ദുബായ്: വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തുന്നവര്‍ അതേ എയര്‍ലൈനില്‍ തന്നെ മടക്കയാത്രക്കുള്ള ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്തിരിക്കണമെന്ന് മുന്നറിയിപ്പ്. മറ്റൊരു എയര്‍ലൈനില്‍ റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ ചില യാത്രക്കാര്‍ക്ക് യുഎഇ യാത്ര തടസപ്പെട്ടതായി ട്രാവല്‍ ഏജന്റുമാരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോള്‍, ഒമാന്‍ എയര്‍വേസ് വണ്‍വേ ടിക്കറ്റില്‍ യാത്ര അനുവദിക്കുന്നില്ല. മറ്റ് എയര്‍ലൈനുകളുടെ സ്ഥിതിയും ഇതുതന്നെയെന്ന് ഒമാന്‍ എയര്‍വേസ് അധികൃതര്‍ പറഞ്ഞു. ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ പരിശോധന കര്‍ശനമാക്കിയതിന് പിന്നാലെയാണ് ഈ യാത്രാ നിബന്ധന. ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ വേണ്ടത്ര പണമില്ലാതെ വിഷമിക്കുകയും മടക്കയാത്ര നടത്താനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കര്‍ക്കശ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
ദുബായ് സന്ദര്‍ശന വിസയിലുള്ള യാത്രക്കാര്‍ 3,000 ദിര്‍ഹം പണമായോ ക്രെഡിറ്റ് കാര്‍ഡായോ സൂക്ഷിക്കണമെന്നും സാധുവായ റിട്ടേണ്‍ ടിക്കറ്റ് താമസത്തിനുള്ള തെളിവ് എന്നിവ കൈവശം വയ്ക്കണമെന്നും നിര്‍ബന്ധമാക്കിയിരുന്നു. നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ യാത്രക്കാരെയടക്കം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് മടക്കി അയച്ച സംഭവങ്ങള്‍ അടുത്തിടെ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: