2019ല്‍ 39.83 ശതമാനം വരെ വോട്ടുകള്‍ തൃശൂരില്‍ നേടിയ യുഡിഎഫിന് എക്സിറ്റ് പോളുകള്‍ സുരേഷ് ഗോപിയ്‌ക്ക് ജയം പ്രഖ്യാപിച്ചത് ദഹിക്കുന്നില്ല. കാരണം 2019ല്‍ സുരേഷ് ഗോപിക്ക് ലഭിച്ചത് വെറും 28.19 ശതമാനം വോട്ടുകള്‍ മാത്രം.
2019ലെ തൃശൂര്‍ ലോക് സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം
ടി.എന്‍ പ്രതാപന്‍(കോണ്‍ഗ്രസ്) 4,15089 വോട്ടുകള്‍
രാജാജി മാത്യു (സിപിഐ) 3,21,456 വോട്ടുകള്‍
സുരേഷ് ഗോപി (ബിജെപി) 2,93822 വോട്ടുകള്‍
ബിജെപിയേക്കാള്‍ 1.22 ലക്ഷം വരെ വോട്ടുകള്‍ക്ക് മുന്നില്‍ നിന്നു 2019ല്‍ ടി.എന്‍. പ്രതാപന്‍. വെറും അഞ്ചുവര്‍ഷം കൊണ്ട് പിന്നെ എന്ത് മാജിക്കാണ് തൃശൂരില്‍ നടന്നത് എന്നാണ് കോണ്‍ഗ്രസ് പാളയത്തില്‍ ഉയരുന്ന ചോദ്യം. കോണ്‍ഗ്രസ് വോട്ടുകള്‍ എവിടെപ്പോയി എന്നതിന് ആര്‍ക്കും ഉത്തരമില്ല. ടി.എന്‍. പ്രതാപന്‍ വോട്ടുകള്‍ സുരേഷ് ഗോപിയ്‌ക്കായി മറച്ചു എന്ന നിലയ്‌ക്കുള്ള ആരോപണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂണ്‍ നാലിന് സുരേഷ് ഗോപി ജയിച്ചാല്‍ കോണ്‍ഗ്രസിലെ തൃശൂര്‍ ഡിസിസിയില്‍ വലിയ പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കാം.
ഏറെക്കാലമായി തൃശൂര്‍ എടുക്കും എടുക്കും എന്ന് പറഞ്ഞ നടന്ന സുരേഷ് ഗോപിയ്‌ക്ക് ആശ്വസിക്കാവുന്ന വകയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. മോദിയുടെ ഗ്യാരണ്ടി തൃശൂരില്‍ ഇറക്കി, രണ്ട് തവണ തൃശൂരില്‍ സന്ദര്‍ശനം നടത്തിയ മോദിയുടെ വിജയം കൂടിയാകും തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം. എന്തായാലും മണ്ഡലത്തില്‍ വികസനത്തിന് കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് സുരേഷ് ഗോപിയുടെ വരവ് ആശ്വാസമാകും എന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. ലൂര്‍ദ്ദ് പള്ളിയില്‍ മാതാവിന് കിരീടം നല്‍കിയതില്‍ ചെമ്പാണ് അധികമെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്നും തുടങ്ങി തൃശൂര്‍ ജില്ലയില്‍ താരത്തിനെതിരെ എല്‍ഡിഎഫ്, യുഡിഎഫ് ക്യാമ്പുകള്‍ ഉയര്‍ത്തിയ കള്ളക്കഥകള്‍ ജനം തള്ളിക്കളയുന്നതിന്റെ തിളക്കമുള്ള ഉദാഹരണമായി മാറും സുരേഷ് ഗോപിയുടെ വിജയം.
കരുവന്നൂരിലെ ഇഡി അന്വേഷണത്തോടെ ബിജെപി-സിപിഎം ധാരണ തൃശൂരിലൂണ്ടെന്ന് നേരത്തെ പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ അത് ആവര്‍ത്തിക്കുകയാണ്. സിപിഎം അട്ടിമറി നടന്നാലും ബിജെപി രണ്ടാം സ്ഥാനത്തേ എത്തൂവെന്നും വിജയം യുഡിഫിനു തന്നെയാണെന്നും ആവര്‍ത്തിക്കുകയാണ് കെ. മുരളീധരന്‍. പത്മജ ഫാക്ടര്‍ മുതല്‍ തൃശൂര്‍ കോണ്‍ഗ്രസിലെ പടലപിണക്കങ്ങള്‍ യുഡിഎഫിനേയും തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പ്.
സുരേഷ് ഗോപി ഇത്തവണ ജയിച്ചുകയറിയാല്‍ തങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടുമെന്ന ഭയം സിപിഎം-സിപിഐ ക്യാമ്പുകളില്‍ ഉണ്ട്. അതിനാല്‍ സിപിഎം, സിപിഐ നേതാക്കളും സുരേഷ് ഗോപിയുടെ വിജയം പ്രഖ്യാപിക്കുന്ന എക്സിറ്റ് പോളുകളെ തള്ളിക്കളയുകയാണ്. മോദിയ്‌ക്ക് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണ് ഈ വിജയകഥയെന്ന് ദേശാഭിമാനി പറയുന്നു. ഇതിന് മുന്‍പ് പരാജയപ്പെട്ട എക്സിറ്റ് പോളുകളുടെ കണക്കുകളാണ് ദേശാഭിമാനി നിരത്തുന്നത്.
കരുവന്നൂര്‍ ബാങ്കിലെ വിഷയം മുതല്‍ ഇപി ജയരാജന്റെ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വരെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങള്‍ നിലനില്‍ക്കെ സുരേഷ് ഗോപി ജയിച്ചാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ നാണം കെടുത്തുമെന്ന് സിപിഎം നേതാക്കള്‍ കരുതുന്നു. അതുകൊണ്ട് തന്നെയാണ് തുടക്കം മുതലേ സുരേഷ് ഗോപിയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങല്‍ അഴിച്ചുവിട്ടത്. എന്തായാലും എക്സിറ്റ് പോളില്‍ സുരേഷ് ഗോപിയുടെ വിജയം പ്രഖ്യാപിച്ചത് തൃശൂരിലെ യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി.
സിപിഐയെ സംബന്ധിച്ചിടത്തോളം തൃശൂര്‍ തിരിച്ചുപിടിച്ച് പാര്‍ട്ടിയുടെ പഴയ സ്വാധീനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കരുത്തനായ വി.എസ്.സുനില്‍കുമാറിനെ രംഗത്തിറക്കിയത്. 2019ല്‍ രാജാജി മാത്യു (സിപിഐ) 3,21,456 വോട്ടുകള്‍ നേടി. രാജാജി മാത്യുവിനേക്കാള്‍ തൃശൂര്‍കാര്‍ക്ക് സുപരിചിതനാണ് വി.എസ്. സുനില്‍കുമാര്‍. തൃശൂരില്‍ വി.എസ്. സുനില്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ അതിനേക്കാള്‍ എത്രയോ അധികം വോട്ടുകള്‍ കൂടുതല്‍ ലഭിക്കേണ്ടതാണ്. അതുണ്ടായില്ലെങ്കില്‍ കപ്പലില്‍ കള്ളനുണ്ടെന്ന് വേണം കരുതാന്‍. സിപിഎം സുനില്‍ കുമാറിനെ ഒറ്റിയെന്ന ഒരു പ്രചാരണം നേരത്തെ മുതല്‍ നിലനില്‍ക്കുന്നുണ്ട്. തോല്‍വി പിണഞ്ഞാല്‍ അത് സിപിഎം-സിപിഐ ബന്ധത്തെ വരെ ബാധിച്ചേക്കാം.
കേരളത്തെക്കുറിച്ച് നടന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ താഴെപ്പറയുന്നു:
ടൈംസ് നൗ ഇടിജി സർവേ: യുഡിഎഫിന് 14–-15, എൽഡിഎഫ് –- 4, എൻഡിഎ –-1,
എബിപി സീ വോട്ടർ സർവേ: യുഡിഎഫ് 17–-19, എൽഡിഎഫ് 0, എൻഡിഎ 1–-3,
ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ: യുഡിഎഫ് 17–-18, എൽഡിഎഫ് 1, എൻഡിഎ 2–-3,
ഇന്ത്യ ടിവി സിഎൻഎക്‌സ് സർവേ: യുഡിഎഫ് 13–-15, എൽഡിഎഫ് 3–-5, എൻഡിഎ 1–-3,
ടിവി 9 സര്‍വ്വേ: യുഡിഎഫ് 16, എൽഡിഎഫ് 3, എൻഡിഎ 1,
വിഎംആർ സർേവ: യുഡിഎഫ് 19, എൽഡിഎഫ് 0, എൻഡിഎ 1
പ്രതികരിക്കാൻ ഇവിടെ എഴുതുക: