കോഴിക്കോട്: രാജ്യത്തും പുറത്തും പ്രസിദ്ധനായ ‘സ്ഫോടന നിയന്ത്രണ വിദഗ്ധന്‍’ ഡോ. ആര്. വേണുഗോപാല്‍ 34 വര്‍ഷം നീണ്ട സര്‍വീസില്‍ നിന്ന് വിരമിച്ചു. പെട്രോളിയം ആന്‍ഡ് എസ്ക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനില്‍ (പെസോ) നിന്നാണ് ഇന്നലെ ഔദ്യോഗികമായി പടിയിറിങ്ങിയത്. കേന്ദ്ര- സംസ്ഥാന സര്‍വീസിലായിരിക്കെ ഒട്ടേറെ നിര്‍ണായകമായ പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം ലോകശ്രദ്ധ നേടി.
പിരിയുമ്പോള്‍ ഗുജറാത്ത് വഡോദരയിലെ പെസോയില്‍ ജോ. ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലൊസീവ്സ് ആയിരുന്നു. കൊവിഡ് കാലത്ത് ജീവവായു ഉറപ്പാക്കാന്‍ അദ്ദേഹം സ്വയം മുന്‍കൈ എടുത്തു നടത്തിയ ഓക്സിജന്‍ വിതരണ സംവിധാനങ്ങള്‍ ലോകം ശ്രദ്ധിച്ചു. സ്വകാര്യ ആശുപത്രികളെയും സ്ഥാപനങ്ങളേയും ഒരു ശൃംഖലയാക്കി അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മറ്റു രാജ്യങ്ങള്‍ക്കും മാതൃകയായി.
കേരളത്തില്‍ കൊച്ചി മരടിലെ അനധികൃത ഫ്ളാറ്റു സമുച്ചയം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ നിയന്ത്രണവും മേല്‍നോട്ടവും വഹിച്ചത് വേണുഗോപാലായിരുന്നു. 16 വര്‍ഷം പ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് സുരക്ഷാ ചുമതല വേണുഗോപാലിനായിരുന്നു. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്റെ കാരണം അന്വേഷിക്കുന്ന കമ്മിറ്റിയില്‍ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായി. സ്ഫോടന നിയന്ത്രണ നിയമം നിര്‍മിക്കാനും ബോധവല്കരിക്കാനും വിവിധ മാധ്യമങ്ങളില്‍ അഭിപ്രായവും കാഴ്ചപ്പാട് പങ്കിടാനും അദ്ദേഹം വഹിച്ച പങ്ക് വലുതാണ്.
പന്തളം സ്വദേശിയായ അദ്ദേഹം കെമിക്കല്‍ എഞ്ചിനീയറിങ്ങിലാണ് ഡോക്ടറേറ്റ് എടുത്തിട്ടുള്ളത്. ഭാര്യ ഡോ. സജിതാ നായര്‍ കൊച്ചി അമൃതാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പീഡിയാട്രിക് പ്രൊഫസറാണ്. മകള്‍ യുഎസില്‍ പഠിക്കുന്നു. വിരമിച്ചാലും ജനങ്ങളെ ബോധവല്കരിക്കാനും സര്‍ക്കാരുകള്‍ക്ക് ആവശ്യമെങ്കില്‍ ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്കാനുമായി സജീവമായി ഉണ്ടാവുമെന്ന് ഡോ. വേണുഗോപാല്‍ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: