Samskriti

അതിസൂക്ഷ്മമായി വിശ്വരൂപം പ്രകടമാക്കുന്ന ബ്രഹ്മം

ഒരണുവിനെ അതിന്റെ അവസാനഘട്ടത്തില്‍നിന്നും വേര്‍പെടുത്താനൊ, പുതുതായി സംയോജിപ്പിക്കാനൊ തുടങ്ങിയാല്‍ അവയിലടങ്ങിയതൊ ആവശ്യമുള്ളതൊ ആയ ശക്തിസ്വരൂപം താങ്ങാനാവാത്ത വിധം പ്രസരിക്കുന്നതിന്റെ പ്രത്യാഘാതം പ്രപഞ്ചത്തിനു താങ്ങാവുന്നതിലും പതിമടങ്ങായിരിക്കും.

Published by

ബ്രഹ്മാണ്ഡം ചുരുങ്ങിച്ചുരുങ്ങി ഒരു ബ്രഹ്മകണത്തില്‍ എത്തുമ്പോഴുള്ള അവസ്ഥ ബ്രഹ്മാണ്ഡതത്ത്വത്തില്‍ തന്നെ അധിഷ്ഠിതമായിരിക്കും. അതായത് യാതൊരെത്തുംപിടിയും കിട്ടാത്ത അവസ്ഥ! എത്രത്തോളം ചുരുങ്ങാമോ അത്രത്തോളം ചുരുങ്ങി ഗോചരപ്രാപ്തമല്ലാത്ത അവസ്ഥയിലും സ്വതന്ത്രവും അപ്രമേയവും ആയി നിലനില്‍ക്കുന്ന അവസ്ഥ! എത്ര പിന്നിലേക്കു പോയി നിരീക്ഷിച്ചാലും അതിന്റെ തനതായ ഉഗ്രതാണ്ഡവം ദര്‍ശിക്കാം, അനുഭവിക്കാം. നാം ഇന്നു സൂക്ഷ്മരൂപിയായി അറിയുന്ന പ്രപഞ്ചവ്യാപിയായ അണുഘടന(ആറ്റം), അതിഭീകരമായ അതിലെ ഘടകങ്ങളെ ഒന്നിപ്പിച്ച് നിരുപദ്രവമായിനിലനിര്‍ത്തുന്നതായ ഒരു ശക്തി സ്രോതസ്! ഓരോ അണുഘടനയിലും അന്തര്‍ലീനമായ പൊരുള്‍ അതിന്റെ സംഹാരഭാവം ആണെന്നാണു നാം മനസിലാക്കേണ്ടത്.

ഒരണുവിനെ അതിന്റെ അവസാനഘട്ടത്തില്‍നിന്നും വേര്‍പെടുത്താനൊ, പുതുതായി സംയോജിപ്പിക്കാനൊ തുടങ്ങിയാല്‍ അവയിലടങ്ങിയതൊ ആവശ്യമുള്ളതൊ ആയ ശക്തിസ്വരൂപം താങ്ങാനാവാത്ത വിധം പ്രസരിക്കുന്നതിന്റെ പ്രത്യാഘാതം പ്രപഞ്ചത്തിനു താങ്ങാവുന്നതിലും പതിമടങ്ങായിരിക്കും. ഈ ശക്തിസ്രോതസ്സിനെ കടിഞ്ഞാണിട്ട് പ്രപഞ്ചമായിമാറ്റുന്ന ശക്തി വിശേഷമാണ് ബ്രഹ്മം. അതാണു പുരാണം പറയുന്ന തൂണിലും തുരുമ്പിലും സകലത്തിലും വസിക്കുന്ന ശക്തി. മുന്‍പറഞ്ഞ അണുവിനെ ഒന്നു വേര്‍പെടുത്തിയതിന്റെ പ്രത്യാഘാതമാണ് ഹിരോഷിമായിലും നാഗസാക്കിയിലും നാം വീക്ഷിച്ച അണുബോംബ് സ്‌ഫോടനം. യുറേനിയം ആറ്റത്തെ(അണുവിനെ) സാങ്കേതിക സഹായത്തോടെ ഒന്നു വിഭജിപ്പിച്ചു(ന്യൂക്ലിയര്‍ ഫിഷന്‍). പിന്നീട് ഹൈഡ്രജന്‍ ആറ്റത്തെ ഒന്നു സംയോജിപ്പിച്ചു(ന്യൂക്ലിയര്‍ ഫ്യൂഷന്‍). ഒന്നില്‍ നിന്നും തുറന്നുവിട്ടതും ഒന്നിലേക്ക് കയറ്റി വിട്ടതുമായ അഭൗമമായ ഊര്‍ജ്ജം നിയന്ത്രണമില്ലാതെ പുറത്തേക്കുവന്നാലുള്ള അവസ്ഥ ഈ രണ്ടിലും നാം കണ്ടു!

ബ്രഹ്മാണ്ഡത്തിലെ നിശബ്ദാവസ്ഥയില്‍ അടക്കം ചെയ്ത ഊര്‍ജ്ജത്തെ അപ്പാടെ തുറന്നുവിട്ടാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ. സൂര്യനിലെ ഹീലിയം ആറ്റത്തിന്റെ വിഘടനമാണ് ഇന്നു നമുക്കു സംജാതമാകുന്ന ഊര്‍ജ്ജം. ആ വിഘടനമാവട്ടെ പ്രപഞ്ചശക്തിയുടെ പിഴവില്ലാത്ത നിയന്ത്രണത്തില്‍ ആണെന്നുമാത്രം. ബ്രഹ്മകണങ്ങളാകുന്ന മൂലകങ്ങളെ വിവിധ അനുപാതത്തില്‍ കൂട്ടിയിണക്കി സൃഷ്ടി നടത്തി ആ സൃഷ്ടിയാല്‍ ബ്രഹ്മകര്‍മ്മവും സൃഷ്ടികര്‍മ്മവും ഒരേ വിധം പ്രാപ്തമാക്കി ഊര്‍ജ്ജമാകുന്ന ബ്രഹ്മം സ്വയം വിഹരിക്കുന്നു. ആ ബ്രഹ്മത്തിന്റെ വിഹാരവേദിയാണ് ഈ ബ്രഹ്മാണ്ഡം മുഴുവനും. ഇവിടെ നാം കാണുന്ന ചരാചരങ്ങളെല്ലാം ഈ മൂലകാവസ്ഥയാല്‍ പൂരിതമാണ്. വേര്‍തിരിച്ചും അല്ലാതെയും അവ സ്വതന്ത്രമാകുകയും മറ്റൊന്നിനായി കൂടിച്ചേരുകയും ചെയ്യും. ഈ കൂടിച്ചേരലുകളിലേക്ക് തന്റെ ആദേശം മറ്റൊരു വിധേന കൂട്ടിയിണക്കി പ്രവര്‍ത്തന വിധേയമാക്കും. അപ്പോഴും സംഭരണോര്‍ജ്ജമായ മൂലകണങ്ങളിലെ ഊര്‍ജ്ജം ഒട്ടുംതന്നെ ഉപയോഗിക്കാതെ പുറമേ ഊര്‍ജ്ജം പ്രദാനം ചെയ്തുകൊണ്ടിരിക്കും. അതിനായി ഊര്‍ജ്ജ സ്രോതസ്സുകളായ നക്ഷത്രങ്ങളെ ഉപയോഗപ്പെടുത്തും. അതിനാല്‍ കാലക്രമേണ നക്ഷത്രങ്ങള്‍ നശിക്കുകയും ചെയ്യും.

ഇപ്രകാരം നശിക്കുമ്പോള്‍ പ്രസരണം ചെയ്യപ്പെട്ട ഊര്‍ജ്ജത്തിന് (ബ്രഹ്മത്തിന്) നാശംവരായ്കയാല്‍ ഇവയെല്ലാം കൂടിച്ചേര്‍ന്ന് മറ്റൊരു സ്രോതസ് സംജാതമായി സന്തുലിതാവസ്ഥ നഷ്ടപ്പെടാതെ കാലാന്തരേ പുതിയതൊന്ന് രൂപപ്പെടും. രൂപപ്പെടലും ക്ഷയിക്കലും ചരാചരങ്ങളിലെന്നപോലെ ബ്രഹ്മാണ്ഡത്തിനും ബാധകമാകുന്നു. എന്നാല്‍ ബ്രഹ്മം നിത്യമാണ്. പ്രപഞ്ചത്തില്‍ പൂരിതമായ ഈ മൂലകങ്ങളെ എല്ലായിടത്തുനിന്നും സ്വതന്ത്രമാക്കി നിര്‍ത്തിയാല്‍ നാം ശൂന്യം എന്നുപറയും. എന്നല്‍ ശൂന്യമാണൊ? അല്ലേയല്ല. ഭഗവദ് ഗീതയില്‍ ശ്രീകൃഷ്ണഭഗവാന്‍ പറയുന്നതിന്റെ പൊരുളും ഇതാണ്!

”അവിനാശി തു തദ്വിദ്ധിയേന സര്‍വ്വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചില്‍ കര്‍ത്തൃമര്‍ഹതി.”
ഇതെല്ലാം ഏതിനാല്‍ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അത് നിശ്ചയമായും നാശമില്ലാത്തത് എന്നറിഞ്ഞാലും. ഈ നാശമില്ലാത്ത വസ്തുവിന് നാശത്തെ ചെയ്യുന്നതിന് ആരും സമര്‍ത്ഥരല്ല.

എന്നാല്‍ കഥാരൂപേണ വിഷയത്തെ ഗ്രഹിച്ചാല്‍ സംശയം വരാം. എപ്പോഴും മൂല്യം നിഗൂഢമായിരിക്കും. പ്രപഞ്ചത്തില്‍ ദര്‍ശനീയമാകുന്ന ഓരോ അവസ്ഥയും ബ്രഹ്മത്തിന് ഉള്‍ക്കൊള്ളാന്‍ പാകത്തിനും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു മാറാനും ബ്രഹ്മനിശ്ചയം പ്രാവര്‍ത്തികമാക്കാന്‍ പാകത്തിനുമാണ്. ഇവിടെ ഒരു സൃഷ്ടിയും സ്വമേധയാ ഒന്നും ചെയ്യില്ല, ചെയ്യാനും ആവില്ല. ഓരോ സൃഷ്ടിയിലേക്കും ആവശ്യാനുസരണം ഒഴുകിയെത്തുന്ന നിര്‍ദ്ദേശം സ്വീകരിച്ചാണ് ഓരോ കര്‍മ്മവും സംഭവിക്കുക. ഒരു സൃഷ്ടിയുടെ കര്‍മ്മകാലയളവില്‍ വിളംബം വന്നാല്‍ പുനരാവിഷ്‌കാരം സംഭവിക്കും. അത് ബാക്കി കര്‍മ്മത്തിന് അടിസ്ഥാനമായും അതിന് ആവശ്യമായ രൂപത്തിലുമാവും. നാമതിനെ പുനര്‍ജ്ജന്മം എന്നു പറയും. ഇത്തരത്തില്‍ ബ്രഹ്മം അതിന്റെ ക്രിയ ഉല്ലാസമായി നടത്തിക്കൊണ്ടിരിക്കും. അതു പലവഴിയേ അരൂപികളായും സ്വരൂപികളായും പലഘട്ടമായി അന്തമില്ലാതെ തുടരും. കര്‍മ്മത്തിന് അനുസരിച്ച് ഘടനപോലും കാലാകാലം മാറ്റിക്കളയും. നാമതിനെ പരിണാമം എന്നു കരുതി ആശ്വസിക്കും.

ഇവിടെ വിസ്തരിച്ചവ എല്ലാം ബ്രഹ്മപ്രേരണയാല്‍ ആണ് നടപ്പാകുന്നതെങ്കിലും ഇതു നടപ്പാക്കുന്ന രീതിയും തലങ്ങളും ആണ് ഋഷിമാര്‍ വേദ, പുരാണ, ഇതിഹാസങ്ങളിലൂടെ വ്യക്തമാക്കുന്നത്. ഈ ബൃഹത്തായ സംവിധാനം ദേവോപദേവതകളാലും മുനിമാരാലും ഋഷിമാരാലും തുടങ്ങി സകല ചരാചരങ്ങളും ഭാഗഭാക്കാകുന്നതും ചിന്തിക്കേണ്ടതുമായ വിഷയമാണ്. ഇവ്വിധം ഒരു മഹാ സംവിധാനമാണ് ഈ പ്രപഞ്ചസൃഷ്ടി നടത്തിപ്പോകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Galaxy