ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഫോര്‍മുലയുമായി ഇസ്രായേല്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഈ ഫോര്‍മുല ഇസ്രായേല്‍ മുന്നോട്ട് വച്ചതായി അറിയിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തിലാണ് ബൈഡന് ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍, ജനവാസ മേഖലകളില്‍ നിന്നുള്ള ഇസ്രായേല്‍ സൈനിക പിന്മാറ്റം, ബന്ദികളുടെ മോചനം എന്നിവയാണ് ഉള്‍പ്പെടുന്നത്. ആറാഴ്ച നീളുന്നതാണ് ആദ്യഘട്ടം. ഗാസയിലെ എല്ലായിടങ്ങളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്മാറും. ഗാസയില്‍ മരുന്നും മറ്റു സഹായങ്ങളും അനുവദിക്കും. അറുനൂറോളം ട്രക്കുകളെത്തിക്കാനും നടപടിയുണ്ടാകും.
ബന്ദികളുടെ മോചനമാണ് രണ്ടാംഘട്ടം. ഹമാസ് ബന്ദികളാക്കിയ സൈനികരുള്‍പ്പെടെയുള്ളവരുടെ മോചനം സാധ്യമാക്കും. ഗാസയില്‍ നിന്ന് പൂര്‍ണമായും ഇസ്രായേല്‍ സൈന്യം പിന്മാറും. ഗാസയുടെ പുനര്‍നിര്‍മാണമുള്‍പ്പെട്ടതാണ് മൂന്നാം ഘട്ടം. യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളില്‍ നിന്ന് പതിറ്റാണ്ടുകളെടുത്തുള്ള പുനര്‍നിര്‍മാണത്തിന്റെ ആരംഭമായിരിക്കും മൂന്നാം ഘട്ടം.
ഇരുകൂട്ടരും വെടിനിര്‍ത്തല്‍ ഉപാധികള്‍ അംഗീകരിക്കണമെന്നും അമേരിക്കയുടെ നയതന്ത്രശ്രമങ്ങളുടെ ഫലമാണ് നിര്‍ദേശങ്ങളെന്നും ബൈഡന് പറഞ്ഞു. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിച്ചാല്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചുള്ള കരാറിന് തയാറാണെന്ന് നേരത്തെ ഹമാസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധമവസാനിപ്പിക്കാന്‍ ഇസ്രായേല്‍ പുതിയ പദ്ധതി തയാറാക്കിയെന്ന ബൈഡന്റെ അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: