ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ പ്രജ്വലിനെ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ നീക്കം. പ്രജ്വല്‍ രേവണ്ണ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിലാണ് നടപടി. അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും ശനിയാഴ്ച വാദം കേള്‍ക്കാമെന്നും അറിയിച്ചാണ് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ ഹര്‍ജി പരിഗണിച്ചത്. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് വ്യാഴാഴ്ച ഉച്ചക്ക് 12.30നുള്ള ലുഫ്താന്‍സ എയര്‍ വിമാനത്തിലാണ് പ്രജ്വല്‍ എത്തുന്നത്.
ഹര്‍ജിയില്‍ മറുപടി നല്കാന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കൂടുതല്‍ സമയം ചോദിച്ചു. ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് പ്രജ്വലിന്റെ അഭിഭാഷകന് അഭ്യര്‍ത്ഥിച്ചെങ്കിലും അടിയന്തരമായി കേസ് പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മെയ് 31നു മാത്രമേ കേസ് പരിഗണിക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മെയ് 31ന് പുലര്‍ച്ചെ ജര്‍മനിയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിച്ചേരുന്ന പ്രജ്വലിന്റെ അറസ്റ്റ് ഉറപ്പായി കഴിഞ്ഞതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മ്യുണിക്കില്‍ നിന്ന് പുറപ്പെടുന്ന ലുഫ്താന്‍സ വിമാനത്തിലാണ് പ്രജ്വല്‍ ടിക്കറ്റെടുത്തത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രജ്വലിനെ അറസ്റ്റ് ചെയ്ത് പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഒരുക്കങ്ങളും അന്വേഷണ സംഘം നടത്തിക്കഴിഞ്ഞു. പ്രജ്വല്‍ വീണ്ടും രക്ഷപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികളും പ്രത്യേക അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ട്.
വിമാനമിറങ്ങിയ ഉടന്‍ പ്രജ്വലിനെ പിടികൂടി പുറത്തേക്കു കടക്കാനാണ് എസ്ഐടി സംഘം തീരുമാനിച്ചിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയ്ക്ക് രാജ്യത്തെ മറ്റു വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. കഴിഞ്ഞ ഏപ്രില്‍ 27ന് ആയിരുന്നു പ്രജ്വല്‍ ജര്‍മനിയിലേക്ക് പോയത്. മുന്‍കൂട്ടി തീരുമാനിച്ചപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. എന്നാല്‍ ഇതിനിടെയാണ് പ്രജ്വലിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പ്രജ്വലിനെതിരെ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും പ്രജ്വലിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: