ന്യൂദല്‍ഹി: താന്‍ ജൂണ്‍ 2ന് വൈകീട്ട് മൂന്ന് മണിക്ക് തീഹാര്‍ ജയിലിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. ജയിലിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ ജാമ്യം നീട്ടുന്നതുള്‍പ്പെടെ എല്ലാ നിയമയുദ്ധങ്ങളും നടത്തിനോക്കിയെങ്കിലും സുപ്രീംകോടതി അപേക്ഷ തള്ളിയതോടെയാണ് തീഹാര്‍ ജയിലിലേക്കുള്ള കെജ്രിവാളിന്റെ മടങ്ങിപ്പോക്ക് അനിവാര്യമായത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സുപ്രീംകോടതി ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ താന്‍ തീഹാര്‍ ജയിലിലേക്ക് തിരിച്ചുപോകില്ലെന്ന് അരവിന്ദ് കെജ്രിവാള് വിവാദപ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടാനുള്ള അപേക്ഷ രജിസ്ട്രിയില്‍ ഉള്‍പ്പെടുത്താന്‍ വരെ തയ്യാറായില്ല എന്നത് സുപ്രീംകോടതി ഈ അപേക്ഷയെ എത്രമാത്രം വിലകുറച്ചു കാണുന്നു എന്നതിന് തെളിവായിരുന്നു. രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തിയതിന് ശേഷമേ കേസില്‍ വാദം കേള്‍ക്കാറുള്ളൂ.
ഇപ്പോള്‍ ദല്‍ഹി റൗസ് അവന്യൂ കോടതിയില്‍ രണ്ട് ജാമ്യാപേക്ഷകള്‍ വീണ്ടും അരവിന്ദ് കെജ്രിവാള് നല്‍കിയിട്ടുണ്ട്. ആരോഗ്യപരമായ ദൗര്‍ബല്യങ്ങള്‍ കണക്കിലെടുത്ത് തന്റെ ഇടക്കാലജാമ്യം നീട്ടണമെന്ന അപേക്ഷയാണ് ഇതിലൊന്ന്. ജയിലില്‍ വെച്ച് തനിക്ക് ഏഴ് കിലോ ഭാരം കുറഞ്ഞെന്നും ശരീരത്തിലെ കിറ്റോണ്‍ അളവ് കൂടിയതിനാല്‍ വൃക്കകള്‍ക്ക് തകരാറുകള്‍ സംഭവിച്ചിരിക്കാമെന്നും കെജ്രിവാള് അപേക്ഷയില്‍ പറയുന്നു. തന്റെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിച്ചിരിക്കാമെന്നും അര്‍ബുദം വരാന്‍ വരെ സാധ്യതയുണ്ടെന്നും ഇതെല്ലാം പരിശോധിക്കാന്‍ സമയം തരണമെന്നുമാണ് കെജ്രിവാള് ജാമ്യാപേക്ഷയില്‍ പറയുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസില്‍ സാധാരണ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് രണ്ടാമത്തെ അപേക്ഷ. എന്നാല്‍ മദ്യനയക്കേസില്‍ പ്രധാന റോളില്‍ കെജ്രിവാളായിരുന്നതിനാല് ജാമ്യം നല്‍കരുതെന്ന് ഇഡി നേരത്തെ വാദിച്ചിരുന്നു.
ആം ആദ്മി എംപി സ്വാതി മാലിവാളിനെ കെജ്രിവാളിന്റെ അനുയായി ബിഭവ് കുമാര്‍ തല്ലിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഈ കേസില്‍ ബിഭവ് കുമാറിനെതിരെ സ്വാതി മാലിവാള്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് പൊലീസ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ ദല്ഹികോടതി ഇപ്പോള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇതും കെജ്രിവാളിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: