Samskriti

ജ്യോതിഷ വീഥി: ദോഷമേറും അഷ്ടമ വ്യാഴം

ഏഴരശ്ശനിയും കണ്ടകശ്ശനിയും പോലെ ദോഷപ്രദമാണ് ഒരുവന്റെ ജന്മക്കൂറിന്റെ എട്ടാമിടത്തു ശനി സഞ്ചരിക്കുന്ന സമയവും.

Published by

ഗ്രഹങ്ങളുടെ തല്‍സമയ സഞ്ചാരങ്ങള്‍ മനുഷ്യജീവിതത്തെ ബാധിക്കുമെന്നാണ് ജ്യോതിഷം പറയുന്നത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ അറിയാവുന്നത് ശനിയുടെ സഞ്ചാരം മൂലം ഓരോ നക്ഷത്രക്കാര്‍ക്കും ഉണ്ടാകുന്ന ഏഴരശ്ശനി, കണ്ടകശ്ശി തുടങ്ങിയ ഗ്രഹപ്പിഴ സമയങ്ങളെക്കുറിച്ചാണ്. ഏഴരശ്ശനിയും കണ്ടകശ്ശനിയും പോലെ ദോഷപ്രദമാണ് ഒരുവന്റെ ജന്മക്കൂറിന്റെ എട്ടാമിടത്തു ശനി സഞ്ചരിക്കുന്ന സമയവും.

അഷ്ടമശ്ശനി എന്ന് അറിയപ്പെടുന്ന ഈ രണ്ടര വര്‍ഷക്കാലയളവ് വളരെ ദോഷപ്രദമാണെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം. എന്നാല്‍ അഷ്ടമശ്ശനിയേക്കാള്‍ ദോഷപ്രദമായ സമയം ജ്യോതിഷത്തില്‍ വേറെയുണ്ട്. അതാണ് വ്യാഴം ജന്മക്കൂറിന്റെ എട്ടാമിടത്തു സഞ്ചരിക്കുന്ന സമയം. അഷ്ടമ വ്യാഴം എന്ന് അറിയപ്പെടുന്ന ഈ ദോഷകാലം ഏകദേശം ഒരു വര്‍ഷം നീണ്ടു നില്‍ക്കും.

എന്താണ് അഷ്ടമ വ്യാഴം?

അഷ്ടമ വ്യാഴം എന്നത്, ജാതകത്തില്‍ ചന്ദ്രാല്‍ എട്ടാം രാശിയില്‍ വ്യാഴം സഞ്ചരിക്കുന്ന സമയമാണ്. ഇടവത്തില്‍ ആണ് ഇപ്പോള്‍ വ്യാഴം സഞ്ചരിക്കുന്നത്. അപ്പോള്‍ തുലാക്കൂറാണ് അഷ്ടമം ആയി വരിക. അതിനാല്‍ ഈ കൂറുകാര്‍ക്കാണ് അഷ്ടമ വ്യാഴം വരുന്നത്. ചിത്തിര നക്ഷത്രത്തിന്റെ അവസാന പകുതി, ചോതി, വിശാഖം നക്ഷത്രത്തിന്റെ ആദ്യമുക്കാല്‍ ഭാഗം എന്നിവയാണ് തുലാക്കൂറില്‍ വരുന്നത്. ഈ കൂറുകാര്‍ ഏറെ സൂക്ഷിക്കേണ്ട കാലമാണ് ഇപ്പോള്‍. 2025 മെയ് വരെ ഇവര്‍ക്കു അഷ്ടമത്തില്‍ വ്യാഴം തുടരും. ജാതകത്തില്‍ വ്യാഴത്തിനു ബലം കുറവാണെങ്കിലോ, അനുഭവിക്കുന്ന ദശാ കാലഘട്ടം മോശമാണെങ്കിലോ അഷ്ടമം വ്യാഴം കടുത്ത ദുരിതം വിതയ്‌ക്കും.

ദോഷങ്ങള്‍ ഇങ്ങനെ

ഗൃഹച്ഛിദ്രം, ദമ്പതീകലഹം, ബന്ധുമരണം, മക്കള്‍ക്കും തനിക്കുതന്നെയും ആപത്ത്, അകാരണ ഭയം എന്നിവയൊക്കെ അഷ്ടമ വ്യാഴത്തില്‍ ഉണ്ടാകും. ഇതര ഗ്രഹങ്ങള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേകതയും വ്യാഴത്തിന് ഉണ്ട്. ചാരസഞ്ചാരത്തില്‍ ലഗ്നാലും ഗുണദോഷ ഫലങ്ങള്‍ നല്‍കാന്‍ വ്യാഴം ശക്തനാണ് എന്നതാണ് ഇത്. അതിനാല്‍ മറ്റു നക്ഷത്രങ്ങളില്‍ ജനിച്ച തുലാം ലഗ്നക്കാരായവര്‍ക്കും ഈ സമയം ദോഷപ്രദമായിരിക്കും.

പരിഹാരം എന്തൊക്കെ

എന്നാല്‍ വ്യാഴാഴ്ച ദിവസം ദക്ഷിണാമൂര്‍ത്തി മന്ത്രത്താല്‍ ശിവഭജനം നടത്തുക. വ്യാഴാഴ്ച ശിവക്ഷേത്രത്തില്‍ പോയി കൂവളത്തില മാല സമര്‍പ്പിക്കുക. 41 ദിവസം പൂജ ചെയ്‌തെടുത്ത മഹാമൃത്യുജ്ഞയ യന്ത്രം ധരിക്കുക എന്നിവയൊക്കെയാണ് അഷ്ടമ വ്യാഴത്തിനുള്ള പരിഹാരങ്ങള്‍. തമിഴ്‌നാട്ടിലെ കുംഭകോണത്തിന് അടുത്തുള്ള ആലുങ്കുടി ഗുരു ഭഗവാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി യഥാശക്തി വഴിപാടു നടത്തുന്നതും ദോഷകാഠിന്യം കുറയാന്‍ സഹായിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Astrology