ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവ ക്ഷേത്ര വൈശാഖ മഹോത്സവത്തിനെത്തുന്നവര്‍ ഓടപ്പൂ പ്രസാദം വാങ്ങാതെ മടങ്ങി പോകാറില്ല. 28 നാള്‍ നീണ്ടു നില്‍ക്കുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളില്‍ ഒന്നാണ് ഓടപ്പൂക്കള്‍. ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുന്നവര്‍ ഓടപ്പൂവ് ഒരെണ്ണമെങ്കിലും സ്വന്തമാക്കിയാണ് മടങ്ങുക. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന്റെ സന്തോഷം കൊട്ടിയൂരില്‍ എത്താത്തവരുമായി പങ്കിടാന്‍ ഓടപ്പൂവ് നല്‍കുന്ന രീതിയും നിലവിലുണ്ട്. ക്ഷേത്ര ഐതിഹ്യവുമായി ഓടപ്പൂക്കള്‍ ബന്ധപ്പെട്ട് കിടക്കുന്നു.
പുരാണ പ്രസിദ്ധമായ ദക്ഷയാഗവുമായി ബന്ധപ്പെട്ട കഥയാണിത്. ദക്ഷപ്രജാപതി നടത്തിയ മഹായാഗത്തില്‍ ത്രിലോകങ്ങളിലുമുള്ള ദേവന്മാരെയും ഋഷീശ്വരന്മാരെയും ദക്ഷന്‍ ക്ഷണി ച്ചെങ്കിലും സ്വന്തം മകള്‍ സതീദേവിയെ ദക്ഷന്‍ ക്ഷണിച്ചില്ല. ദക്ഷന്‍ നടത്തുന്ന മഹായാഗത്തേക്കുറിച്ച് കേട്ടറിഞ്ഞ സതീദേവി യാഗത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് മഹാദേവനെ അറിയിച്ചെങ്കിലും ദക്ഷന്‍ നിന്നെ അപമാനിക്കും നിനക്കത് താങ്ങാന്‍ കഴിയില്ല എന്ന് മഹാദേവന്‍ വിലക്കി. പക്ഷേ പിന്തിരിയാതെ സതീദേവി നിരന്തരം അഭ്യര്‍ത്ഥിച്ചപ്പോള്‍ മഹാദേവന്‍ അനുമതി നല്‍കി. ദേവിക്കു അകമ്പടി സേവിക്കാന്‍ ശിവഭൂതങ്ങളെയും കൂടെ അയച്ചു. യാഗശാലയിലെത്തിയ ദേവിയെക്കണ്ട് ദേവന്മാരും യക്ഷകിന്നര ഗന്ധര്‍വന്മാരും വണങ്ങിയെങ്കിലും സ്വന്തം പുത്രിയായ സതിയെയും മഹാദേവനെയും ഭത്സിക്കയാണ് ദക്ഷന്‍ ചെയ്തത്. ഇതില്‍ മനംനൊന്തദേവി ഹോമാഗ്‌നിയില്‍ വിലയം പ്രാപിച്ചു. ദേവിയുടെ വിയോഗം അറിഞ്ഞ മഹാദേവന്‍ കടുത്ത കോപത്താല്‍ സ്വന്തം ജട പിടിച്ച് നിലത്തടിക്കുകയും അതില്‍ നിന്നും ഒരു ഉഗ്രമൂര്‍ത്തി പ്രത്യക്ഷപ്പെടുകയും ചെയ്തു. മഹാദേവന്റെ മുന്നില്‍ വണങ്ങിനിന്ന ആ ഉഗ്രമൂര്‍ത്തിയാണ് വീരഭദ്രസ്വാമി. പോയി യാഗം മുടക്കാന്‍ വീരഭദ്രനോട് മഹാദേവന്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം വീരഭദ്രസ്വാമിയും ശിവഭൂതങ്ങളും യജ്ഞം നടത്തിക്കൊണ്ടിരുന്ന മുനിശ്രേഷ്ഠന്മാരെയും യജ്ഞാചാര്യനായ ഭ്യഗുമുനിയെയും പലപ്രകാരേണ പീഡിപ്പിക്കുകയും അവരുടെ വെളുത്ത താടിരോമങ്ങള്‍ മുറിച്ച് കാട്ടിലെറിയുകയും ദക്ഷന്റെ ശിരസ്സ് നുള്ളിയെടുത്ത് ഹോമകുണ്ഡത്തിലിടുകയും ചെയ്തു. ഭൃഗുമുനിയും മറ്റ് മുനിമാരും തപഃശക്തി ഉള്ളവരായതിനാല്‍ താടിരോമങ്ങള്‍ വീണ ഇടത്ത് വെളുത്ത പൂക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നും അത് ‘ഓടപ്പൂ’ എന്ന് അറിയപ്പെടുകയും ചെയ്തു എന്നാണ് ഐതിഹ്യം.
ഐതിഹ്യം എന്തുതന്നെയായാലും കൊട്ടിയൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാവരും ഗൃഹത്തില്‍ തൂക്കാനായി ഓടപ്പൂ വാങ്ങാറുണ്ട്. ഈറ്റയുടെ വിഭാഗത്തില്‍പെട്ട ഓടയുടെ ഇളം തണ്ട് ചതച്ചെടുത്ത് നാരുപോലെ ആക്കിയാണ് ഓടപ്പൂ നിര്‍മ്മിക്കുന്നത്. എല്ലാ ഹൈന്ദവ ഗൃഹങ്ങളിലും, വാഹനങ്ങളിലും ഐശ്യര്യത്തിനായി ‘ഓടപ്പൂ’ തൂക്കാറുണ്ട്. ഇതു വീടിന് മുന്‍വശത്ത് തൂക്കിയാല്‍ രോഗപീഡകളും സകല വിഘ്‌നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതാവും എന്നാണ് വിശ്വസം.
നിര്‍മ്മാണം വ്രതനിഷ്ഠയോടെ
ഓടപ്പൂവിന്റെ നിര്‍മാണത്തിനും വ്രതനിഷ്ഠകളുണ്ട്. മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ച് അമ്പതു ദിവസം വ്രതമെടുത്താണ് ഓടശേഖരണം മുതല്‍ തല്ലിച്ചതച്ചു പൂക്കളാക്കലും വില്‍പ്പനയും നടത്തുന്നത്. ഓട വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് നല്‍കുന്നത്. ദിവസങ്ങളുടെ അധ്വാനം വേണം ഓടപ്പൂവ് നിര്‍മിക്കാന്‍. ഓട ചതയ്‌ക്കുന്നത് സ്ത്രീകളാണ്. ഉത്സവകാലത്തേ ഓടപ്പൂ ലഭിക്കൂ. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന ഓടപ്പൂക്കള്‍ പ്രസാദമായി ലഭിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് കൊട്ടിയൂര്‍. അതുകൊണ്ടുതന്നെ കൊട്ടിയൂര്‍ പെരുമാളിനെ വനവാസികള്‍ വിളിക്കുന്നത് ഓടക്കാടച്ഛന്‍ എന്നാണ്. പ്രകൃതിയും മനുഷ്യരും വിശ്വാസവും ഇടകലരുന്നതാണ് ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍. അടുത്ത വൈശാഖം വരെയുള്ള ഐശ്വര്യത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓടപ്പൂവ് തൂക്കല്‍. ചെറിയ പൂവിന് 70 രൂപ മുതലും വലുതിന് 140 രൂപവരെയുമാണ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: