യുവതിയെ കാറിടിച്ചു വീഴ്‌ത്തിയ ബോളിവുഡ് നടി രവീണ ടണ്ടനും ഡ്രൈവർക്കുമെതിരെ രോഷാകുലരായി നാട്ടുകാർ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. നടിക്കും ഡ്രൈവർക്കും നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച രാത്രി ബാന്ദ്ര റിസ്വി കോളേജിന് സമീപം, കാർട്ടർ റോഡിലാണ് സംഭവം.
റിവേഴ്സ് എടുക്കുന്നതിനിടെ ഡ്രൈവർ യുവതിയെ കാർ ഇടിച്ചുവീഴ്‌ത്തിയെന്നാണ്, മുംബൈ പൊലീസ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, നടിയും ഡ്രൈവറും തന്നെ ആക്രമിച്ചെന്നും, മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്നും സ്ത്രീ പറഞ്ഞു. നടിയുടെ വീടിന് സമീപത്തുകൂടി അമ്മയ്‌ക്കും, സഹോദരിക്കുമൊപ്പം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് പരിക്കേറ്റ സ്ത്രീയുടെ മകൻ പറഞ്ഞു.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അപകടം നടന്ന ശേഷം കാറിന് പുറത്തിറങ്ങിയ രവീണ മദ്യ ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് രണ്ടുകൂട്ടരും ഖാർ പൊലീസ് സ്റ്റേഷനിലെത്തി പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, പിന്നീട് ഒത്തുതീർപ്പിന് സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
പ്രശ്നം നിലവിൽ പരിഹരിച്ചെന്നും, പരസ്‌പരം പരാതിയില്ലെന്ന് രണ്ടു കൂട്ടരും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ് തിലക് റൗഷൻ പറഞ്ഞു. നടിയുടെ ഡ്രൈവർ സ്ത്രീയെ ഇടിച്ചതാണോ എന്നും ആക്രമണത്തിന്റെ യാഥാർത്ഥ്യം എന്താണെന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: