കണ്ണൂർ: എയർഹോസ്റ്റസുമാരും മറ്റു ക്യാബിൻ ക്രൂ അംഗങ്ങളും സ്വർണക്കടത്തിൽ പങ്കാളികളാണെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം വായിച്ചത്. എയർ ഹോസ്റ്റസായ സുരഭി കാത്തൂൺ അറസ്റ്റിലായപ്പോൾ രഹസ്യ ഭാഗത്ത് ഒരു കിലോയോളം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. സുരഭി കാത്തൂൺ അറസ്റ്റിലായതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനും തില്ലങ്കേരി സ്വദേശിയുമായ സുഹൈലിനെ ഡിആർഐ അറസ്റ്റ് ചെയ്തത്.
ഈ രീതിയിൽ സ്വർണം കടത്തിയതിന് വിമാനക്കമ്പനി ജീവനക്കാർ പിടിയിലാകുന്നത് രാജ്യത്തെ ആദ്യ സംഭവമാണെന്നും ഡിആർഐ ചൂണ്ടിക്കാട്ടി. സുരഭി കാത്തൂൺ പല ഘട്ടങ്ങളിലായി ഇരുപത് കിലോയോളം സ്വർണം കടത്തിയെന്നാണ് ഡിആർഐക്ക് ലഭിച്ച വിവരം. പുറത്തു വരുന്ന വിവരമനുസരിച്ച് സ്വർണം മാത്രമല്ല, വിദേശ കറൻസിയും സംഘം കടത്തിയിട്ടുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. എയർ ഹോസ്റ്റസുമാർക്ക് ഓരോ തവണയും സ്വർണം കടത്തുമ്പോൾ 50,000 രൂപ വീതമാണ് ലഭിക്കുക.
ക്യാബിൻ ക്രൂ അംഗമായ തനിക്ക് സ്വർണക്കടത്തിന് ഓരോ തവണയും രണ്ടു ലക്ഷം രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് സുഹൈൽ അന്വേഷണ സംഘത്തിന് മൊഴി നൽകി. പത്ത് വർഷമായി ക്യാബിൻ ക്രൂവായി ജോലി ചെയ്യുന്ന സുഹൈൽ എങ്ങനെയാണ് താൻ സ്വർണം കടത്തിയിരുന്നതെന്നും അന്വേഷണ സംഘത്തോട് വിശദീകരിച്ചു.വിദേശത്ത് നിന്ന് യാത്രക്കാരാണ് സ്വർണം എയർപോർട്ട് വരെ എത്തിക്കുന്നത്.
വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാർ സ്വർണം ഉപേക്ഷിക്കും. തുടർന്ന്, എയർഹോസ്റ്റസുമാർ ഇത് കണ്ടെടുത്ത് മലദ്വാരത്തിലോ മറ്റ് ശരീര ഭാഗങ്ങളിലോ ഒളിപ്പിക്കുകയുമാണ് പതിവ്. എയർ ഹോസ്റ്റസുമാരുടെ വീട്ടിലെത്തിയാണ് സുഹൈൽ സ്വർണം ശേഖരിച്ചിരുന്നത്. കേരളത്തിൽ കരിപ്പൂർ വിമാനത്താവളത്തിന് പിന്നാലെ സ്വർണക്കടത്തിന് ഏറെ കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുകയാണ് കണ്ണൂർ വിമാനത്താവളവും.
സർക്കാർ ഏജൻസികളെ നോക്കുകുത്തിയാക്കി സ്വർണക്കടത്ത് മാഫിയ വളരുന്നതിന് പിന്നിൽ വമ്പൻ സ്രാവുകളാണെന്ന ആരോപണം നിലനിൽക്കവെയാണ് പുതിയ സംഭവം. പിടിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് പിടിക്കപ്പെടാതെ പോകുന്നതെന്നും ആരോപണമുണ്ട്. കരിപ്പൂരിലെ സ്വർണക്കടത്തിന്റെ ഹബ്ബാക്കി മാറ്റിയവർ തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെയും സ്വർണക്കടത്തിന് പിന്നിൽ.
ഇതിൽ കോൺഗ്രസ്, മുസ്ലീം ലീഗ്, സിപിഎം പാർട്ടികൾക്ക് പങ്കുണ്ടെന്നതും പകൽ പോലെ വ്യക്തമാണ്. ഇക്കഴിഞ്ഞ ദിവസമാണ് ശശി തരുർ എംപിയുടെ പിഎ യെ ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് അറസ്റ്റ് ചെയ്തത്. സ്വർണക്കടത്ത് സംഘങ്ങൾക്ക് സ്വർണ ശുദ്ധീകരണ കേന്ദ്രമുൾപ്പെടെയുണ്ട് . മുക്കം നീലേശ്വരം നുഞ്ഞിക്കരയിലെ സ്വർണശുദ്ധീകരണ കേന്ദ്രം ഡി.ആർ.ഐ സംഘം കണ്ടെത്തിയിരുന്നു. 570 കിലോ സ്വർണം ശുദ്ധീകരിച്ച് നൽകിയതിന്റെ രേഖകളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: