പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തേതും അവസാനത്തെ ഘട്ടവുമായ വോട്ടെടുപ്പ് ഇന്ന് അവസാനിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തെ ലോകജനത ആകാംക്ഷയോടെയും കൗതുകത്തോടെയും ഉറ്റുനോക്കുകയാണ്. 140 കോടിയാണ് ഭാരതത്തിന്റെ ജനസംഖ്യ. ഇതിന്റെ പത്തിലൊന്നുപോലുമില്ലാത്ത രാജ്യങ്ങളില്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജനാധിപത്യം അസാധ്യമായിരിക്കുകയും, ഏകാധിപത്യത്തിന്റെ നുകത്തിന് കീഴില്‍ ജനങ്ങള്‍ ഞെരിഞ്ഞമരുകയും ചെയ്യുമ്പോഴാണ് ഭാരതം ഓരോ പൗരന്റെയും അഭിമതം അറിഞ്ഞ് പുതിയൊരു സര്‍ക്കാരിനെ അധികാരത്തിലേറ്റുന്നത്. അനേകം വൈവിധ്യങ്ങള്‍ പുലരുകയും, എണ്ണിത്തിട്ടപ്പെടുത്തല്‍ പ്രയാസപ്പെടുന്ന വിധത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുകുകയും ചെയ്യുന്ന അവസ്ഥയിലും അക്രമത്തിന്റെതായ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ അത്യന്തം സമാധാന പൂര്‍ണമായ തെരഞ്ഞെടുപ്പിന്റെ രൂപത്തിലുള്ള ഹിതപരിശോധന ഇവിടെ സാധ്യമാണെന്നുള്ളത് ഭാരതീയ സംസ്കാരത്തിന്റെ സവിശേഷതയാണ്. വോട്ടിങ് ശതമാനം വളരെയധികം കുറഞ്ഞു, ജനാധിപത്യത്തിനു പകരം മെജോറിറ്റേറിയനിസത്തിലേക്കാണ് രാജ്യം പോകുന്നത് എന്നൊക്കെയുള്ള മുറവിളികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഈ ലോക്സഭാ തെരഞ്ഞെടുപ്പും തെളിയിക്കുകയാണ്. 2019 ലെ ശതമാനക്കണക്കു വച്ച് ഇത്തവണ പോളിങ് ശതമാനം കുറഞ്ഞു എന്ന് വിലപിക്കുന്നവര്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ ഇതിലും കുറവായിരുന്നു പോളിങ്ങെന്ന വസ്തുത വിസ്മരിക്കുകയാണ്. രാജീവ് ഗാന്ധി കൊലചെയ്യപ്പെട്ടതിനു ശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം 50 ശതമാനത്തിന് തൊട്ടുമീതെയായിരുന്നു.
2014 ലെയും 2019 ലെയും തെരഞ്ഞെടുപ്പുകളെപ്പോലെ അത്യന്തം വാശിയേറിയ ലോക്സഭാ തെരഞ്ഞെടുപ്പിനാണ് ഇക്കുറിയും രാജ്യം സാക്ഷ്യം വഹിച്ചത്. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സമ്പൂര്‍ണമായ ഐക്യത്തോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും തുടര്‍ഭരണം ലക്ഷ്യം വച്ച് തികഞ്ഞ ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ പരസ്പരം തമ്മിലടിച്ച് വിശ്വാസ്യത തീരെയില്ലാതെയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന ഇന്‍ഡി മുന്നണി മത്സരത്തിനിറങ്ങിയത്. തങ്ങളുടെ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അവര്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പഴിക്കുന്നതാണ് ജനങ്ങള്‍ കണ്ടത്. അധികാരം ലഭിച്ചാല്‍ ആരാണ് പ്രധാനമന്ത്രിയെന്നും, എന്തൊക്കെയാണ് പരിപാടികളെന്നും പറയാന്‍ പറ്റാതെ ഒരേ സമയം വിവിധ ദിശകളിലേക്ക് പിടിച്ചുവലിക്കുന്ന പ്രതിപക്ഷപാര്‍ട്ടികളെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യം അറിയാവുന്നതുകൊണ്ട് തെറ്റായ പ്രചാരവേല ചെയ്ത് മുഖംരക്ഷിക്കാനാണ് ഇന്‍ഡി സഖ്യം ശ്രമിച്ചത്. പോളിങ് ശതമാനം കുറഞ്ഞത് എന്തോ വലിയ അട്ടിമറിയായി ഇവര്‍ ചിത്രീകരിച്ചു. മുന്‍കാലങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണച്ചവര്‍ക്ക് ഇപ്പോള്‍ അതില്‍ താല്‍പ്പര്യമില്ലാത്തതാണ് പോളിങ് ശതമാനം കുറയാനുള്ള ഒരു കാരണം. കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും അണികള്‍ വോട്ടുചെയ്യാന്‍ വന്നില്ല. പ്രതിപക്ഷം എത്രയൊക്കെ ശ്രമിച്ചാലും അധികാരത്തില്‍ വരാന്‍ പോകുന്നത് ബിജെപിയും നരേന്ദ്ര മോദിയുമായിരിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ പിന്തുണച്ചിരുന്നവര്‍ക്കുപോലും അറിയാമെന്നര്‍ത്ഥം. പിന്നെയെന്തിന് വോട്ടു ചെയ്യാന്‍ പോയി മെനക്കെടണം എന്ന ചിന്തയാണ് ഇവരെ നയിച്ചത്.
ആരായിരുന്നു ഈ തെരഞ്ഞെടുപ്പിലെ നായകന് എന്നു ചോദിച്ചാല്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നായിരിക്കും ആരുടെയും ഉത്തരം. ഹിമാലയം പോലെ രാഷ്ട്രീയ ഔന്നത്യമുള്ള മോദി ഒരു ഭാഗത്തും, രാഷ്ട്രീയ കുള്ളന്മാരായ എതിരാളികള്‍ മറുഭാഗത്തും അണിനിരന്നുകൊണ്ടുള്ള മത്സരമാണ് നടന്നത്. രാജ്യം മുഴുവന്‍ കൊടുങ്കാറ്റുപോലെ സഞ്ചരിച്ച് ജനങ്ങളോട് സംവദിച്ച മോദിക്കൊപ്പമെത്താന്‍ ഒരാള്‍ക്കും കഴിഞ്ഞില്ല. ഇരുന്നൂറിലേറെ മഹാ സമ്മേളനങ്ങളിലാണ് മോദി പങ്കെടുത്തത്. പ്രമുഖ മാധ്യമങ്ങള്‍ക്ക് എണ്‍പതോളം അഭിമുഖങ്ങളാണ് നല്‍കിയത്. ഇതൊരു റെക്കോഡാണ്. പ്രധാനമന്ത്രി സഞ്ചരിച്ച ഇടങ്ങളിലെല്ലാം ജനസമുദ്രങ്ങളാണ് അലയടിച്ചത്. പ്രധാനമന്ത്രി മോദി വീണ്ടും ജനവിധി തേടുന്നത് ഉത്തര്‍പ്രദേശിലെ വാരാണസിയിലാണെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നയിടങ്ങളിലെല്ലാം മോദിയുടെ പ്രത്യക്ഷവും പരോക്ഷവുമായ സാന്നിധ്യമുണ്ടായിരുന്നു. അഭിപ്രായ സര്‍വെകളെല്ലാം തന്നെ മോദിക്ക് മൂന്നാമൂഴം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഇന്ന് വൈകിട്ട് പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളും വ്യത്യസ്തമായിരിക്കില്ല. ഇത് അറിയാവുന്നതുകൊണ്ടാണ് ഇന്നത്തെ എക്സിറ്റ്പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. യഥാര്‍ത്ഥ ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം കാത്തിരുന്നാല്‍ മതിയെന്ന സന്തോഷം ജനങ്ങളില്‍ പ്രകടമാണ്. ഭരണസ്ഥിരത ഉറപ്പുവരുത്തി രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്താന്‍ മോദി സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന വിശ്വാസം ജനങ്ങളില്‍ രൂഢമൂലമായിരിക്കുന്നു. ഇതിനനുസൃതമായിരിക്കും ജനവിധി എന്നതില്‍ സംശയിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: