പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അനാവശ്യ പക വെച്ചു പുലര്‍ത്തിയിരുന്ന രാജ്യത്തെ മാധ്യമങ്ങളില്‍ ആ പക ഇപ്പോഴും കൊണ്ടുനടക്കുന്നത് കേരളത്തിലെ ചില മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും മാത്രമാണ്. ഇനിയും നേരം വെളുത്തിട്ടില്ലാത്തവരാണവര്. വാളയാറിനപ്പുറത്തെ ഇന്ത്യയെപ്പറ്റി യാതൊന്നുമറിയാത്ത, യാതൊന്നുമറിയാന്‍ താല്‍പ്പര്യമില്ലാത്ത ഇക്കൂട്ടരോട് സഹതപിക്കുക മാത്രമേ വഴിയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിറഞ്ഞുനിന്ന കഴിഞ്ഞ രണ്ടുമാസവും മലയാള മാധ്യമലോകം അവരുടെ സ്വതസിദ്ധമായ മോദിവിരോധം മലയാളിക്കുമേല്‍ ആവശ്യത്തിലധികം ചൊരിഞ്ഞുകഴിഞ്ഞു. ശരിയാണോയെന്ന് രണ്ടാമതൊന്ന് നോക്കുക പോലും ചെയ്യാതെ പ്രസിദ്ധീകരിച്ച, സംപ്രേഷണം ചെയ്ത മോദി വിരുദ്ധ വാര്‍ത്തകളാല്‍ നിറഞ്ഞുനില്‍ക്കുകയാണ് കേരളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങള്‍. അതിന്റെ അവസാനത്തേതാണ് മോദിയുടെ ഗാന്ധിപരാമര്‍ശം സംബന്ധിച്ച് മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളും മുഖപ്രസംഗങ്ങളും. മാധ്യമപ്രവര്‍ത്തകരുടെ അന്ധമായ രാഷ്ട്രീയ വിരോധവും സ്ഥാപനങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക താല്‍പ്പര്യങ്ങളുമെല്ലാം കേരളത്തില്‍ മാത്രം അവശേഷിക്കുന്ന മോദി വിരോധത്തിന്റെ കാരണങ്ങളാണ്. പത്രത്തിലെഴുതി നാറ്റിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്ന അവരുടെ പഴയരീതികള്‍ ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്ന അപൂര്‍വ്വ ജന്മങ്ങള്.
ഗുജറാത്ത് മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ച 22 വര്‍ഷവും നരേന്ദ്രമോദിക്ക് കല്ലും മുള്ളും നിറഞ്ഞ പാതയൊരുക്കിയ, നിഷ്പക്ഷമില്ലായ്മയില് കുപ്രസിദ്ധരായ രാജ്യത്തെ മാധ്യമങ്ങളെ എക്കാലവും അവഗണിച്ചും കൈയകലത്തില്‍ നിര്‍ത്തിയുമാണ് അദ്ദേഹം മുന്നോട്ടുപോയത്. ഇനിയുള്ള കാലവും നരേന്ദ്രമോദി അങ്ങനെ തന്നെ പ്രവര്‍ത്തിക്കും. രാജ്യത്തെ 140 കോടി ജനങ്ങളോട് സംവദിക്കാന്‍ തനിക്ക് മാധ്യമങ്ങളുടെ സഹായം അത്രയ്ക്ക് ആവശ്യമില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പൊതുപരിപാടികളിലൂടെയും നടത്തുന്ന സജീവമായ ഇടപെടലുകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ഈ തെരഞ്ഞടുപ്പുകാലത്ത് 206 റാലികളും റോഡ് ഷോകളും നടത്തി ജനങ്ങള്‍ക്കിടയിലാണ് മോദി. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്ക്കപ്പുറം ജനങ്ങള്‍ക്ക് മോദിയെ ഇന്ന് നന്നായറിയാം. പ്രധാനമന്ത്രിയായ മോദിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും കോടിക്കണക്കിന് പേരുണ്ടെന്ന തിരിച്ചറിവിലാണ് ദേശീയ മാധ്യമങ്ങള്‍ അദ്ദേഹത്തോടുള്ള അവഗണന ഉപേക്ഷിച്ചത്. മോദിയെ കാണിച്ച് വായനക്കാരെ വര്‍ദ്ധിപ്പിച്ചും പ്രേക്ഷകരുടെ എണ്ണം ഉയര്‍ത്തിയും ദേശീയ മാധ്യമങ്ങള്‍ മോദിക്ക് പിന്നാലെ കൂടി. അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തും അദ്ദേഹത്തിന്റെ റാലികളും റോഡ് ഷോകളും കൂടുതല്‍ സമയം കാണിച്ചും മാധ്യമങ്ങളും റേറ്റിംഗ് ഉയര്‍ത്തി. കേരളത്തിലെ ചില മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കും പോലെ മോദിയോ ബിജെപിയോ വിലയ്ക്കെടുത്തല്ല ദേശീയ മാധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് പ്രാധാന്യം കൊടുത്തു തുടങ്ങിയത് എന്നതാണ് യാഥാര്‍ത്ഥ്യം. കോടിക്കണക്കിന് രൂപയുടെ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ വാരിക്കോരി കൊടുത്ത് മാധ്യമങ്ങളെ സ്വാധീനിക്കുന്ന പഴയ കോണ്‍ഗ്രസ് രീതിയും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമില്ല. മോദിക്ക് മാധ്യമങ്ങളെയല്ല, മാധ്യമങ്ങള്‍ക്ക് മോദിയെയാണ് ആവശ്യം എന്നതിലേക്ക് രാജ്യത്തെ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞു.
ഈ രാജ്യത്ത് തൊള്ളായിരത്തിലധികം വാര്‍ത്താ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പറഞ്ഞിരുന്നു. ഈ മാധ്യമങ്ങള്‍ തന്നോട് എന്താണ് ചെയ്യുന്നത് എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും എന്നാല്‍ ഇത്രയധികം മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകള്‍ എന്നിവയിലായി 80ലേറെ മാധ്യമങ്ങള്‍ക്കാണ് അദ്ദേഹം പ്രത്യേക അഭിമുഖങ്ങള്‍ നല്‍കിയത്. കേരളത്തില്‍ നിന്നും ഒരു പത്രമാധ്യമത്തിനും ഒരു വാര്‍ത്താ ചാനലിനും പ്രധാനമന്ത്രിയുടെ അഭിമുഖം ലഭിച്ചിരുന്നു. മോദിയെ അടുത്തറിയാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ വേണ്ടതിലധികമുണ്ടായിട്ടും മനഃപ്പൂര്‍വ്വം മുഖം തിരിഞ്ഞു നില്ക്കുന്നവരുടെ മാനസികാവസ്ഥയോട് സഹതാപം മാത്രം.
മലയാള മാധ്യമ പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷത്തിനും ഹിന്ദി അറിയില്ല എന്നത് വസ്തുതയാണ്. അറിയില്ലെങ്കില്‍ ചോദിച്ച് മനസ്സിലാക്കുക എന്നതാണ് സ്വീകരിക്കാവുന്ന മാതൃക. എന്നാല്‍ അറ്റവും മുറിയും മനസ്സിലാക്കി വികലമായി വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്നതാണ് ഇപ്പോള്‍ അവര്‍ ചെയ്യുന്ന തെറ്റ്. വിദേശത്ത് ഒളിപ്പിച്ചുവെച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവന്ന് രാജ്യത്തെ എല്ലാവര്ക്കും പതിനഞ്ചു ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലിട്ടു നല്‍കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതായി പ്രചരിപ്പിച്ചിരുന്നവര്‍ തെറ്റു തിരിച്ചറിഞ്ഞ് പതിയെ തിരുത്തി തുടങ്ങിയത് പത്തുവര്ഷങ്ങള്ക്കിപ്പുറമാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിലെ സ്വന്തം തെറ്റ് അംഗീകരിക്കാന്‍ അവരെടുത്ത സമയം പത്തുവര്‍ഷം. എബിപി ന്യൂസിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്കിയ അഭിമുഖമാണ് ഇപ്പോള്‍ മലയാള മാധ്യമ പ്രവര്‍ത്തകരുടെ ഹിന്ദി പരിജ്ഞാനത്തിന്റെ അളവുകോലായി മാറിയിരിക്കുന്നത്. എബിപി ന്യൂസിലെ റുമാന ഇസാഖാന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായി പ്രധാനമന്ത്രി നല്കിയ വാക്കുകളാണ് വിവാദമാക്കുന്നത്. ഗാന്ധി സിനിമ പുറത്തിറങ്ങിയ ശേഷമാണ് ലോകം മഹാത്മാഗാന്ധിയെപ്പറ്റി കേള്‍ക്കുന്നത് എന്ന് മോദി പറഞ്ഞു എന്നാണ് പ്രചാരണം. മോദിയുടെ വാക്കുകള്‍ മനസ്സിലാക്കാനുള്ള വിവരമില്ലായ്മ മാത്രമല്ല പ്രശ്നം, ഏതെങ്കിലുമൊക്കെ മാര്‍ഗ്ഗത്തിലൂടെ മോദിയെ അപമാനിക്കുക, ജനങ്ങളില്‍ മോദിയോട് വിദ്വേഷം ഉണ്ടാക്കുക എന്നതു മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്താണ് മോദി പറഞ്ഞ മുഴുവന്‍ വാക്കുകളും എന്ന് നമുക്ക് പരിശോധിക്കാം.
റുമാനയുടെ ചോദ്യം: പ്രധാനമന്ത്രി ജീ, അങ്ങ് വികസനത്തെപ്പറ്റിയും പാരമ്പര്യത്തേപ്പറ്റിയും ഒരേപോലെയാണ് പ്രതിപാദിക്കുന്നത്. അഞ്ഞൂറ് വര്‍ഷത്തെ കാത്തിരിപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. രാംലല്ല അവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമിപൂജ മുതല്‍ പ്രാണപ്രതിഷ്ഠ വരെയുള്ള ചടങ്ങുകളില്‍ അങ്ങ് നേതൃത്വം വഹിച്ചു. എന്നാല്‍ പ്രതിപക്ഷം ഇതില്‍ നിന്ന് അകന്നു നിന്നു. രാജ്യത്തിന്റെ സമൂഹം, സംസ്ക്കാരം, പാരമ്പര്യം, മൂല്യങ്ങള്‍ എന്നിവയുമായി പ്രതിപക്ഷ പാര്‍ട്ടികളുടെ ധാരണയും ബന്ധവും വിലയിരുത്തുന്നതാവുമോ ഈ തെരഞ്ഞെടുപ്പ്?
പ്രധാനമന്ത്രിയുടെ മറുപടി: പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് ബാങ്കിന്റെ രാഷ്ട്രീയത്തില്‍ പെട്ടുകിടക്കുകയാണ്. അതുമൂലം ഇവര്‍ കടുത്ത ജാതി, മത, കുടുംബവാദികളായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ടാമത്തെ കാര്യം എന്നത് അവരൊരിക്കലും അടിമത്ത മനോഭാവത്തില്‍ നിന്ന് പുറത്തുവന്നിട്ടില്ല എന്നതാണ്. അതുകൊണ്ടാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ നിയമങ്ങള്‍ 21ാം നൂറ്റാണ്ടില്‍ എനിക്ക് മാറ്റേണ്ടിവന്നത്. അതു നേരത്തെ തന്നെ മാറ്റേണ്ടതായിരുന്നില്ലേ. ഇതായിരുന്നു നമ്മുടെ അവസ്ഥ.
രാജ്യത്തെ പുണ്യക്ഷേത്രങ്ങളുടെ കാര്യം മാത്രമല്ല, നോക്കൂ, ഈ ലോകത്തിലെ തന്നെ ഏറ്റവും മഹാനായ വ്യക്തിത്വമായിരുന്നല്ലോ മഹാത്മാ ഗാന്ധി. അദ്ദേഹത്തെപ്പറ്റി ലോകത്തിന് മനസ്സിലാക്കി നല്കാന് കഴിഞ്ഞ 75 വര്‍ഷം നമുക്ക് കഴിയുമായിരുന്നില്ലേ. ആര്ക്കുമദ്ദേഹത്തെപ്പറ്റി അറിയില്ല, ഈ പറഞ്ഞതിന് എന്നോട് മാപ്പാക്കണം. ഗാന്ധി സിനിമ പുറത്തിറങ്ങിയ ശേഷം ലോകത്ത് ഒരു ആകാംക്ഷയുണ്ടായി, ആരാണ് ഇദ്ദേഹം എന്നതു സംബന്ധിച്ച്. നമ്മള് ഗാന്ധിജിയെപ്പറ്റി ലോകത്തോട് ഒന്നും പറഞ്ഞില്ല. ഈ രാജ്യത്തിന്റെ കടമയായിരുന്നു ഗാന്ധിയെപ്പറ്റി പറയുകയെന്നത്. മാര്ട്ടിന് ലൂഥര്‍ കിങ്ങിനെയും നെല്സന് മണ്ടേലയെയും ലോകം അറിഞ്ഞിരുന്നു. ഗാന്ധിജി അവരേക്കാള്‍ ഒട്ടും കുറഞ്ഞയാളായിരുന്നില്ല. ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുകയാണ്, ഗാന്ധിജിയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ഭാരതത്തിന് വലിയ അംഗീകാരം നേടിത്തരേണ്ടുന്നവയാണ്. ലോകത്തിലെ പല പ്രതിസന്ധികള്‍ക്കും പരിഹാരം ഗാന്ധിയാണ്. എന്നാല്‍ നമ്മള് ഗാന്ധിയെ ലോകത്തിന് മുന്നിലേക്ക് അത്തരത്തില്‍ അവതരിപ്പിച്ചില്ല. നമ്മള് പലതും നഷ്ടപ്പെടുത്തി. ഗുജറാത്തില്‍ ഞാന്‍ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മ്മിച്ചു. ദാണ്ഡിയില്‍ ഉപ്പുസത്യാഗ്രഹ സ്മാരകം ഞാന്‍ നിര്‍മ്മിച്ചു. നിങ്ങളെല്ലാം അവിടെ പോയി കാണണം. ബാബാസാഹേബ് അംബേദ്ക്കറുടെ പഞ്ചതീര്‍ത്ഥ നിര്‍മ്മിച്ചു. അവിടെ പോയി കാണൂ. നമ്മുടെ ഇതിഹാസങ്ങളെ തിരിച്ചറിഞ്ഞു മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിഹാസങ്ങളില്‍ നിന്ന് വേണം നാം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത്. അതില്‍ സാംസ്ക്കാരിക പൈതൃകവുമുണ്ട്. അത്തരത്തില്‍ ഈ രാജ്യം ലോകത്തിനു മുന്നിലേക്ക് അഭിമാനത്തോടെ കടന്നു ചെല്ലണം. അഞ്ഞൂറു വര്‍ഷത്തിന് ശേഷം കോടതി വിധി പുറത്തുവന്നപ്പോള്‍ ഈ രാജ്യത്ത് പൂര്‍ണ്ണരൂപത്തിലുള്ള ശാന്തതയായിരുന്നു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ അതിലേറെ ഐക്യത്തോടെയും ആഹ്ലാദത്തോടെയുമാണ് നടന്നത്. ബാബറി മസ്ജിദിനു വേണ്ടി വാദിച്ച ഹര്ജിക്കാരന് ഇക്ബാല്‍ അന്‍സാരിയുടെ അടക്കം സാന്നിധ്യമവിടെയുണ്ടായിരുന്നു. ഇതാണ് നമ്മുടെ നാട്. പക്ഷേ ചിലര്‍ക്ക് അവരുടെ വോട്ട് ബാങ്കാണ് പ്രശ്നം.
ഈ പ്രസ്താവനയില്‍ എവിടെയാണ് പ്രധാനമന്ത്രി ഗാന്ധിജിയെ അപമാനിച്ചതെന്ന് മലയാള മാധ്യമങ്ങള്‍ അവര്‍ പറഞ്ഞുപറ്റിക്കുന്ന കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയുണ്ട് എന്നൊന്നും പറയുന്നില്ല. ദൈവത്തിന്റെ പ്രതിനിധിയാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നവര്‍ അത്തരം കള്ളങ്ങളെല്ലാം തിരുത്തുമെന്ന പ്രതീക്ഷയൊന്നുമില്ല. പക്ഷേ, രാജ്യത്തെ ജനങ്ങളുമായി സംവദിക്കാന്‍ മാധ്യമങ്ങളുടെ യാതൊരു സഹായവും ആവശ്യമില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാമൂഴം നിങ്ങള്‍ക്ക് അത്ര സുഖകരമാകില്ലെന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: