കന്യാകുമാരി: വിവേകാനന്ദപ്പാറയില്‍ ആത്മീയതയുടെ ധ്യാന നിശബ്ദതയില്‍ ലയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് ഉച്ചയ്‌ക്ക് ധ്യാനം അവസാനിപ്പിച്ച് തിരുവള്ളുവര്‍ പ്രതിമയിലും സന്ദര്‍ശനം നടത്തി മൂന്ന് മണിയോടെ ബോട്ടില്‍ തീരത്തേക്കെത്തും. തുടര്‍ന്ന് കന്യാകുമാരി ഹെലിപ്പാഡില്‍ നിന്ന് 3.25 ന് തിരുവനന്തപുരത്തെത്തി ദല്‍ഹിക്ക് മടങ്ങും.
കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി 30ന് വൈകിട്ട് 5.40 ന് കന്യാകുമാരി ദേവീക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് ക്ഷേത്രത്തെ പ്രദക്ഷിണം വച്ച ശേഷമാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തിയത്. അവിടെ സ്വാമി വിവേകാനന്ദന്റെ പ്രതിമയില്‍ പുഷ്പം അര്‍പ്പിച്ച് ധ്യാനമണ്ഡപത്തിലെത്തി ശ്രീരാമകൃഷ്ണ പരമഹംസരുടെയും ശാരദാദേവിയുടെയും ചിത്രത്തിലും പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ധ്യാനനിമഗ്നനായത്.
ഓംകാര മന്ത്രം മുഴങ്ങുന്ന ധ്യാനമണ്ഡപത്തില്‍ കാവിവസ്ത്രധാരിയായാണ് നരേന്ദ്രമോദി ധ്യാനത്തിലമര്‍ന്നത്. ഉപവാസത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ മുഴുകിയ മോദി ധ്യാനമണ്ഡപത്തില്‍ ഒറ്റയ്‌ക്കായിരുന്നു. ആദ്യ ദിവസത്തെ ധ്യാനത്തിനു ശേഷം പുലര്‍ച്ചെ സൂര്യോദയ സമയത്ത് പുറത്തുവന്ന് സൂര്യനഭിമുഖമായി നിന്ന് സമുദ്രപൂജ ചെയ്ത ശേഷമായിരുന്നു ധ്യാനം തുടര്‍ന്നത്. ധ്യാനാരംഭ ദിവസം രാത്രിയില്‍ അദ്ദേഹം ചൂടുവെള്ളം മാത്രമാണ് കഴിച്ചത്. ഇന്നലെ രാവിലെ ചെറിയ അളവില്‍ ഉണക്കമുന്തിരിയും കരിക്കിന്‍ വെള്ളവുമായിരുന്നു ഭക്ഷണം.
മെയ് 30ന് ആണ് ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന ത്രിവേണീ സംഗമ തപോഭൂമിയായ കന്യാകുമാരിയില്‍ നരേന്ദ്രമോദി ധ്യാനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക