ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ രണ്ടാഴ്ചകൾ കൂടി മാത്രമെ ബാക്കിയുള്ളു. പത്ത് പേരാണ് ഹൗസിൽ ഇപ്പോൾ അവശേഷിക്കുന്നത്. ഇവരിൽ ഒരാൾക്കാകും വിജയ കിരീടം ചൂടാനാവുക. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഹൗസിനുള്ളിലും പുറത്ത് ആരാധകർ തമ്മിലും നടക്കുന്നത്. അതുപോലെ ടോപ്പ് ഫൈവ് ആരൊക്കയാകും എന്നത് സംബന്ധിച്ചുള്ള പ്രേക്ഷകരുടെ പ്രഡിക്ഷനുകളും വരാൻ തുടങ്ങി. ഇന്നും നാളെയുമായി ഒന്നോ രണ്ടോ എവിക്ഷൻ കൂടി നടന്നേക്കും.
ആരൊക്കെയാകും ഈ ആഴ്ച പുറത്താവുകയെന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകർക്കുണ്ട്. അതേസമയം ഈ ആഴ്ച മുഴുവൻ ടിക്കറ്റ് ടു ഫിനാലെ ടാസ്ക്കുകളാണ് ഹൗസിൽ നടന്നത്. വാശിയേറിയ ടാസ്കുകള്‍ക്ക് അവസാനം ടിക്കറ്റ് ടു ഫിനാലെ നേടിയിരിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. ഇത്തവണ ടിക്കറ്റ് ടു ഫിനാലെയില്‍ ഒമ്പത് ടാസ്കുകളാണ് ബിഗ് ബോസ് നല്‍കിയത്
പൊന്‍മുയല്‍, കയ്യാലപുറം, പന്താട്ടം, ചാഞ്ചാട്ടം, കൈതാങ്ങ്, പൂച്ചക്കാരുമണിക്കെട്ടും, ചവിട്ടുനാടകം, ചോർച്ച സിദ്ധാന്തം എന്നിങ്ങനെയായിരുന്നു ഒമ്പത് ടാസ്കുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയാണ് അഭിഷേക് ഫൈനലിലേക്ക് ടിക്കറ്റ് നേടിയത്. 13 പോയിന്‍റാണ് അഭിഷേക് നേടിയത്. അര്‍ജുന്‍ എട്ട് പോയന്‍റുമായി രണ്ടാം സ്ഥാനത്ത് എത്തി. മറ്റ് മത്സരാര്‍ത്ഥികളുടെ പോയന്‍റ് നില ഇങ്ങനെയാണ്. സായ്-8,റിഷി-7, ജിന്‍റോ-6, സിജോ-4, ശ്രീതു -3, നോറ- 3, ജാസ്മിന്‍- 2, നന്ദന- 1. ആദ്യ രണ്ട് ടാസ്കുകളില്‍ അഭിഷേക് വിജയം നേടിയിരുന്നു. അതില്‍ നേടിയ വന്‍ ലീഡ് അഭിഷേകിന് പിന്നീടുള്ള മത്സരങ്ങളിൽ കാര്യങ്ങൾ എളുപ്പമാക്കാൻ തുണയായി. രണ്ട് ടാസ്കുകളില്‍ അഭിഷേക് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. നേരത്തെ ടിക്കറ്റ് ടു ഫിനാലെ ബോണസ് പോയന്‍റ് ഉണ്ടായിട്ടും ജാസ്മിനും റിഷിക്കും ടിക്കറ്റ് ടു ഫിനാലെയില്‍ തിളങ്ങാന്‍ സാധിച്ചില്ല.
ടിക്കറ്റ് ടു ഫിനാലെ ലഭിക്കുന്ന വ്യക്തിക്ക് അവസാന ആഴ്ചകളിലെ ഓപ്പണ്‍ നോമിനേഷനില്‍ നിന്നും രക്ഷപ്പെട്ട് നേരിട്ട് ഫൈനലില്‍ എത്താം. അതേസമയം ഇപ്പോഴിതാ ടിക്കറ്റ് ടു ഫിനാലെയിൽ നന്ദന, സായ്, സിജോ എന്നിവർ നടത്തിയ ഒത്തുകളിയെ ചോദ്യം ചെയ്യുന്ന അവതാരകൻ മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഒമ്പതാമത്തെ ടാസ്ക്ക് വരെയും ഒരു മാർക്ക് പോലും കളിച്ച് നേടാൻ നന്ദനയ്‌ക്ക് സാധിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ നന്ദനയുടെ അടുത്ത സുഹൃത്തുക്കളായ സിജോയും സായിയും അവസാനം നടന്ന ചോർച്ച സിദ്ധാന്തം എന്ന ടാസ്ക്കിൽ ഗ്രൂപ്പ് കളിച്ച് റിഷിയേയും ജിന്റോയേയും പുറത്താക്കി നന്ദനയെ മൂന്നാം സ്ഥാനത്ത് എത്തിച്ച് ഒരു മാർക്ക് നേടി കൊടുത്തു. ഇതിനോട് പ്രേക്ഷകരും മത്സരാർത്ഥികളും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
നിങ്ങൾ കളിച്ച് ജയിച്ചതാണോ… ഇങ്ങനെയാണോ ഗെയിം കളിക്കേണ്ടത്..? എന്നാണ് നന്ദനയോട് മോഹൻലാൽ ചോദിച്ചത്. താൻ ഗെയിം മാക്സിമം എഫേർട്ട് ഇട്ട് കളിച്ചുവെന്നാണ് നന്ദന മറുപടിയായി പറഞ്ഞത്. അതുപോലെ ഒത്തുകളിയുള്ളത് പോലെ തോന്നിയെന്നും കൺസിഡറേഷനും ഫേവറിസവും ചില ആളുകൾക്ക് ഇടയിലുണ്ടെന്നും നന്ദനയെ സായിയും സിജോയും അറ്റാക്ക് ചെയ്തിരുന്നില്ലെന്നുമാണ് നോറയും ജിന്റോയും റിഷിയും നന്ദന, സായ്, സിജോ ഗ്യാങിനെ വിമർശിച്ച് മോഹൻലാലിനോട് പറഞ്ഞത്.
നന്ദന അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നാണ് സിജോ ലാലേട്ടന് നൽകിയ മറുപടി. ടിക്കറ്റ് ടു ഫിനാലെയിലെ നന്ദന, സായ്, സിജോ ഗ്യാങിന്റെ ഒത്തുകളി ചോദ്യം ചെയ്യപ്പെടണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.
വീഡിയോ വൈറലായതോടെ പെങ്ങളൂട്ടി നന്ദനയേയും ആങ്ങളമാരെയും ലാലേട്ടൻ എടുത്തിട്ട് കുടഞ്ഞത് നന്നായി എന്നാണ് ബിബി പ്രേക്ഷകർ പറയുന്നത്. അതേസമയം മൂവരുടെയും ആങ്ങളമാർ പെങ്ങൾ കോമ്പോയോട് പ്രേക്ഷകർക്ക് തീരെ താൽപര്യമില്ല. പലപ്പോഴും എപ്പിസോഡ് കാണുമ്പോൾ പോലും അലോസരമാകുന്നുവെന്നാണ് കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: