ന്യൂദൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു. വിദേശത്തെ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിന്റെ ഏകദേശം നാലിൽ ഒരു ഭാഗമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 1991ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.
ധനകാര്യ മന്ത്രാലയം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ എന്നിവ സംയുക്തമായി പ്രവര്‍ത്തിച്ചാണ് സ്വര്‍ണം എത്തിച്ചത്. പ്രത്യേക വിമാനത്തില്‍ കനത്ത സുരക്ഷയില്‍ എത്തിച്ച സ്വര്‍ണം മുംബൈയിലെ റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ ലോക്കറിലും നാഗ്പൂരിലും ആണ് സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്വത്ത് എന്ന നിലയില്‍ കസ്റ്റംസ് തിരുവ പൂര്‍ണ്ണമായും കേന്ദ്രം ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തുന്ന ജിഎസ്ടിയില്‍ ഇളവ് അനുവദിച്ചില്ല. ഈ നികുതി വിഹിതം വിവിധ സംസ്ഥാനങ്ങളും ആയി കേന്ദ്രം പങ്കുവെക്കുന്നതാണ്. അതിനാലാണ് നികുതി ഇളവ് നല്‍കാത്തത്.
വരും വർഷങ്ങളിൽ സമാനമായ അളവിൽ സ്വർണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ വൃത്തങ്ങൾ സൂചന നൽകി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് അവസാനം ആർബിഐയുടെ പക്കൽ 822.1 ടൺ സ്വർണമാണ് ഉണ്ടായിരുന്നത്. അതിൽ 413.8 ടൺ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 27.5 ടൺ സ്വർണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി.
ഒട്ടുമിക്ക സെൻട്രൽ ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആർബിഐ വാങ്ങുന്ന സ്വര്‍ണത്തിന്റെ സ്റ്റോക്ക് വിദേശത്ത് വർധിക്കുന്നതിനാൽ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. 15 വർഷം മുമ്പ് അന്താരാഷ്‌ട്ര നാണയ നിധിയിൽ നിന്ന് ആര്‍ബിഐ 200 ടൺ സ്വർണ്ണം വാങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സ്വര്‍ണ നിക്ഷേപത്തില്‍ വർധനവ് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: