ക്കായി നിലം ഒരുക്കുന്നതിനാണ് ഇപ്പോള്‍ വെള്ളം തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോള്‍ 119.10 അടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: