ന്യൂദല്‍ഹി: ദല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ വിമാനം വൈകിയതിന് എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. വിമാനം 24 മണിക്കൂറായിട്ടും പുറപ്പെടാത്ത സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ ദുരിതം കുറയ്‌ക്കാൻ ആവശ്യമായ നടപടികൾ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാൻ എയർ ഇന്ത്യയോട് ഡിജിസിഎ ആവശ്യപ്പെട്ടു. മറുപടി നൽകാൻ മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ദല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. വിമാനത്തില്‍ യാത്രക്കാരെ കയറ്റിയെങ്കിലും ഇതിനുള്ളിലെ എസി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് പല യാത്രക്കാരും കുഴഞ്ഞു വീണിരുന്നു. ഇതോടെ യാത്രക്കാരെ പുറത്തിറക്കി ഹോട്ടലിലേക്ക് മാറ്റി. സംഭവത്തില്‍ യാത്രക്കാര്‍ പലരും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇവരില്‍ ചിലര്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ ടാഗ് ചെയ്തുകൊണ്ടാണ് ഇക്കാര്യം എക്‌സില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് നടപടി.
അതേസമയം ഇന്ന് വൈകുന്നേരം മൂന്നിന് വിമാനം പുറപ്പെടുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സാങ്കേതിക കാരണങ്ങളാല്‍ വിമാനംവൈകിയെന്നായിരുന്നു എയര്‍ ഇന്ത്യ അറിയിച്ചത്. പ്രശ്‌നം പരിഹരിച്ചപ്പോള്‍ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുമുണ്ടായെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: