ചെന്നൈ: തിരുവള്ളൂര്‍ കാക്കല്ലൂരിലെ പെയിന്റ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരിച്ചു. രണ്ട് പേര് ഫാക്ടറി തൊഴിലാളികളും മറ്റൊരാള്‍ സമീപത്തെ സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനുമാണ്. സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരന്റെ ശരീരത്തിലേക്ക് ബാരല്‍ തെറിച്ചുവീണാണ് മരണം സംഭവിച്ചത്.
പൊട്ടിത്തെറിയില്‍ ചിതറിയ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍പെട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫാക്ടറിയില്‍ വച്ചിരുന്ന രാസവസ്തുക്കള്‍ അടങ്ങിയ ബാരലാണ് പൊട്ടിത്തെറിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവ സമയത്ത് നാല് പേരാണ് ഫാക്ടറിക്കുള്ളില്‍ ഉണ്ടായിരുന്നത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിക്കുള്ളില്‍ ധാരാളം ഒഴിഞ്ഞ പെയിന്റ് ടിന്നുകളും കുപ്പികളും ഉണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. സ്ഫോടനത്തില്‍ ഫാക്ടറിയുടെ ഭിത്തിയും മേല്‍ക്കൂരയും പൂര്‍ണമായും തകര്‍ന്നു. മൂന്ന് കോടിയുടെ നഷ്ടം സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഫാക്ടറി ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: